
റിയാദ്: മലയാളികളുടെ അഭിമാനതാരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാനപങ്കാളിയായി സൗദി അറേബ്യയുടെ സുസ്ഥിര നഗരപദ്ധതിയായ 'നിയോം'. ടീം ഉടമസ്ഥരുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം, 2024ലും 2025ലും നടക്കുന്ന ഇന്ത്യ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സ് നിയോം ലോഗോ പതിച്ച ജഴ്‌സിയണിയും. ഞങ്ങളുടെ പ്രധാന പങ്കാളിയായി നിയോം എത്തുന്നതില്‍ വളരെ സന്തുഷ്ടരാണെന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ ലീഡ് ഉടമ മനോജ് ബദാലെ മാധ്യമങ്ങളോട് പ്രതികരിച്ചു. ആഗോളതലത്തില്‍ വ്യാപിക്കാനുള്ള ടീമിന്റെ പ്രയത്‌ന പാതയില്‍ ഈ കരാര്‍ ഒരു സുപ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു.
മനോജ് തുടര്‍ന്നു... ''കഴിഞ്ഞ ഒരു വര്‍ഷമായി, ഞങ്ങള്‍ നിയോമുമായി സഹകരിക്കുന്നുണ്ട്. ഒരു ഫ്രാഞ്ചൈസിയും ക്രിക്കറ്റ് വിദഗ്ധരും എന്ന നിലയില്‍ നല്ല സാമൂഹിക സ്വാധീനം സൃഷ്ടിക്കുന്നതിനായി ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. നിയോം നഗരത്തിനുള്ളില്‍ ഒരു കായികയിനമെന്ന നിലയില്‍ ക്രിക്കറ്റിനെ എത്തിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നത് മാത്രമല്ല, ഒരു സമൂഹത്തെ പരിപോഷിപ്പിക്കുക എന്ന അവരുടെ ദൗത്യത്തില്‍ മികച്ച സംഭാവന നല്‍കുകയും ചെയ്തു. സൗദി അറേബ്യന്‍ ഭരണകൂടവും സൗദി ക്രിക്കറ്റ് ഫെഡറേഷനും നയിക്കുന്ന രാജ്യത്തുടനീളമുള്ള കായികരംഗത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചക്ക് സംഭാവന നല്‍കാനാകുന്നതില്‍ സന്തോഷം. നിയോം ക്രിക്കറ്റിന്റെ പതാകവാഹകരാകുന്നതില്‍ ഞങ്ങള്‍ കൂടുതല്‍ സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023-ലെ പ്രാഥമിക സഹകരണത്തിന്റെ വിജയം അടിസ്ഥാനമാക്കിയാണ് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ഉടമ്പടിയുടെ ഭാഗമായി രാജസ്ഥാന്‍ റോയല്‍സും സൗദി അറേബ്യന്‍ ക്രിക്കറ്റ് ഫെഡറേഷനും സംയുക്തമായി നിയോമില്‍ സൗദി അറേബ്യ യുവതീ യുവാക്കള്‍ക്ക് ക്രിക്കറ്റില്‍ തങ്ങളുടെ പ്രതിഭയെ പരിപോഷിപ്പിക്കാനുള്ള അവസരമൊരുക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!