Asianet News MalayalamAsianet News Malayalam

'മനുഷ്യാ, ഇന്ന് ഇത്ര മതി'; രവീന്ദ്ര ജഡേജയെ ട്രോളി രോഹിത് ശർമ്മ- വീഡിയോ വൈറല്‍

രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് ലക്ഷ്യമിട്ട് ഇംഗ്ലണ്ട് ഇന്ന് ബാറ്റിംഗ് പുനരാരംഭിക്കും

Watch Rohit Sharma brutal troll on Ravindra Jadeja after he bowls two no balls in same over in IND vs ENG 3rd Test
Author
First Published Feb 17, 2024, 8:21 AM IST

രാജ്കോട്ട്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിനിടെ സ്പിന്‍ ഓള്‍റൗണ്ടർ രവീന്ദ്ര ജഡേജയെ ട്രോളി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശർമ്മ. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ ജോ റൂട്ടിനെതിരെ ജഡ്ഡു ഒരോവറില്‍ രണ്ട് നോബോള്‍ എറിഞ്ഞതായിരുന്നു കാരണം. ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സിനായി പന്തെറിയുന്നത് പോലെ കളിക്കാനായിരുന്നു രസകരമായ ശൈലിയില്‍ ജഡേജയ്ക്ക് ക്യാപ്റ്റന്‍റെ ഉപദേശം. 'മനുഷ്യാ, ഐപിഎല്ലില്‍ ഇത്രയധികം നോബോള്‍ എറിയാനാവില്ല. ഇതൊരു ടി20 മത്സരമാണ് എന്ന് കരുതി പന്തെറിയൂ എന്നുമായിരുന്നു' രോഹിത് ശർമ്മയുടെ വാക്കുകള്‍. ഈ ദൃശ്യം ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തതോടെ വീഡിയോ ഉടന്‍ വൈറലായി. 

രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് ലക്ഷ്യമിട്ട് ഇംഗ്ലണ്ട് ഇന്ന് ബാറ്റിംഗ് പുനരാരംഭിക്കും. രണ്ട് വിക്കറ്റിന് 207 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാം ദിവസം കളി അവസാനിപ്പിച്ചത്. ബാസ്ബോള്‍ ശൈലിയില്‍ 118 പന്തില്‍ 133* റൺസുമായി ബെൻ ഡക്കെറ്റും 9* റൺസുമായി ജോ റൂട്ടും ക്രീസിലുണ്ട്. മുഹമ്മദ് സിറാജും രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. എട്ട് വിക്കറ്റ് ശേഷിക്കേ ഇംഗ്ലണ്ട് 238 റൺസ് പിന്നിലാണ്. 15 റൺസെടുത്ത സാക് ക്രോളിയും 39 റൺസെടുത്ത ഒലി പോപ്പുമാണ് ഇംഗ്ലീഷ് നിരയില്‍ പുറത്തായത്.

ആദ്യ ഇന്നിംഗ്സിൽ ടീം ഇന്ത്യ 445 റൺസാണ് നേടിയത്. ക്യാപ്റ്റന്‍ രോഹിത്തും സ്ഥാനക്കയറ്റം കിട്ടി അഞ്ചാമനായി ഇറങ്ങിയ ലോക്കല്‍ ബോയ് രവീന്ദ്ര ജഡേജയും ഇന്ത്യക്കായി സെഞ്ചുറികള്‍ നേടി. രോഹിത് 196 പന്തില്‍ 131 ഉം ജഡ്ഡു 225 ബോളില്‍ 112 ഉം റണ്‍സാണ് എടുത്തത്. അരങ്ങേറ്റക്കാരന്‍ സർഫറാസ് ഖാന്‍ മിന്നല്‍ വേഗത്തില്‍ 66 പന്തില്‍ 62 റണ്‍സെടുത്തു. മറ്റൊരു അരങ്ങേറ്റക്കാരനായ വിക്കറ്റ് കീപ്പർ ധ്രുവ് ജൂരെല്‍ 46 ഉം ആർ അശ്വിന്‍ 37 ഉം ജസ്പ്രീത് ബുമ്ര 26 ഉം റണ്‍സെടുത്തത് നിർണായകമായി. യശസ്വി ജയ്സ്വാള്‍ പത്തിനും ശുഭ്മാന്‍ ഗില്‍ പൂജ്യത്തിനും രജത് പാടിദാർ അഞ്ച് റണ്‍സിനും പുറത്തായപ്പോള്‍ ഇംഗ്ലണ്ടിനായി മാർക് വുഡ് നാലും റെഹാന്‍ അഹമ്മദ് രണ്ടും ജിമ്മി ആന്‍ഡേഴ്സണും ടോം ഹാർട്‍ലിയും ജോ റൂട്ടും ഓരോ വിക്കറ്റും വീഴ്ത്തി.

Read more: അപ്രതീക്ഷിത ആഘാതം; ആർ അശ്വിന്‍ കുടുംബപരമായ കാരണങ്ങളാല്‍ രാജ്കോട്ട് ടെസ്റ്റില്‍ നിന്ന് പിന്‍മാറി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios