സിറാജ് തുടങ്ങി, വാര്‍ണര്‍ മടങ്ങി: മഴയെത്തും മുന്‍പ് ഓസീസിന് ഇന്ത്യയുടെ ആദ്യ പ്രഹരം

By Web TeamFirst Published Jan 7, 2021, 6:39 AM IST
Highlights

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ  ഓസീസിന് ഡേവിഡ് വാര്‍ണറുടെ (5) വിക്കറ്റാണ് നഷ്ടമായത്. മുഹമ്മദ് സിറാജിനാണ് വിക്കറ്റ്. അരങ്ങേറ്റക്കാരന്‍ വില്‍ പുകോവ്‌സ്‌കി (14), മര്‍നസ് ലബുഷാനെ (2) എന്നിവരാണ് ക്രീസില്‍. 

സിഡ്‌നി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടം. സിഡ്‌നിയില്‍ മഴ കാരണം കളി നിര്‍ത്തിവെക്കുമ്പോള്‍ 7.1 ഓവറില്‍ ഒന്നിന് 21 എന്ന നിലയിലാണ് ആതിഥേയര്‍. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ  ഓസീസിന് ഡേവിഡ് വാര്‍ണറുടെ (5) വിക്കറ്റാണ് നഷ്ടമായത്. മുഹമ്മദ് സിറാജിനാണ് വിക്കറ്റ്. അരങ്ങേറ്റക്കാരന്‍ വില്‍ പുകോവ്‌സ്‌കി (14), മര്‍നസ് ലബുഷാനെ (2) എന്നിവരാണ് ക്രീസില്‍. 

മടങ്ങിവരവില്‍ നിരാശപ്പെടുത്തി വാര്‍ണര്‍

പരിക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു വാര്‍ണറുടേത്. മോശം ഫോമിലായിരുന്നു ജോ ബേണ്‍സിന് പകരം ടീമില്‍ തരിച്ചെത്തിയ വാര്‍ണര്‍ക്ക് എട്ട് പന്ത് മാത്രമായിരുന്നു ആയുസ്. സിറാജിന്റെ പന്തില്‍ ഡ്രൈവിന് ശ്രമിച്ചപ്പോള്‍ വാര്‍ണര്‍ക്ക് പിഴച്ചു. എഡ്ജായ പന്ത് ഫസ്റ്റ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ചേതേശ്വര്‍ പൂജാരയുടെ കൈകളിലേക്ക്. ആറ് റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്. 

രണ്ട് മാറ്റങ്ങളുമായി ഓസീസ്

നേരത്തെ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങിയത്. ബേണ്‍സിന് പകരം വാര്‍ണര്‍ ടീമിലെത്തി. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ വാര്‍ണര്‍ക്ക് പരിക്കേറ്റിരുന്നു. ടി20 പരമ്പരയും ആദ്യ രണ്ട് ടെസ്റ്റും താരത്തിന് നഷ്ടമായിരുന്നു. നേരത്തെ അദ്ദേഹം പൂര്‍ണ ഫിറ്റല്ലെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ട്രാവിസ് ഹെഡ്ഡിന് പകരമാണ് വില്‍ പുകോവ്‌സ്‌കി ടീമിലെത്തിയത്. 22കാരനായ പുകോവ്‌സ്‌കിയെ നേരത്തെ ടീമില്‍ ഉള്‍പ്പെടുത്തിരുന്നു. എന്നാല്‍ ഇന്ത്യക്കെതിരായ സന്നാഹ മത്സരത്തില്‍ പരിക്കേറ്റതിനെ തുര്‍ന്ന് ആദ്യ രണ്ട് ടെസ്റ്റുകളിലും കളിക്കാനായില്ല. കഴിഞ്ഞ രണ്ട് ടെസ്റ്റിലും ഓപ്പണറുടെ റോളിലെത്തിയ മാത്യൂ വെയ്ഡ് ഇത്തവ ഹെഡ്ഡിന്റെ അഞ്ചാം നമ്പറില്‍ കളിക്കും. 

രോഹിത്തും സൈനിയും ടീമില്‍

നേരത്തെ രണ്ട് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. മോശം ഫോമിലുള്ള മായങ്ക് അഗര്‍വാളിന് പകരം രോഹിത് ശര്‍മയെ ടീമിലെടുത്തു. ഐപിഎല്ലിന് ശേഷം ആദ്യമായിട്ടാണ് അദ്ദേഹം ദേശീയ ടീമില്‍ കളിക്കുന്നത്. പരിക്ക് കാരണം നിശ്ചിത ഓവര്‍ പരമ്പരകള്‍ രോഹിത്തിന് നഷ്ടമായിരുന്നു. രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ ഉമേഷ് യാദവിന് പകരം നവ്ദീപ് സൈനി ടീമിലെത്തി. താരത്തിന്റെ അരങ്ങേറ്റമാണിത്. 


ടീം ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, നവ്ദീപ് സൈനി, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ: വില്‍ പുകോവ്സ്‌കി, ഡേവിഡ് വാര്‍ണര്‍, മര്‍നസ് ലബുഷാനെ, സ്റ്റീവന്‍ സ്മിത്ത്, മാത്യു വെയ്ഡ്, കാമറൂണ്‍ ഗ്രീന്‍, ടീം പെയ്ന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.

click me!