
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ മൂന്ന് ദിനം അവശേഷിക്കേ വലിയ പ്രതിരോധത്തിലായി ടീം ഇന്ത്യ. വെറ്ററന്‍ സ്പിന്നർ രവിചന്ദ്രന്‍ അശ്വിന്‍ കുടുംബപരമായ ആവശ്യത്താല്‍ നാട്ടിലേക്ക് മടങ്ങിയതോടെ ടീം ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ 10 പേരായി ചുരുങ്ങി രാജ്കോട്ട് ടെസ്റ്റിന്‍റെ അവശേഷിക്കുന്ന മൂന്ന് ദിനങ്ങളില്‍ കളിക്കേണ്ടി വരുമോ എന്നതാണ് ആശങ്ക. അശ്വിന് പകരം സബ്സ്റ്ററ്റ്യൂട്ട് താരത്തെയോ ഫീല്‍ഡറെയോ ഇറക്കാന്‍ ടീം ഇന്ത്യയെ ഐസിസി നിയമം അനുവദിക്കുന്നുണ്ടോ എന്ന് ഈ സാഹചര്യത്തില്‍ നോക്കാം.
ഇനി രാജ്കോട്ട് ടെസ്റ്റിലെ അവശേഷിക്കുന്ന ദിനങ്ങള്‍ 10 പേരുമായി ടീം ഇന്ത്യ കളിക്കേണ്ട സാഹചര്യമാണ് വന്നിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശർമ്മ നാല് സ്പെഷ്യലിസ്റ്റ് ബൗളർമാരെ മാത്രം വച്ച് പന്തെറിയിക്കേണ്ടിവരും. താരത്തിന് പരിക്കോ അസുഖമോ സംഭവിച്ചാല്‍ മാത്രമേ സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡറെ ഇറക്കാന്‍ എംസിസി നിയമം അനുവദിക്കുന്നുള്ളൂ. മതിയായ കാരണങ്ങളുണ്ടായാല്‍ മാത്രമേ സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡറെ മൈതാനത്തിറക്കാനാവൂ എന്ന് വ്യക്തം. ഇങ്ങനെ വരുന്ന സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡർക്ക് പന്തെറിയാനോ ക്യാപ്റ്റനാവാനോ കഴിയില്ല. അംപയറുടെ അനുമതിയോടെ എന്നാല്‍ വിക്കറ്റ് കീപ്പറാവാം. രാജ്കോട്ട് ടെസ്റ്റിനിടെ രവിചന്ദ്രന്‍ അശ്വിന്‍ പരിക്കോ അസുഖമോ കാരണമല്ല മത്സരത്തില്‍ നിന്ന് പിന്‍മാറിയത് എന്നതിനാല്‍ സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡറെ ടീം ഇന്ത്യക്ക് ഇറക്കണമെങ്കില്‍ എതിർ ടീമിന്‍റെ ക്യാപ്റ്റായ ബെന്‍ സ്റ്റോക്സിന്‍റെ അനുമതി വേണം.
'മനുഷ്യാ, ഇന്ന് ഇത്ര മതി'; രവീന്ദ്ര ജഡേജയെ ട്രോളി രോഹിത് ശർമ്മ- വീഡിയോ വൈറല്‍
അതേസമയം ആർ അശ്വിന് പകരം ഏതെങ്കിലും ഒരു താരത്തെ പ്ലേയിംഗ് ഇലവനിലേക്ക് മത്സരത്തിന്‍റെ മധ്യേ കൊണ്ടുവരാന്‍ നിയമം അനുവദിക്കുന്നില്ല. മൈതാനത്ത് വച്ച് കണ്‍കഷന്‍ പരിക്ക് പറ്റിയാല്‍ മാത്രമേ ഒരു കളിക്കാരനെ പൂർണ പകരക്കാരനായി കളിപ്പിക്കാന്‍ സാധിക്കൂ. മറ്റ് പരിക്കുകള്‍ സംഭവിച്ചാല്‍ പോലും താരത്തിന് പകരക്കാരനെ അനുവദിക്കില്ല. കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് ആയി എത്തുന്ന പകരക്കാരന് മാത്രമേ പന്തെറിയാനും ബാറ്റ് ചെയ്യാനും എംസിസി നിയമം മൂലം സാധിക്കുകയുള്ളൂ. ഇതെല്ലാം വ്യക്തമാക്കുന്നത് രാജ്കോട്ട് ടെസ്റ്റിന്‍റെ അവശേഷിക്കുന്ന ദിനങ്ങളില്‍ ഇന്ത്യ ടീം 10 പേരുമായി മാത്രം കളിക്കേണ്ടിവരും എന്നാണ്.
Read more: അപ്രതീക്ഷിത ആഘാതം; ആർ അശ്വിന്‍ കുടുംബപരമായ കാരണങ്ങളാല്‍ രാജ്കോട്ട് ടെസ്റ്റില്‍ നിന്ന് പിന്‍മാറി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!