മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് ഞാന്‍; ഭാവിയെ കുറിച്ച് ആര്‍ അശ്വിന്‍

By Web TeamFirst Published Oct 25, 2019, 6:57 PM IST
Highlights

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് ദീര്‍ഘകാലമായി പുറത്താണ് ഇന്ത്യയുടെ ടെസ്റ്റ് സ്പിന്നറായ ആര്‍ അശ്വിന്‍. 2017 ജൂലൈ 9ന് വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് അശ്വിന്‍ അവസാനമായി ഒരു ടി20 മത്സരം കളിച്ചത്.

ബംഗളൂരു: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് ദീര്‍ഘകാലമായി പുറത്താണ് ഇന്ത്യയുടെ ടെസ്റ്റ് സ്പിന്നറായ ആര്‍ അശ്വിന്‍. 2017 ജൂലൈ 9ന് വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് അശ്വിന്‍ അവസാനമായി ഒരു ടി20 മത്സരം കളിച്ചത്. പിന്നീട് കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ക്രുനാല്‍ പാണ്ഡ്യ എന്നിങ്ങനെ നിരവധി സ്പിന്നര്‍മാരെ ഇന്ത്യ ഉപയോഗിച്ചു. വന്നവരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തതോടെ അശ്വിന്‍ ടീമില്‍ നിന്ന് പുറത്തായി.

എന്നാല്‍ അശ്വിന്‍ പറയുന്നത്, എനിക്ക് ഇപ്പോഴും ടീമിലെ മടങ്ങിയെത്താനുള്ള അവസരമുണ്ടെന്നാണ്. അശ്വിന്‍ പറയുന്നതിങ്ങനെ... ''ചിലപ്പോള്‍ ഞാന്‍ ടി20 ക്രിക്കറ്റിലെ മികച്ച സ്പിന്നറാവണമെന്നില്ല, എന്നാല്‍ മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് ഞാന്‍. കഴിഞ്ഞ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ എനിക്കായിരുന്നു. പ്രായം ഒരു പ്രശ്‌നമായി എനിക്ക് തോന്നുന്നില്ല. ഇമ്രാന്‍ താഹിറിന് 40 വയസായി. എനിക്ക് ഇപ്പോഴും വ്യത്യസ്ത രീതികളില്‍ പന്തെറിയാന്‍ സാധിക്കുന്നുണ്ട്. പരിചയസമ്പത്തുമുണ്ട്. അതുകൊണ്ട് തന്നെ എനിക്കിപ്പോഴും പ്രതീക്ഷയുണ്ട്.'' അശ്വിന്‍ പറഞ്ഞുനിര്‍ത്തി.

ബാറ്റിങ്ങും മെച്ചപ്പെട്ടിട്ടുണ്ടെന്ന് അശ്വിന്‍ അവകാശപ്പെട്ടു. എനിക്ക് 80- 90 ശതമാനം വിക്കറ്റുകള്‍ ലഭിച്ചത് ഓഫ് സ്പിന്നിലാണെന്നും അതില്‍ തന്നെയാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതെന്നും അശ്വിന്‍ പറഞ്ഞു.

click me!