
നാഗ്‌പൂര്‍: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ജീവന്‍മരണ പോരാട്ടത്തിന് ടീം ഇന്ത്യ ഇറങ്ങുകയാണ്. ആദ്യ മത്സരം നാല് വിക്കറ്റിന് തോറ്റതിനാല്‍ പരമ്പര കൈവിടാതിരിക്കാന്‍ ഇന്നത്തെ രണ്ടാമത്തെ ടി20 ഇന്ത്യക്ക് ജയിച്ചേപറ്റൂ. ടി20 ലോകകപ്പിന് മുമ്പ് ഓസീസ് പോലൊരു ടീമിനോട് തുടര്‍ച്ചയായി രണ്ട് തോല്‍വികള്‍ വഴങ്ങേണ്ടിവന്നാല്‍ അത് ഇന്ത്യയെ പ്രതിസന്ധിയിലാക്കും. എന്നാല്‍ നിര്‍ണായക മത്സരം മഴയില്‍ കുതിരുമോ എന്ന ആശങ്കകള്‍ സജീവമാണ്. ഒട്ടും ആശ്വാസകരമല്ല മത്സര വേദിയായ നാഗ്‌പൂരില്‍ നിന്നുള്ള കാലാവസ്ഥാ പ്രചനം.
ഇന്ന്(വെള്ളിയാഴ്‌ച) പകല്‍സമയം ഇടിമിന്നലുണ്ടാവും നാഗ്‌പൂരില്‍ എന്നാണ് പ്രവചനം. മഴയ്ക്ക് 65 ശതമാനം സാധ്യത പ്രവചിച്ചിരിക്കുന്നു. ഉച്ചയോടെയാണ് മഴയുണ്ടാവുക എന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാത്രി ആകാശം മേഘാവൃതമായിരിക്കും. ഇന്നലെ നാഗ്‌പൂരില്‍ കനത്ത മഴയായിരുന്നു. ഇതേത്തുടര്‍ന്ന് ഇരു ടീമുകള്‍ക്കും പരിശീലനത്തിന് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല.
നിര്‍ണായകമായ രണ്ടാം ടി20യില്‍ ജയിക്കാനുറപ്പിച്ചാണ് ടീം ഇന്ത്യ തയ്യാറെടുക്കുന്നത്. പേസര്‍ ജസ്പ്രീത് ബുമ്ര മടങ്ങിയെത്തുന്നത് ടീമിന് കരുത്തുപകരും. കഴിഞ്ഞ മത്സരത്തില്‍ ഡെത്ത് ഓവറില്‍ ഭുവനേശ്വര്‍ കുമാറും ഹര്‍ഷല്‍ പട്ടേലും റണ്‍സേറെ വിട്ടുകൊടുത്തത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഭുവി 52 ഉം ഹര്‍ഷല്‍ 49 ഉം റണ്‍സാണ് നാല് ഓവറില്‍ വിട്ടുകൊടുത്തത്. രണ്ട് ഓവര്‍ വീതമെറിഞ്ഞ ഉമേഷ് യാദവ് 27 ഉം ഹാര്‍ദിക് പാണ്ഡ്യ 22 ഉം റണ്‍സ് വഴങ്ങി. 3.2 ഓവറില്‍ യുസ്‌വേന്ദ്ര ചാഹല്‍ 42 ഉം റണ്‍സ് നല്‍കിയതും നാണക്കേടായി. നാല് ഓവറില്‍ 17 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയ അക്‌സര്‍ പട്ടേല്‍ മാത്രമേ പന്തുകൊണ്ട് തിളങ്ങിയുള്ളൂ.
നാഗ്‌പൂരില്‍ ഇന്ന് രാത്രി ഏഴ് മണിക്കാണ് ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20. മൊഹാലിയില്‍ നടന്ന ആദ്യ ടി20യില്‍ ഓസ്ട്രേലിയ നാല് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന വിജയം നേടിയിരുന്നു. ഇന്ത്യ മുന്നോട്ടുവെച്ച 209 റണ്‍സ് വിജയലക്ഷ്യം നാല് പന്ത് അവശേഷിക്കേ ആറ് വിക്കറ്റ് നഷ്ടത്തില്‍ സന്ദര്‍ശകര്‍ സ്വന്തമാക്കി. ഓപ്പണറായിറങ്ങി 30 പന്തില്‍ 61 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനും ഫിനിഷറുടെ റോളില്‍ 21 പന്തില്‍ പുറത്താകാതെ 45* റണ്‍സെടുത്ത മാത്യൂ വെയ്‌ഡുമായിരുന്നു സന്ദര്‍ശകരുടെ വിജയശില്‍പികള്‍.