
ജയ്പൂര്‍: ഈ സീസണ്‍ ഐപിഎല്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഏകദിന ലോകകപ്പ് അടുത്തിരിക്കെ മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമെ സഞ്ജുവിന് എന്തെങ്കിലും സാധ്യതയുള്ളൂ. വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരോട് ഇന്ത്യക്ക് പരമ്പരകളുമുണ്ട്. അടുത്തിടെ ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയില്‍ നിന്ന് സഞ്ജുവിന് ഒഴിവാക്കിയത് കടുത്ത വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റിട്ടും സഞ്ജുവിനെ ഉള്‍പ്പെടുത്താന്‍ സെലക്റ്റര്‍മാര്‍ തയ്യാറായില്ല. ഏകദിനങ്ങളില്‍ മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജു പുറത്തുതന്നെ.
ഇപ്പോള്‍ താരത്തെ നിരന്തരം തഴയുന്നതില്‍ അഭിപ്രായം പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന് കീഴില്‍ കളിക്കുന്ന താരമാണ് അശ്വിന്‍. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ആരാധകര്‍ സഞ്ജുവിനെ തിരിച്ചുവിളിക്കണമെന്ന് പറയുന്നുണ്ട്. അടുത്തിടെ വസിം ജാഫറും സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ധാരാളം കമന്റുകളും എനിക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഞാനാളല്ല. ഇന്ത്യ ലോകകപ്പ് ജയിക്കണമെന്നതാണ് എന്റെ ആഗ്രഹം. അതു സംഭവിക്കുന്നതിനായി എല്ലാ പോസിറ്റീവ് വൈബുകളും നല്‍കണം. എനിക്ക് അത്തരത്തില്‍ ചിന്തിക്കാനാണ് ആഗ്രഹം.'' അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ വിശദമാക്കി.
സഞ്ജുവിന്റെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു 2022. ഏകദിനത്തില്‍ 11 മല്‍സങ്ങളില്‍ നിന്നും 66 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 330 റണ്‍സാണ് സഞ്ജു സ്‌കോര്‍ ചെയ്തു. ഇതില്‍ ഒരു തവണ മത്സരത്തിലെ താരവുമായി. ഫിനിഷറുടെ റോള്‍ വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ തനിക്കു സാധിക്കുമെന്ന് അദ്ദേഹം കാണിച്ചുതരികയും ചെയ്തു. കഴിഞ്ഞ ദിവസം സഞ്ജുവിനെ ബിസിസിഐ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തിയിരുന്നു. മലയാളി താരം ഇപ്പോഴും ടീമിന്റെ ഭാവി പദ്ധതികളുടെ ഭാഗമാമെന്ന സൂചനയാണ് ബിസിസിഐ നല്‍കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!