രഹാനെയും രോഹിത്തും ചെന്നൈയില്‍, കോലി ഇന്നെത്തും; ഇന്ത്യക്ക് ഇനി ഇംഗ്ലീഷ് പരീക്ഷാകാലം

By Web TeamFirst Published Jan 27, 2021, 10:07 AM IST
Highlights

ലങ്കന്‍ പര്യടനം പൂര്‍ത്തിയാക്കിയ ബാക്കി താരങ്ങള്‍ ഇന്ന് ഇന്ത്യയിലെത്തും. ഇരുടീമിലെയും താരങ്ങള്‍ക്ക് ആറ് ദിവസത്തെ ക്വാറന്റീനുണ്ട്. ഫെബ്രുവരി അഞ്ചിനാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക.
 

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ താരങ്ങളായ അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍  ചെന്നൈയിലെത്തി. ക്യാപ്റ്റന്‍ വിരാട് കോലിയും മറ്റ് താരങ്ങളും വിവിധ ഗ്രൂപ്പുകളായി ഇന്ന് ചെന്നൈയിലെത്തും. ഇംഗ്ലണ്ട് താരങ്ങളായ ബെന്‍ സ്റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍, മോയീന്‍ അലി എന്നിവരും ചെന്നൈയിലെത്തിയിട്ടുണ്ട്.

ലങ്കന്‍ പര്യടനം പൂര്‍ത്തിയാക്കിയ ബാക്കി താരങ്ങള്‍ ഇന്ന് ഇന്ത്യയിലെത്തും. ഇരുടീമിലെയും താരങ്ങള്‍ക്ക് ആറ് ദിവസത്തെ ക്വാറന്റീനുണ്ട്. ഫെബ്രുവരി അഞ്ചിനാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക. നാല് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളാണ് ചെന്നൈയില്‍ നടക്കുക. വിരാട് കോലിക്കും സംഘത്തിനും ശക്തമായ മുന്നറിയിപ്പ് നല്‍കിയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് വരുന്നത്. 

ശ്രീലങ്കയ്‌ക്കെതിരെ രണ്ട് ടെസ്റ്റിലും ആധികാരിക വിജയമാണ് ഇംഗ്ലണ്ട് നേടിയത്. 1957ന് ശേഷം വിദേശത്ത് തുടര്‍ച്ചയായ അഞ്ച് ടെസ്റ്റ് വിജയം എന്ന റെക്കോര്‍ഡ് ഇംഗ്ലീഷ് സംഘത്തിന്റെ കരുത്ത് വ്യക്തമാക്കുന്നു. ലങ്കയ്‌ക്കെതിരെ ഒന്നാം ടെസ്റ്റില്‍ ഇരട്ടസെഞ്ച്വറിയും രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറിയും നേടിയ നായകന്‍ ജോ റൂട്ട് തന്നെയാണ് ബാറ്റിംഗിന്റെ നെടുന്തൂണ്‍.

നായകനെന്ന നിലയില്‍ ടെസ്റ്റില്‍ 25 വിജയം പൂര്‍ത്തിയാക്കാനും റൂട്ടിന് കഴിഞ്ഞു. പ്രായം മുപ്പത്തിയെട്ടായെങ്കിലും ജയിംസ് ആന്‍ഡേഴ്‌സന്റെ പന്തുകള്‍ ഇന്ത്യക്ക് വെല്ലുവിളി ആകുമെന്നുറപ്പ്. ബെന്‍ സ്റ്റോക്‌സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോസ് ബട്‌ലര്‍, ക്രിസ് വോക്‌സ്, ജോഫ്ര ആര്‍ച്ചര്‍ തുടങ്ങിയവര്‍കൂടി ചേരുമ്പോള്‍ ഇംഗ്ലീഷ് സംഘം അതിശക്തര്‍. ലങ്കയില്‍ വിക്കറ്റ് വേട്ടനടത്തിയ സ്പിന്നര്‍മാരായ ജാക് ലീച്ചിലും ഡോം ബെസ്സിലും പ്രതീക്ഷകള്‍ ഏറെ. 

ബ്രിസ്‌ബെയ്‌നില്‍ 32 വര്‍ഷത്തിനിടെ തോല്‍വി അറിഞ്ഞിട്ടില്ലെന്ന ഓസ്‌ട്രേലിയന്‍ ഹുങ്ക് തകര്‍ത്ത് പരമ്പര വിജയം നേടിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഗാബയില്‍ അഞ്ചാം ദിനം 328 റണ്‍സ് പിന്തുടര്‍ന്നായിരുന്നു ഇന്ത്യയുടെ ഐതിഹാസിക വിജയം. അതും വിരാട് കോലിയും മുഹമ്മദ് ഷമിയും ഉള്‍പ്പടെയുള്ള പ്രമുഖ താരങ്ങള്‍ ഇല്ലാതെ. ചരിത്രവിജയത്തിന്റെ ആവേശം കെട്ടടങ്ങും മുന്‍പ് ഇന്ത്യയെ കാത്തിരിക്കുന്നത് ഇംഗ്ലീഷ് പരീക്ഷ.

click me!