
കോട്ട: രാജസ്ഥാനിലെ ഝലാവറില്‍ ക്രിക്കറ്റ് മത്സരത്തില്‍ തോറ്റ ദേഷ്യത്തില്‍ 15 വയസുകാരനെ ബാറ്റ് കൊണ്ട് എതിര്‍ ടീമിലെ കളിക്കാരന്‍ തലക്കടിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പത്താം ക്ലാസ് വിദ്യാര്‍ഥിയായ പ്രകാശ് സാഹു ആണ് കൊല്ലപ്പെട്ടത്. ഝലാവര്‍ ടൗണിലെ ഗ്രൗണ്ടിലാണ് ദാരുണസംഭവം നടന്നത്. സംഭവത്തില്‍ 20 വയസുകാരനും ബിഎ വിദ്യാര്‍ഥിയുമായ മുകേഷ് മീനയെ അറസ്റ്റ് ചെയ്തതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രാജസ്ഥാനിലെ ഝലാവറിലുള്ള ഭല്‍വാനി മണ്ഡി ടൗണില്‍ നടന്ന ക്രിക്കറ്റ് മത്സരത്തിനൊടുവിലാണ് ദാരുണസംഭവം നടന്നത്. സഹതാരങ്ങള്‍ക്കൊപ്പം വിജയാഘോഷം നടത്തുകയായിരുന്ന പ്രകാശ് സാഹുവിനെ തോറ്റ ടീമിലെ കളിക്കാരനായ മുകേഷ് മീന പിന്നില്‍ നിന്ന് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തലയ്ക്ക് അടിയേറ്റയുടനെ ബോധരഹിതനായ സാഹുവിനെ അടുത്തുള്ള ആശുപത്രിയില്‍ ഉടനടി എത്തിച്ചിരുന്നു. ഇവിടെ നിന്ന് വിദഗ്ധ ചികില്‍സക്കായി കോട്ടയിലേക്ക് മാറ്റിയ സാഹു ചികില്‍സയ്ക്കിടെ ചൊവ്വാഴ്ച രാത്രി മരണപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട പ്രകാശ് സാഹുവും പ്രതിയായ മുകേഷ് മീനയും ഒരേ ഗ്രാമവാസികളാണ്. സ്ഥിരമായി ഝലാവര്‍ ടൗണില്‍ ക്രിക്കറ്റ് കളിക്കുന്നവരാണ് ഇരുവരും എന്നും പൊലീസ് പറയുന്നു.
പ്രതിയെന്ന് പൊലീസ് പറയുന്ന മുകേഷ് മീനയ്ക്ക് എതിരെ കൊലപാതക്കുറ്റം ചുമത്തി. ദാരുണ സംഭവത്തിന് പിന്നാലെ പ്രതിയുടെ ബൈക്ക് പ്രദേശവാസികള്‍ തകര്‍ത്തിരുന്നു. കൊലപാതകത്തിന് ശേഷം പ്രദേശത്ത് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട് എന്നും എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പ്രകാശ് സാഹുവിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. പ്രതിക്ക് പൂര്‍വവൈരാഗ്യമുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!