അശ്വിനെക്കുറിച്ച് വലിയ പ്രവചനവുമായി ഹര്‍ഭജന്‍

By Web TeamFirst Published Oct 8, 2019, 4:47 PM IST
Highlights

ഇതേ ഫോമില്‍ തുടര്‍ന്നാല്‍ അശ്വിന് ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് നേട്ടം അസാധ്യമല്ല. എന്തായാലും തന്റെ റെക്കോര്‍ഡായ 417 വിക്കറ്റുകള്‍ അശ്വിന്‍ അധികം വൈകാതെ മറികടക്കും. 500 വിക്കറ്റ് നേട്ടവും അശ്വിന്‍ സ്വന്തമാക്കും.

മുംബൈ: ആര്‍ അശ്വിന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്പിന്‍ വിഭാഗത്തിന്റെ അമരക്കാരനായപ്പോള്‍ ടീമില്‍ നിന്ന് പുറത്തായ കളിക്കാരനാണ് ഹര്‍ഭജന്‍ സിംഗ്. ഇരുവരും തമ്മില്‍ അത്ര രസത്തിലല്ലെന്ന് ആരാധകര്‍ക്കുമറിയാം. എങ്കിലും അശ്വിനെക്കുറിച്ച് വലിയൊരു പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹര്‍ഭജന്‍.

ഇന്ത്യന്‍ പിച്ചുകളില്‍ മാത്രം തിളങ്ങാനെ അശ്വിന് കഴിയൂ എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഇന്ത്യയില്‍ മറ്റ് സ്പിന്നര്‍മാരുമുണ്ട്. അവരും അശ്വിന്‍ എറിയുന്ന അതേ സ്പിന്‍ പിച്ചിലാണ് പന്തെറിയുന്നത്. അവര്‍ക്കൊന്നും അശ്വിനോളം മികവ് കാട്ടാനായിട്ടില്ല. വിക്കറ്റുകളും ലഭിക്കുന്നില്ല. അതിനര്‍ത്ഥം അവരെക്കാളെല്ലാം മികച്ച ബൗളറാണ് അശ്വിന്‍ എന്നു തന്നെയാണ്.

ഇതേ ഫോമില്‍ തുടര്‍ന്നാല്‍ അശ്വിന് ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് നേട്ടം അസാധ്യമല്ല. എന്തായാലും തന്റെ റെക്കോര്‍ഡായ 417 വിക്കറ്റുകള്‍ അശ്വിന്‍ അധികം വൈകാതെ മറികടക്കും. 500 വിക്കറ്റ് നേട്ടവും അശ്വിന്‍ സ്വന്തമാക്കും. എന്നാല്‍ 600 വിക്കറ്റ് നേട്ടം സ്വന്തമാക്കാനും കുംബ്ലെയുടെ റെക്കോര്‍ഡ്(619 വിക്കറ്റ്) മറികടക്കാനും അശ്വിന്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഒപ്പം കായികക്ഷമതയും നിലനിര്‍ത്തേണ്ടിവരും. കായികക്ഷമത നിലനിര്‍ത്താനായാല്‍ അശ്വിന് ഏത് നേട്ടവും അസാധ്യമല്ലെന്നും ഹര്‍ഭജന്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.

തനിക്കും കുംബ്ലെക്കും ലഭിച്ചതിനേക്കാള്‍ സ്പിന്‍ സൗഹൃദ പിച്ചുകളാണ് അശ്വിന് ലഭിക്കുന്നതെന്ന് മുമ്പ് ഹര്‍ഭജന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും അശ്വിന്റെ നേട്ടങ്ങളുടെ തിളക്കം കുറക്കില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു. സ്പിന്‍ സൗഹൃദ പിച്ചുകളില്‍ പന്തെറിയുക എന്നത് വിചാരിക്കുന്ന പോലെ എളുപ്പമല്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു.

click me!