
ബെംഗളൂരു: ഇന്ത്യ എക്കെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ 417 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ എക്കെതിരെ തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക എ. നാലാം ദിനം ലഞ്ചിന് പിരിയുമ്പോൾ ദക്ഷിണാഫ്രിക്ക എ വിക്കറ്റ് നഷ്ടമില്ലാതെ 139 റണ്‍സെന്ന ശക്തമായ നിലയിലാണ്. 112 പന്തില്‍ 80 റൺസോടെ ജോര്‍ദാന്‍ ഹെര്‍മാനും 52 റണ്‍സോടെ ലെസേഗോ സെനെക്വാനെയും ക്രീസില്‍. രണ്ട് സെഷനുകളും 63 ഓവറുകളും 10 വിക്കറ്റും ബാക്കിയിരിക്കെ ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ ഇനി 278 റണ്‍സ് കൂടി മതി.
വിക്കറ്റ് നഷ്ടമില്ലാതെ 25 റണ്‍സെന്ന നിലയില്‍ അവസാന ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക എയെ തുടക്കത്തിലെ വിക്കറ്റ് വീഴ്ത്തി പ്രതിരോധത്തിലാക്കാമെന്ന ഇന്ത്യൻ തന്ത്രങ്ങള്‍ വിലപ്പോയില്ല. ജോര്‍ദാന്‍ ഹെര്‍മാന്‍ തകര്‍ത്തടിച്ചപ്പോള്‍ സെനെക്വാനെ മികച്ച പിന്തുണ നല്‍കി. ആകാശ് ദീപാണ് ഇന്ത്യൻ നിരയില്‍ ഏറ്റവും കൂടുതല്‍ പ്രഹരമേറ്റുവാങ്ങിയത്. 11 ഓവറില്‍ 55 റണ്‍സാണ് ആകാശ് ദീപ് വഴങ്ങിയത്. ആറോവറില്‍ 30 റണ്‍സ് വഴങ്ങിയ കുല്‍ദീപിനും ബ്രേക്ക് ത്രൂ നല്‍കാനായില്ല.
മൂന്നാം ദിനം 78-3 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ എ ഒരുഘട്ടത്തില്‍ 116-5ലേക്ക് കൂപ്പുകുത്തി കൂട്ടത്തകര്‍ച്ച നേരിട്ടെങ്കിലും ആദ്യ ഇന്നിംഗ്സിന് പിന്നാലെ രണ്ടാം ഇന്നിംഗ്സിലും അപരാജിത സെഞ്ചുറി നേടിയ ധ്രുവ് ജുറെലിന്‍റെയും(127*) അര്‍ധസെഞ്ചുറികള്‍ നേടിയ ഹര്‍ഷ ദുബെയുടെയും(84) പരിക്കേറ്റ് മടങ്ങിയശേഷം തിരിച്ചെത്തി 54 പന്തില്‍ 65 റണ്‍സ് നേടിയ ക്യാപ്റ്റൻ റിഷഭ് പന്തിന്‍റെയും ബാറ്റിംഗ് കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സെടുത്ത് രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആറാം വിക്കറ്റില്‍ ജുറെലും ഹര്‍ഷ് ദുബെയും ചേര്‍ന്ന് 184 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയാണ് ഇന്ത്യയെ മികച്ച ലീഡിലേക്ക് നയിച്ചത്.
17 റണ്‍സെടുത്തു നില്‍ക്കെ പന്തുകൊണ്ട് കൈത്തണ്ടക്ക് പരിക്കേറ്റ് ക്രീസ് വിട്ട റിഷഭ് പന്തും ജുറെലും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ 82 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യക്ക് കൂറ്റൻ ലീഡുറപ്പാക്കി. റിഷഭ് പന്ത് പുറത്തായതിന് പിന്നാലെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 170 പന്തില്‍ 15 ഫോറും ഒരു സിക്സും പറത്തിയ ജുറെല്‍ 127 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ ആദ്യ ഇന്നിംഗ്സിലും ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിട്ടപ്പോള്‍ 175 പന്തില്‍ 132 റണ്‍സുമായി പുറത്താകാതെ നിന്ന ജുറെലിന്‍റെ അപരാജിത സെഞ്ചുറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക