വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയ്ക്ക് പരസ്യ ചിത്രീകരണത്തിനിടെ തോളിന് പരിക്കേറ്റു. ഇതോടെ ഇന്ത്യക്കെതിരായ വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ അദ്ദേഹത്തിന്റെ പങ്കാളിത്തം പ്രതിസന്ധിയിലാക്കി. ഓക്ക്ലന്‍ഡില്‍ നടന്ന ചിത്രീകരണത്തിനിടയില്‍ ഡൈവിംഗ് ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്. സുരക്ഷാ പായയിലേക്ക് അശ്രദ്ധമായി വീണതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ വലത് തോളിന് പരിക്കേല്‍ക്കുകയായിരുന്നു.
വെള്ളിയാഴ്ച മെഡിക്കല്‍ വിദഗ്ധര്‍ പരിശോധന നടത്തിയെങ്കിലും വലിയ പരിക്കുകള്‍ കണ്ടെത്തിയിട്ടില്ല. എങ്കിലും, പൂര്‍ണ കായികക്ഷമത കൈവിരിക്കുന്നതില്‍ താരം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അദ്ദേഹത്തിന്റെ മടങ്ങിവരവ്. ഇതൊരു ദുരഭാഗ്യകരമായ പരിക്കാണെന്നും രചിന്‍ വേഗത്തില്‍ സുഖം പ്രാപിക്കുക എന്നതാണ് പ്രഥമ പരിഗണനയെന്നും ന്യൂസിലന്‍ഡ് പെര്‍ഫോമന്‍സ് മാനേജര്‍ മൈക്ക് സാന്‍ഡ്ലെ വ്യക്തമാക്കി. പ്രൊമോഷണല്‍ ഷൂട്ടിംഗുകള്‍ മുന്‍കൂട്ടി തീരുമാനിച്ച സുരക്ഷാ മുന്‍കരുതലുകളോടെയാണ് നടക്കാറുള്ളതെന്നും ഇതൊരു യാദൃശ്ചികമായ അപകടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 22നാണ് പരമ്പര ആരംഭിക്കുന്നത്. അടുത്ത ആഴ്ച ടീമിനെ പ്രഖ്യാപിക്കാനിരിക്കെ രചിന്റെ ഫിറ്റ്നസ് ബോര്‍ഡിന് നിര്‍ണായകമാകും. വരാനിരിക്കുന്ന മാസങ്ങളില്‍ വലിയൊരു ടെസ്റ്റ് മത്സരക്രമം ഉള്ളതിനാല്‍ താരത്തെ പെട്ടെന്ന് തിരിച്ച് വിളിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യ പരിശീലകന്‍ റോബ് വാള്‍ട്ടര്‍ വ്യക്തമാക്കി. ന്യൂസിലന്‍ഡിനായി 52 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള രചിന്‍, 759 റണ്‍സും 26 വിക്കറ്റുകളും നേടിയിട്ടുണ്ട്. നിലവിലെ ടി20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്കെതിരായ പരമ്പരയില്‍ മിച്ചല്‍ സാന്റ്‌നര്‍ ന്യൂസിലന്‍ഡിനെ നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!