
ജയ്പൂര്‍: ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. എന്തായാലും താര കൈമാറ്റം അവസാന ഘട്ടത്തിലാണ്. രവീന്ദ്ര ജഡേജയെയും സാം കറനേയും രാജസ്ഥാന്‍ റോയല്‍സിന് നല്‍കി സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈയുടെ നീക്കം. ജഡേജ, സാം കറന്‍ എന്നിവരില്‍ നിന്ന് ചെന്നൈ ടീമും സഞ്ജുവില്‍ നിന്ന് രാജസ്ഥാനും സമ്മതപത്രം ഒപ്പിട്ടുവാങ്ങി. ബിസിസിഐ, ഇസിബി ബോര്‍ഡുകളുടെ അനുമതിയോടെ താരക്കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാകും.
എന്നാല്‍ രാജസ്ഥാന്‍ ഇപ്പോഴും ഒരു പ്രതിസന്ധി മുന്നില്‍ കാണുന്നുണ്ട്. അവര്‍ക്ക് സാം കറനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കുറിച്ച് ബുദ്ധിമുട്ടാണ്. ഓവര്‍സീസ് ക്വാട്ടയാണ് പ്രശ്‌നം. വിദേശ താരത്തിന്റെ കരാര്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. നിലവിലെ വിദേശ താരങ്ങളില്‍ ഒരാളെ ഒഴിവാക്കാതെ ഇംഗ്ലണ്ട് ഓള്‍റൗണ്ടറായ സാം കറനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ രാജസ്ഥാന് കഴിയില്ല. സാം കറന്റെ പ്രതിഫലവും കരാറിന് തടസ്സമാണ്. ചെന്നൈയില്‍ 2.4 കോടി രൂപയാണ് കറന്റെ പ്രതിഫലം. രാജസ്ഥാന് ആകെ 30 ലക്ഷം രൂപമാത്രമാണ് ലേലത്തില്‍ ബാക്കി ഉളളത്. ടീമിലെ വിലയേറിയ താരങ്ങളെ വിറ്റ് മാത്രമേ രാജസ്ഥാന് ജഡേജയെയും സാം കറനേയും സ്വന്തമാക്കാന്‍ കഴിയൂ.
ആരെ ഒഴിവാക്കുമെന്നുള്ളതാണ് രാജസ്ഥാന്റെ ആശയക്കുഴപ്പം. മഹീഷ് തീക്ഷണയെ ഒഴിവാക്കുമെന്ന് നേരത്തെ വാര്‍ത്തുകളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തെ മാത്രം ഒഴിവാക്കിയാല്‍ കാര്യം നടക്കില്ല. കൂടുതല്‍ പ്രതിഫലമുള്ള മറ്റൊരു താരത്തെ കൂടി രാജസ്ഥാന് ഒഴിവാക്കേണ്ടി വരും. കറനെ കൊണ്ടുവരാന്‍ ശ്രീലങ്കന്‍ ഓള്‍റൗണ്ടറായ വാനിന്ദു ഹസരങ്കയെ കൂടി രാജസ്ഥാന്‍ ഒഴിവാക്കിയേക്കും. അത്തരത്തില്‍ ധാരണ ആയതായിട്ടാണ് പുറത്തുവരുന്ന വിവരം.
അതേസമയം സഞ്ജുവിന് 31-ാ പിറന്നാളാശംസകള്‍ നേര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രാവിലെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റ് വൈറലായി. വിസില്‍ പോട് എന്ന ഹാഷ് ടാഗോടെയുള്ള പോസ്റ്റ് സഞ്ജു ചെന്നൈ ടീമിലെത്തുമെന്ന സൂചനയായാണ് ആരാധകര്‍ ഏറ്റെടുത്തത്. രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകളും സഞ്ജുവിന് ജന്മദിനാശംകള്‍ അറിയിച്ചു.
ഈ മാസം 15ന് മുമ്പ് താരലേലത്തിന് മുമ്പ് നിലനിര്‍ത്തുന്ന താരങ്ങളുടെ കാര്യത്തില്‍ ടീമുകള്‍ക്ക് തീരുമാനമെടുക്കണം. ഇതിന് മുമ്പ് സഞ്ജുവിന്റെ കൂടുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.