പന്ത് വേഗത്തിലെറിയണോ, പതുക്കെ വേണോ; ഇന്ത്യന്‍ സ്‌പിന്നര്‍ക്ക് സംശയമെന്ന് കൈഫിന്‍റെ വിമര്‍ശനം

By Jomit JoseFirst Published Aug 21, 2022, 7:57 PM IST
Highlights

ആദ്യ ഏകദിനത്തില്‍ 10 ഓവറും എറിഞ്ഞപ്പോള്‍ 36 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. പക്ഷേ താരത്തിന് വിക്കറ്റൊന്നും ലഭിച്ചില്ല

ഹരാരെ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയില്‍ വിക്കറ്റ് എടുക്കാന്‍ പാടുപെടുന്ന ഇന്ത്യന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവിനെ വിമര്‍ശിച്ച് മുന്‍താരം മുഹമ്മദ് കൈഫ്. പന്തിന് വേഗം വേണോ വേണ്ടയോ എന്ന കാര്യത്തില്‍ കുല്‍ദീപിന് കുറച്ച് സംശയമുണ്ട് എന്നാണ് കൈഫിന്‍റെ വാക്കുകള്‍. 

'വേഗത്തില്‍ എറിയണോ സാവധാനം വേണോ എന്ന കാര്യത്തില്‍ കുല്‍ദീപ് യാദവിന് അല്‍പം ആശയക്കുഴപ്പമുണ്ട്. വേഗത്തില്‍ പന്തെറിയണം എന്ന പുതിയ രീതി അയാള്‍ പ്രകടിപ്പിക്കുന്നുണ്ട്. 90 കിലോമീറ്റര്‍ വേഗം സൂക്ഷിക്കാന്‍ ശ്രമിക്കുന്നു. ഷോട്ട് പിച്ച് പന്തുകള്‍ എറിയുമ്പോള്‍ വില്യംസ് പുള്‍ ഷോട്ടുകള്‍ കളിച്ചു. പന്ത് ഫ്ലൈറ്റ് ചെയ്തപ്പോള്‍ ഡ്രൈവ് ഷോട്ടുകളും. കുറച്ചേറെ റണ്‍സ് വഴങ്ങിയാണ് കുല്‍ദീപ് പന്തെറിഞ്ഞത്. രണ്ടാം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ ബൗളറായി. എട്ട് ഓവറില്‍ 49 റണ്‍സ് വിട്ടുകൊടുത്തു. മികച്ച താരമായ സിക്കന്ദര്‍ റാസയുടെ വമ്പന്‍ വിക്കറ്റ് നേടാനായി. എന്നാലൊരു റിട്ടേണ്‍ ക്യാച്ച് പാഴാക്കി. അത് അദ്ദേഹത്തെ കുറച്ച് നിരാശനാക്കി. വെസ്റ്റ് ഇന്‍ഡീസില്‍ താരം നന്നായി പന്തെറിഞ്ഞിരുന്നു. കൂടുതല്‍ മത്സരങ്ങള്‍ കളിച്ചാല്‍ പ്രകടനം മെച്ചപ്പെടും. സ്ഥിരം മത്സരങ്ങള്‍ കുല്‍ദീപിന് ലഭിച്ചിരുന്നില്ല' എന്നും മുഹമ്മദ് കൈഫ് സോണി സ്‌പോര്‍ട്‌സിലെ ചര്‍ച്ചയില്‍ പറഞ്ഞു. 

സിംബാബ്‌വെ പര്യടനത്തില്‍ ആദ്യ രണ്ട് ഏകദിനങ്ങളും കളിച്ചിരുന്നു കുല്‍ദീപ് യാദവ്. ആദ്യ ഏകദിനത്തില്‍ 10 ഓവറും എറിഞ്ഞപ്പോള്‍ 36 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. പക്ഷേ വിക്കറ്റൊന്നും ലഭിച്ചില്ല. രണ്ടാം ഏകദിനത്തില്‍ എട്ട് ഓവറില്‍ 49 റണ്‍സ് വിട്ടുകൊടുത്ത് നേടിയത് സിക്കന്ദര്‍ റാസയുടെ ഒരു വിക്കറ്റും. ഇതിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ അഞ്ചാം ടി20യില്‍ നാല് ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ ശേഷമാണ് കുല്‍ദീപിന്‍റെ ഉന്നം പിഴയ്‌ക്കുന്നത്. 

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര തൂത്തുവാരാന്‍ ടീം ഇന്ത്യ നാളെ ഹരാരെയില്‍ ഇറങ്ങും. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ഏകദിനത്തില്‍ കുല്‍ദീപ് യാദവ് കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹരാരെ സ്പോര്‍ട്‌സ് ക്ലബില്‍ ഇന്ത്യന്‍സമയം ഉച്ചയ്‌ക്ക് 12.45നാണ് മത്സരം തുടങ്ങുക. 

ദീപക് ചാഹര്‍ എന്തുകൊണ്ട് രണ്ടാം ഏകദിനം കളിച്ചില്ല? ഒടുവിലാ സത്യം പുറത്ത്

click me!