Asianet News MalayalamAsianet News Malayalam

അവസാന മൂന്ന് ടെസ്റ്റുകള്‍, ഇന്ത്യന്‍ സ്ക്വാഡ് പ്രഖ്യാപനം ഉടന്‍; നിര്‍ണായക അപ്‌ഡേറ്റുമായി രവീന്ദ്ര ജഡേജ

ഇംഗ്ലണ്ടിനെതിരെ ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിനിടെയാണ് രവീന്ദ്ര ജഡേജയുടെ കാലിന് പരിക്കേറ്റത്

Ravindra Jadeja gives injury update as BCCI set to announce India squad for last 3 Tests against England
Author
First Published Feb 7, 2024, 7:34 PM IST

ബെംഗളൂരു: ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്ക്വാഡ് പ്രഖ്യാപിക്കാനിരിക്കേ ഫിറ്റ്നസ് അപ്ഡേറ്റുമായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. 'ഗെറ്റിംഗ് ബെറ്റര്‍' (സുഖംപ്രാപിച്ചുവരുന്നു) എന്നാണ് എന്‍സിഎ എന്ന ഹാഷ്ടാഗ് സഹിതം രവീന്ദ്ര ജഡേജയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ (എന്‍സിഎ) നിലവില്‍ ചികില്‍സയിലാണ് ജഡേജയുള്ളത്. എന്‍സിഎയില്‍ എത്തിയത് മുതല്‍ തന്‍റെ ഫിറ്റ്നസ് അപ്ഡേറ്റ് സാമൂഹ്യമാധ്യമങ്ങള്‍ വഴി രവീന്ദ്ര ജഡേജ ആരാധകരെ അറിയിക്കുന്നുണ്ട്. 

ഇംഗ്ലണ്ടിനെതിരെ ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിനിടെയാണ് രവീന്ദ്ര ജഡേജയുടെ കാലിന് പരിക്കേറ്റത്. മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ 87 റണ്‍സ് നേടിയ ജഡേജയുടെ ബാറ്റിംഗ് ടീം ഇന്ത്യയുടെ 190 റണ്‍സ് ലീഡില്‍ നിര്‍ണായകമായിരുന്നു. മത്സരം 28 റണ്‍സിന് ഇന്ത്യ തോറ്റെങ്കിലും ബൗളിംഗില്‍ മോശമല്ലാത്ത പ്രകടനം നടത്തിയ രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റുകളും പേരിലാക്കി. ജഡേജ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നപ്പോള്‍ ബെന്‍ സ്റ്റോക്സിന്‍റെ ത്രോയില്‍ റണ്ണൗട്ടായത് തിരിച്ചടിയായിരുന്നു. മത്സരത്തിന് ശേഷം മുടന്തിയാണ് ജഡേജ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയെത്തിയത്. ഇതിന് ശേഷം ചികില്‍സക്കായി രവീന്ദ്ര ജഡേജ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ എത്തിച്ചേരുകയായിരുന്നു.

വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 106 റണ്‍സിന് വിജയിച്ചെങ്കിലും രവീന്ദ്ര ജഡേജയ്ക്ക് കളിക്കാനായിരുന്നില്ല. ജഡേജയ്ക്ക് ഒപ്പം ബാറ്റര്‍ കെ എല്‍ രാഹുലും മത്സരത്തില്‍ പരിക്ക് കാരണം ഇറങ്ങിയില്ല. രാജ്കോട്ടില്‍ ഫെബ്രുവരി 15ന് ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റില്‍ കെ എല്‍ രാഹുല്‍ കളിക്കുമെന്ന് ഏതാണ്ട് ഉറപ്പാണെങ്കിലും ഫിറ്റ്നസിലേക്ക് തിരിച്ചുവരാന്‍ ജഡേജയ്ക്ക് കൂടുതല്‍ സമയം വേണ്ടിവന്നേക്കും എന്നാണ് സൂചന. കാല്‍ക്കുഴയിലെ പരിക്കിന് യുകെയില്‍ ചികില്‍സയിലുള്ള പേസര്‍ മുഹമ്മദ് ഷമി എപ്പോള്‍ ടീമിലേക്ക് മടങ്ങിയെത്തും എന്ന കാര്യത്തിലും വ്യക്തതയില്ല. ഷമിക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പൂര്‍ണമായും നഷ്ടമാകാനാണ് സാധ്യത. 

Read more: 110 കോടിയുടെ കരാര്‍; എട്ട് വര്‍ഷത്തിനൊടുവില്‍ പ്യൂമയും വിരാട് കോലിയും പിരിയുന്നു, ഇനി പുത്തന്‍ ബ്രാന്‍ഡില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios