2018-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ്ടൗൺ ടെസ്റ്റിലാണ് കാമറൂൺ ബാൻക്രോഫ്റ്റ് സാൻഡ്പേപ്പർ ഉപയോഗിച്ച് പന്ത് ചുരണ്ടുന്നത് ക്യാമറയിൽ കുടുങ്ങിയത്.
മെൽബൺ: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച 2018-ലെ 'സാൻഡ്പേപ്പർ ഗേറ്റ്' വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി ഓസ്ട്രേലിയൻ മുന്‍ താരം ഉസ്മാൻ ഖവാജ. മത്സരം സംപ്രേക്ഷണം ചെയ്യുന്ന ക്യാമറകളുടെ കണ്ണിൽപ്പെടാതെ സാൻഡ്പേപ്പർ ഉപയോഗിച്ച് പന്തിൽ കൃത്രിമം കാണിക്കാൻ ടീം ആസൂത്രണം മാസ്റ്റര്‍ പ്ലാനിനെക്കുറിച്ചാണ് ഖവാജ തന്റെ പുതിയ പുസ്തകമായ 'സബ്ർ' (Sabr)-ലൂടെ പുറത്തുവിട്ടിരിക്കുന്നത്.
2018-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ്ടൗൺ ടെസ്റ്റിലാണ് കാമറൂൺ ബാൻക്രോഫ്റ്റ് സാൻഡ്പേപ്പർ ഉപയോഗിച്ച് പന്ത് ചുരണ്ടുന്നത് ക്യാമറയിൽ കുടുങ്ങിയത്. തുടർന്ന് അന്നത്തെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ, ബാൻക്രോഫ്റ്റ് എന്നിവർക്ക് വിലക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഡ്രസ്സിംഗ് റൂമിൽ തമാശയായി തുടങ്ങിയ ഈ പദ്ധതി പിന്നീട് ഗൗരവമുള്ള നീക്കമായി മാറുകയായിരുന്നെന്ന് ഖവാജ വെളിപ്പെടുത്തുന്നു.
കളിക്കളത്തിലേക്ക് ഇറങ്ങുന്ന സമയത്ത് ബൗണ്ടറി ലൈനിൽ വെച്ച് പന്തിൽ കൃത്രിമം കാണിക്കാനായിരുന്നു ആദ്യ തീരുമാനം. "ഫീൽഡിലേക്ക് ഇറങ്ങുമ്പോൾ അമ്പയർമാർ പന്ത് ബൗണ്ടറി ലൈനിൽ വെയ്ക്കുമെന്നും ആ സമയത്ത് ക്യാമറകൾ ഞങ്ങളുടെ നേർക്ക് ഉണ്ടാകില്ലെന്നും അറിയാമായിരുന്നു. അമ്പയർമാർ ഞങ്ങൾക്ക് 100 മീറ്റർ മുന്നിലായിരിക്കും. ആ സമയത്ത് ഞങ്ങൾക്ക് എന്തും ചെയ്യാം. എന്നാൽ തനിക്കിത് ചെയ്യാൻ കഴിയില്ലെന്നും ക്യാമറകൾ എപ്പോഴും തന്റെ പിന്നാലെയുണ്ടെന്നും ഡേവിഡ് വാർണർ വ്യക്തമാക്കി. തുടർന്ന് ഓസീസ് ടെസ്റ്റ് ടീമിൽ അരങ്ങേറി ഏതാനും മത്സരങ്ങൾ മാത്രം കളിച്ച യുവതാരം കാമറൂൺ ബാൻക്രോഫ്റ്റ് സ്വയം മുന്നോട്ടുവരികയായിരുന്നുവെന്ന് ഖവാജ പുസ്തകത്തിൽ കുറിച്ചു.
കേപ്ടൗണിൽ മഴയുള്ള അന്തരീക്ഷമായതിനാൽ പന്ത് റിവേഴ്സ് സ്വിംഗ് ചെയ്യാൻ പ്രയാസമായിരുന്നു. ഇതാണ് പന്തിൽ കൃത്രിമം കാണിക്കാൻ ടീമിനെ പ്രേരിപ്പിച്ചത്. ഡ്രസ്സിംഗ് റൂമിലെ കോച്ചിംഗ് സ്റ്റാഫിൽ ഒരാൾ ബാൻക്രോഫ്റ്റിനോട് പന്തിൽ കൂടുതൽ കൃത്രിമം കാണിക്കാൻ ആവശ്യപ്പെടുന്നത് താൻ നേരിട്ട് കേട്ടതായും ഖവാജ വെളിപ്പെടുത്തി. തങ്ങളുടെ വിക്കറ്റുകൾ നഷ്ടപ്പെട്ട് ടീം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയെത്തിയപ്പോൾ, പുഞ്ചിരിയോടെ വന്ന ഒരു കോച്ച് ബാൻക്രോഫ്റ്റിനോട് "നീ ഇപ്പോൾ ചെയ്യുന്ന കാര്യം കൂടുതൽ ശക്തമായി തുടരുക" എന്ന് നിർദേശിച്ചതായാണ് ഖവാജ വ്യക്തമാക്കുന്നത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ക്രിക്കറ്റ് ഓസ്ട്രേലിയ നടത്തിയ അന്വേഷണം അപൂർണ്ണമായിരുന്നുവെന്നും ഈ സംഭവം ഏതാനും കളിക്കാരുടെ മാത്രം തീരുമാനമല്ലെന്ന് തെളിയുന്നതാണെന്നും ഖവാജയുടെ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്. മുഴുവൻ ടീമും ഇതിനെക്കുറിച്ച് ബോധവാന്മാരായിരുന്നു എന്ന ഖവാജയുടെ വെളിപ്പെടുത്തൽ, അന്ന് ഈ സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ പാറ്റ് കമ്മിൻസ് ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങളെ വീണ്ടും സംശയനിഴലിലാക്കിയിരിക്കുകയാണ് ഖവാജയുടെ വെളിപ്പെടുത്തൽ.












