പ്ലയിംഗ് ഇലവനില്‍ ജഡേജയും അശ്വിനും വേണോ..? രാഹുല്‍ ദ്രാവിന്റെ അഭിപ്രായമിങ്ങനെ

By Web TeamFirst Published May 11, 2021, 7:38 PM IST
Highlights

ടീമിലെ മറ്റൊരു സ്പിന്നറായ ആര്‍ അശ്വിനും ടീമിലുണ്ട്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത് അശ്വിനായിരുന്നു.
 

ബംഗളൂരു: നാല് മാസങ്ങള്‍ക്ക് ശേഷമാണ് രവീന്ദ്ര ജഡേജ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ തള്ളവിരലിന് പരിക്കേറ്റാണ് താരം പുറത്താവുന്നത്. പിന്നീട് വിശ്രമത്തിന് ശേഷം ഐപിഎല്‍ കളിച്ച താരം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി മികച്ച പ്രകടനം പുറത്തെടുത്തു. പിന്നാലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമുള്ള ഇന്ത്യന്‍ ടീമിലും ഇടം നേടി. 

ടീമിലെ മറ്റൊരു സ്പിന്നറായ ആര്‍ അശ്വിനും ടീമിലുണ്ട്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത് അശ്വിനായിരുന്നു. ബാറ്റുകൊണ്ടും മികച്ച പ്രകടനം പുറത്തെടുത്ത അശ്വിന്‍ ചെന്നൈയിലെ ബുദ്ധിമുട്ടേറിയ പിച്ചില്‍ സെഞ്ചുറിയും നേടി. ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നിയിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു അശ്വിന്റേത്. ഇരുവരും മികച്ച ഫോമിലായിരിക്കെ ഇംഗ്ലണ്ടിനെതിരെ ആരെ കളിപ്പിക്കുമെന്ന ആശങ്ക ഇന്ത്യന്‍ ക്യാംപിലുണ്ടാവും. 

ഇരുവരുടെയും ഫോം കണക്കിലെടുത്ത് തന്നെ ടീം കോംപിനേഷന്‍ എങ്ങനെയായിരിക്കണമെന്ന് വിലയിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡ്. ഇരുവരെയുംം കളിപ്പിക്കണമെന്നാണ് ദ്രാവിഡ് പറയുന്നത്. കാരണവും അദ്ദേഹം നിരത്തുന്നുണ്ട്... ''എന്തുകൊണ്ട് രണ്ട് പേരെയും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തികൂടാ..? ഇന്ത്യ മുമ്പും ഈ രീതിയില്‍ കളിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഇരുവരും നന്നായി ബാറ്റ് ചെയ്യുന്ന സാഹചര്യത്തില്‍. അവര് രണ്ട് പേരും വരുന്നതോടെ ഓള്‍റൗണ്ടര്‍മാര്‍ എന്ന പരിഗണനയും നല്‍കാം. ഇത്തവണ നല്ല കാലാവസ്ഥ ആയിരിക്കുമെങ്കില്‍ ഇംഗ്ലണ്ടിലെ പിച്ചുകള്‍ ഡ്രൈയും കുത്തിതിരിയുന്നതുമായിരിക്കും. പ്രത്യേകിച്ച് അവസാന രണ്ട് ദിവസങ്ങളില്‍. ഇന്ത്യക്ക് രണ്ട് സ്പിന്നര്‍മാര്‍ ഉണ്ടാവുന്നത് നന്നായിരിക്കും.

ഒന്നോ രണ്ടോ മത്സരങ്ങളില്‍ ടോസ് ലഭിച്ചാല്‍ ഇന്ത്യക്ക് വലിയ സാധ്യതകള്‍ തന്നെയുണ്ടാകും. ഇന്ത്യക്ക് നല്ല പേസ് അറ്റാക്ക് ഉള്ളതിനാല്‍ അവര്‍ മികച്ച പിച്ചൊരുക്കും. ഇംഗ്ലണ്ടിലെ മികച്ച പിച്ചുകള്‍ എന്ന് പറയുമ്പോള്‍ അത് അഞ്ച് ദിവസം നനയ്‌ക്കേണ്ടതില്ല. എന്റെ പരിചയസമ്പത്തില്‍ നിന്ന് ഞാന്‍ മനസിലാക്കിയത് ഇത്തരം പിച്ചുകള്‍ നന്നായി കുത്തിത്തിരിയുമെന്നാണ്. അപ്പോള്‍ ജഡേജയേയും അശ്വനേയും കളിപ്പിക്കുന്നതില്‍ തെറ്റില്ല.'' ദ്രാവിഡ് പറഞ്ഞുനിര്‍ത്തി.

ഇന്ത്യ അഞ്ച് ടെസ്റ്റുകളാണ് ഇംഗ്ലണ്ടില്‍ കളിക്കുന്നത്. ന്യൂസിലന്‍ഡിനെതിരെ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ശേഷമാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുക.

click me!