
മൊഹാലി: ഐപിഎല്‍ 2025ലെ ഒന്നാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ വിക്കറ്റ് വലിച്ചെറിഞ്ഞ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കെതിരെ പൊട്ടിത്തെറിച്ച് ഓസീസ് മുന്‍ താരം ടോം മൂഡി. ഈഗോ കീശയില്‍ വച്ച് മാത്രം ശ്രേയസ് കളത്തിലിറങ്ങിയാല്‍ മതിയെന്നാണ് മൂഡിയുടെ ഉപദേശം. സാഹചര്യം മനസിലാക്കാതെ കളിക്കുന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമായിപ്പോയി ശ്രേയസ് അയ്യരുടെ വിക്കറ്റ് എന്നും ടോം മൂഡി വിമര്‍ശിച്ചു. ടി20യില്‍ ശ്രേയസ് അയ്യരെ നാലുവട്ടം പുറത്താക്കി മികച്ച റെക്കോര്‍ഡുള്ള താരമാണ് ഓസ്ട്രേലിയന്‍ പേസറായ ജോഷ് ഹേസല്‍വുഡ്.
'സ്വന്തം ഈഗോ കീശയില്‍വച്ച് കളിക്കേണ്ട സാഹചര്യങ്ങള്‍ ക്രിക്കറ്റിലുണ്ടാകും. സാഹചര്യം മനസിലാക്കാതെ കളിക്കുന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ശ്രേയസ് അയ്യരുടെ വിക്കറ്റ്. ജോഷ് ഹേസല്‍വുഡിന്‍റെ ആദ്യ പന്തില്‍ ശ്രേയസ് കളിക്കാന്‍ ശ്രമിച്ചെങ്കിലും മിസ്സായി. ഹേസല്‍വുഡ് എറിയുമെന്ന് പ്രതീക്ഷിക്കേണ്ട പെര്‍ഫെക്ട് ലൈനാണത്. മൂന്നാം ബോളില്‍ ശ്രേയസ് പുറത്താവുകയും ചെയ്തു. അത്തരമൊരു ഷോട്ട് ശ്രമം അവിടെ ആവശ്യമുണ്ടായിരുന്നില്ല. ഹേസല്‍വുഡ് മുമ്പ് പലവട്ടവും തന്നെ പുറത്താക്കിയതെങ്കിലും ശ്രേയസ് ഓര്‍ക്കണമായിരുന്നു. എത്ര തവണ ഹേസല്‍വുഡ് മടക്കിയെന്ന് ശ്രേയസിന് കൃത്യമായി നമ്പര്‍ അറിയാം. ഗെയിം സാഹചര്യവും തന്‍റെ അവസ്ഥയും മനസിലാക്കുന്നതില്‍ ശ്രേയസ് പൂര്‍ണമായും പരാജയപ്പെട്ടു' എന്നും ടോം മൂഡി ഇഎസ്‌പിഎന്‍ക്രിക്‌ഇന്‍ഫോയിലെ ടൈംഔട്ടിനിടെ കൂട്ടിച്ചേര്‍ത്തു.
ക്വാളിഫയര്‍ 1-ല്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സ് 14.1 ഓവറില്‍ വെറും 101 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ ഏറ്റവും ദയനീയമായ വിക്കറ്റ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെതായിരുന്നു. ഫോമിലുള്ള ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയെയും പ്രഭ്‌സിമ്രാന്‍ സിംഗിനെയും പഞ്ചാബിന് 27 റണ്‍സിനിടെ നഷ്ടമായപ്പോള്‍ നാലാമനായി ക്രീസിലെത്തിയ ശ്രേയസ്, ഹേസല്‍വുഡിനെതിരെ അനാവശ്യമായി സ്റ്റെപ്ഔട്ട് ചെയ്ത് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. പഞ്ചാബ് ഇന്നിംഗ്സിലെ നാലാം ഓവറിലെ നാലാം പന്തില്‍ ഹേസല്‍വുഡിനെതിരെ ശ്രേയസ് സ്റ്റംപ്ഔട്ട് ചെയ്തപ്പോള്‍ പന്ത് എഡ്ജായി വിക്കറ്റിന് പിന്നില്‍ ജിതേഷ് ശര്‍മ്മയുടെ കൈകളിലെത്തി. ശ്രേയസ് മൂന്ന് പന്തില്‍ രണ്ട് റണ്‍സേ നേടിയുള്ളൂ. ഇതോടെ 30-3 എന്ന നിലയില്‍ പതറിയ പഞ്ചാബ് കിംഗ്സിന്‍റെ ഇന്നിംഗ്സ് 101 റണ്‍സില്‍ അവസാനിച്ചു. 17 പന്തില്‍ 26 നേടിയ മാര്‍ക്കസ് സ്റ്റോയിനിസും 12 പന്തില്‍ 18 റണ്‍സെടുത്ത അസ്മത്തുള്ളയും മാത്രമാണ് പിന്നീട് രണ്ടക്കം കണ്ടത്. ആര്‍സിബിക്കായി ജോഷ് ഹേസല്‍വുഡും സുയാഷ് ശര്‍മ്മയും മൂന്ന് വീതവും, യാഷ് ദയാല്‍ രണ്ടും വിക്കറ്റുമായി തിളങ്ങി.
മറുപടി ബാറ്റിംഗില്‍ 10 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു വമ്പന്‍ ജയത്തോടെ ഫൈനലിലെത്തി. വിരാട് കോലി (12 പന്തില്‍ 12), മായങ്ക് അഗര്‍വാള്‍ (13 പന്തില്‍ 19) എന്നിവരുടെ വിക്കറ്റുകളാണ് ആര്‍സിബിക്ക് നഷ്ടമായത്. അതേസമയം ഓപ്പണര്‍ ഫിലിപ് സാള്‍ട്ടും (27 പന്തില്‍ 56*), ക്യാപ്റ്റന്‍ രജത് പാടിദാറും (8 പന്തില്‍ 15*) അറുപത് പന്തുകള്‍ ബാക്കിനില്‍ക്കേ ആര്‍സിബിക്ക് എട്ട് വിക്കറ്റിന്‍റെ ജയം സമ്മാനിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം