
ചെന്നൈ: ഐപിഎല്‍ താരകൈമാറ്റത്തിന്‍റെ ഭാഗമായി നായകന്‍ സഞ്ജു സാസണെ വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്ത്. സഞ്ജുവിനെ വിട്ടുകൊടുക്കണമെങ്കില്‍ പകരം രാജസ്ഥാന്‍ റോയല്‍സ് ചെന്നൈയുടെ വിശ്വസ്ത താരമായ രവീന്ദ്ര ജഡേജയെ ആവശ്യപ്പെട്ടിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആദ്യം ഇതിന് സമ്മതിക്കാതിരുന്ന ചെന്നൈ ഒടുവില്‍ പരസ്പര ധാരണപ്രകാരമുള്ള താരകൈമാറ്റത്തിന് തയാറായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സഞ്ജുവിന് രാജസ്ഥാനും ജഡേജക്ക് ചെന്നൈയും പ്രിഫലമായി നല്‍കുന്നത് 18 കോടി രൂപ വീതമാണെന്നതിനാല്‍ അധിക തുക മുടക്കേണ്ടിവരില്ലെന്നതും ചെന്നൈ നേട്ടമായി കണ്ടു. ജഡേജയുടെ കൂടി അറിവോടെയായിരുന്നു ചര്‍ച്ചകള്‍ നടന്നത്.
എന്നാല്‍ ജഡേജക്ക് പുറമെ കഴിഞ്ഞ സീസണില്‍ പകരക്കാരനായി ടീമിലെത്തി ചെന്നൈക്കായി വെടിക്കെട്ട് പ്രകടനം നടത്തിയ ദക്ഷിണാഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസിനെ കൂടി കൈമാറണമെന്ന രാജസ്ഥാന്‍റെ ആവശ്യമാണ് സഞ്ജുവിന്‍റെ ട്രേഡ് ഡീല്‍ നടക്കാതിരിക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ജഡേജയ്ക്കൊപ്പം ഡെവാൾഡ് ബ്രെവിസിനെയും വിട്ടുതരണമെന്ന രാജസ്ഥാന്‍റെ ആവശ്യം തള്ളിയ ചെന്നൈ, ജഡേജയെ വിട്ടുനൽകാൻ തയാറാകുന്നതു തന്നെ വലിയ കാര്യമാണെന്നായിരുന്നു പ്രതികരിച്ചത്.
ഇനി പന്ത് രാജസ്ഥാന്‍ റോയല്‍സിന്‍റെ കോർട്ടിലെന്നും ചെന്നൈ ടീം വൃത്തങ്ങള്‍ വ്യക്തമാക്കിയെങ്കിലും സഞ്ജുവിന്‍റെ കാര്യത്തില്‍ ചർച്ചകൾ തുടരുമെന്ന് ഇരു ഫ്രാഞ്ചൈസികളും വ്യക്തമാക്കിയത് പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്നാണ് ആരാധകര്‍ പറയുന്നത്. ഐപിഎല്‍ മിനി താരലേലത്തിന് മുമ്പ് നിലനിര്‍ത്തുന്ന താരങ്ങളെയും കൈമാറുന്ന താരങ്ങളെയും അറിയിക്കാനുള്ള അവസാന തീയതി ഈ മാസം 15 ആണ്. ഇതിന് മുമ്പ് സഞ്ജുവിന്‍റെ കാര്യത്തില്‍ ഇരു ടീമുകളും ധാരണയിലെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസണില്‍ ഗുര്‍ജപ്നീത് സിംഗിന് പരിക്കേറ്റതോടൊണ് 2.2 കോടി രൂപക്ക് ചെന്നൈ ഡെവാള്‍ഡ് ബ്രെവിസിനെ പകരക്കാരനായി ടീമിലെത്തിച്ചത്. ഐപിഎല്‍ താരലേലത്തില്‍ ബ്രെവിസിനെ ആരും വാങ്ങിയിരുന്നില്ല. ആറ് മത്സരങ്ങള്‍ ചെന്നൈക്കായി കളിച്ച ബ്രെവിസ് 225 റണ്‍സെടുത്ത് തിളങ്ങിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക