നൂറാം ടെസ്റ്റില്‍ പൂജാര 'പൂജ്യന്‍', മൂന്ന് വിക്കറ്റ് നഷ്ടം; നേഥന്‍ ലിയോണിന് മുന്നില്‍ മുട്ടിടിച്ച് ഇന്ത്യ

Published : Feb 18, 2023, 10:48 AM IST
 നൂറാം ടെസ്റ്റില്‍ പൂജാര 'പൂജ്യന്‍', മൂന്ന് വിക്കറ്റ് നഷ്ടം; നേഥന്‍ ലിയോണിന് മുന്നില്‍ മുട്ടിടിച്ച് ഇന്ത്യ

Synopsis

രണ്ടാം ദിനം തുടക്കത്തില്‍ ആദ്യ അരമണിക്കൂര്‍ അപകടമൊന്നുമില്ലാതെ പിടിച്ചു നിന്ന ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ എല്‍ രാഹുലും ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിക്കുമെന്ന് കരുതിയെങ്കിലും സ്കോര്‍ 46ല്‍ നില്‍ക്കെ കെ എല്‍ രാഹുലിനെ നേഥന്‍ ലിയോണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യയുടെ തകര്‍ച്ച തുടങ്ങി.

ദില്ലി: ഓസ്ട്രേലിയക്കെതിരായ ദില്ലി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ഓപ്പണര്‍മാരായ കെ എല്‍ രാഹുലിനെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും നൂറാം ടെസ്റ്റ് കളിക്കുന്ന ചേതേശ്വര്‍ പൂജാരയെയുമാണ് രണ്ടാം ദിനം ആദ്യ മണിക്കൂറില്‍ ഇന്ത്യക്ക് നഷ്ടമായത്.

രണ്ടാം ദിനം തുടക്കത്തില്‍ ആദ്യ അരമണിക്കൂര്‍ അപകടമൊന്നുമില്ലാതെ പിടിച്ചു നിന്ന ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ എല്‍ രാഹുലും ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിക്കുമെന്ന് കരുതിയെങ്കിലും സ്കോര്‍ 46ല്‍ നില്‍ക്കെ കെ എല്‍ രാഹുലിനെ നേഥന്‍ ലിയോണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യയുടെ തകര്‍ച്ച തുടങ്ങി.

17 റണ്‍സെടുത്ത രാഹുല്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. രാഹുല്‍ മടങ്ങിയതോടെ നൂറാം ടെസ്റ്റ് കളിക്കുന്ന ചേതേശ്വര്‍ പൂജാര ക്രീസിലെത്തി. നേരിട്ട രണ്ടാം പന്തില്‍ തന്നെ ശക്തമായ എല്‍ബിഡബ്ല്യു അപ്പീലില്‍ നിന്ന് പൂജാര രക്ഷപ്പെട്ടു. ഓസ്ട്രേലിയ റിവ്യു എടുക്കാത്തതിനാല്‍ മാത്രം പുറത്താവാതിരുന്ന പൂജാര രക്ഷപ്പെട്ടു.

15 വര്‍ഷമായി ഐപിഎല്ലില്‍ കളിക്കുന്നു എന്നിട്ടും; വാര്‍ണര്‍ക്കെതിരെ തുറന്നടിച്ച് ഗംഭീര്‍

തൊട്ടുപിന്നാലെ കുനെമാനെതിരെ ബൗണ്ടറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ(32) അടുത്ത ഓവറില്‍ ലിയോണ്‍ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഇന്ത്യ ഞെട്ടി. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന രോഹിത്തിനെ പിച്ചിലെ ലോ ബൗണ്‍സ് ചതിച്ചു.  അതേ ഓവറില്‍ പൂജാരക്കെതിരെ വീണ്ടുമൊരു എല്‍ബിഡബ്ല്യു അപ്പീല്‍. ഓണ്‍ ഫീല്‍ഡ് അമ്പയര്‍ നിഷേധിച്ചെങ്കിലും ഓസ്ട്രേലിയ റിവ്യു എടുത്തു.

മൂന്നാം അമ്പയര്‍ ഔട്ട് വിധിച്ചതോടെ നൂറാം ടെസ്റ്റില്‍ പൂജാര പൂജ്യനായി മടങ്ങി. 46-0ല്‍ നിന്ന് ഇന്ത്യ 54-3ലേക്ക് വീഴുകയും ചെയ്തു. 16 പന്തുകളുടെ ഇടവേളയിലാണ് ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത്. മൂന്ന് വിക്കറ്റും വീഴ്ത്തിയതാകട്ടെ നേഥന്‍ ലിയോണായിരുന്നു.

PREV
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ