മൊഹാലിയില്‍ നടന്ന ആദ്യ ടി20യില്‍ 208 റൺസ് നേടിയിട്ടും ഇന്ത്യന്‍ ബൗള‍ർമാർക്ക് ഓസ്ട്രേലിയന്‍ ബാറ്റര്‍മാരെ പിടിച്ചുകെട്ടാനായിരുന്നില്ല

നാഗ്‌പൂര്‍: ഡെത്ത് ഓവറുകളിൽ ടീം ഇന്ത്യ അധികം റൺസ് വിട്ടുകൊടുക്കുന്നെന്ന ആക്ഷേപങ്ങൾക്കിടെ ബൗളർമാരെ പ്രതിരോധിച്ച് സൂര്യകുമാർ യാദവ്. ഏത് സമയത്തും എതിരാളികളെ വിറപ്പിക്കാൻ പോന്നയാളാണ് പേസര്‍ ഭുവനേശ്വർ കുമാർ. ഹർഷൽ പട്ടേലിന്‍റെ പന്തുകളും മികച്ചതാണെന്നും ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20ക്ക് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ സൂര്യകുമാർ യാദവ് പറഞ്ഞു. ആദ്യ ടി20യില്‍ അക്‌സര്‍ പട്ടേല്‍ ഒഴികെയുള്ള ഇന്ത്യന്‍ ബൗളര്‍മാരെല്ലാം അടിവാങ്ങിക്കൂട്ടിയത് വലിയ വിമര്‍ശനം നേരിട്ടിരുന്നു. 

മൊഹാലിയില്‍ നടന്ന ആദ്യ ടി20യില്‍ 208 റൺസ് നേടിയിട്ടും ഇന്ത്യന്‍ ബൗള‍ർമാർക്ക് ഓസ്ട്രേലിയന്‍ ബാറ്റര്‍മാരെ പിടിച്ചുകെട്ടാനായിരുന്നില്ല. നാലോവർ വീതമെറിഞ്ഞ ഭുവനേശ്വർ കുമാർ 52 ഉം ഹർഷൽ പട്ടേൽ 49 ഉം റൺസ് വിട്ടുനൽകിയത് തിരിച്ചടിയായി. ഡെത്ത് ഓവറില്‍ നിന്ന് അടിവാങ്ങിയ ഇരുവർക്കും മത്സരത്തില്‍ ഒരു വിക്കറ്റ് പോലും വീഴ്ത്തായില്ല. രണ്ട് ഓവറില്‍ ഉമേഷ് യാദവ് 27ഉം ഹാർദിക് പാണ്ഡ്യ 22 ഉം റൺസ് വിട്ടുനല്‍കിയതും കനത്ത നാണക്കേടായി. 3.2 ഓവറില്‍ യുസ്‌വേന്ദ്ര ചാഹല്‍ 42 റണ്‍സ് വഴങ്ങിയപ്പോള്‍ നാല് ഓവറില്‍ 17ന് മൂന്ന് പേരെ മടക്കിയ അക്‌സര്‍ പട്ടേലിന് മാത്രമാണ് തിളങ്ങാനായത്. ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച് ഓസീസ് മത്സരത്തില്‍ നാല് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കുകയായിരുന്നു. 

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20 ഇന്ന് നാഗ്‌പൂരില്‍ രാത്രി ഏഴ് മണിക്ക് നടക്കും. മൊഹാലിയില്‍ നിന്ന് നാഗ്‌പൂരിലേക്ക് എത്തുമ്പോള്‍ ജസ്പ്രീത് ബുമ്ര പ്ലേയിംഗ് ഇലവനിലേക്ക് മടങ്ങിയെത്തും എന്ന പ്രതീക്ഷയിലാണ് ഏവരും. ഡെത്ത് ഓവറിലെ റണ്ണൊഴുത്ത് തടയാന്‍ ബുമ്രയുടെ വരവ് സഹായിക്കും. പുറംവേദനയെ തുടര്‍ന്ന് ജസ്പ്രീത് ബുമ്ര ജൂലൈ 14 മുതൽ കളിക്കളത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇന്ന് മഴ ഭീഷണിയിലാണ് നാഗ്‌പൂരില്‍ രണ്ടാം ടി20 നടക്കുക. ഇന്ത്യന്‍ ജീവന്‍മരണ പോരാട്ടത്തിന് തയ്യാറെടുക്കുമ്പോള്‍ മറുവശത്ത് ആദ്യ ടി20യില്‍ ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് സന്ദര്‍ശകരായ ഓസ്ട്രേലിയ.

രണ്ടാം ടി20 ഇന്ന്; ഇന്ത്യക്ക് ജീവന്‍മരണ പോരാട്ടം, ജസ്പ്രീത് ബുമ്ര തിരിച്ചെത്തും