
ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ബൗളിംഗ് തെരഞ്ഞെടുത്തു. മഴ കാരണം, 25 മിനിറ്റ് വൈകിയാണ് ടോസിട്ടത്. മത്സരം തുടങ്ങുന്ന സമയം 7.40 ആയി പുനർ നിര്‍ണയിച്ചിട്ടുണ്ട്. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ മത്സരത്തിനിടെ മഴ പെയ്യുമെന്ന പ്രവചനമുണ്ട്. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. നാന്ദ്രെ ബര്‍ഗര്‍ക്ക് പകരം കുല്‍ദീപ് സെന്‍ രാജസ്ഥാന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. ഫോമിലല്ലെങ്കിലും ഓപ്പണറായി യശസ്വി ജയ്സ്വാള്‍ തന്നെ ജോസ് ബട്‌ലര്‍ക്കൊപ്പം ക്രീസിലെത്തും. ഗുജറാത്ത് ടീമില്‍ പരിക്കേറ്റ ഡേവിഡ് മില്ലര്‍ ഇന്നും പ്ലേയിംഗ് ഇലവനിലില്ല. കെയ്ന്‍ വില്യംസണ് പകരം മാത്യു വെയ്ഡും ബി ആര്‍ ശരത്തിന് പകരം അഭിനവ് മനോഹറും ഗുജറാത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.
സീസണിലെ തുടര്‍ച്ചയായ അഞ്ചാം ജയവും ഹോം ഗ്രൗണ്ടിലെ മൂന്നാം ജയവും ലക്ഷ്യമിട്ടാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ജയ്പൂരില്‍ കളിച്ച മത്സരങ്ങളില്‍ 193 റണ്‍സും 185 റണ്‍സും പ്രതിരോധിച്ച രാജസ്ഥാന്‍ 184 റണ്‍സ് ചേസ് ചെയ്ത് ജയിക്കുകയും ചെയ്തു. സീസണില്‍ തോല്‍വി അറിയാത്ത ഏക ടീമും രാജസ്ഥാനാണ്. അതേസമയം, നല്ല തുടക്കത്തിനുശേഷം ഗുജറാത്ത് ടൈറ്റന്‍സാവട്ടെ അവസാന രണ്ടുകളിയും തോറ്റു. വീണ്ടും ഹോം മത്സരത്തിനിറങ്ങുമ്പോള്‍ ഓപ്പണര്‍ യശസ്വീ ജയ്‌സ്വാളിന്‍റെ മങ്ങിയ ഫോം മാത്രമാണ് സഞ്ജുവിന്‍റെ തലവേദന. നാല് കളിയില്‍ യശസ്വിക്ക് നേടാനായാത് 24 റണ്‍സ് മാത്രം.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരെ തകര്‍പ്പന്‍ സെഞ്ചുറിയിലുടെ ജോസ് ബട്‌ലറും ഫോമിലേക്ക് എത്തിയതോടെ രാജസ്ഥാന്‍റെ കരുത്തു കൂടിയിട്ടുണ്ട്. പവര്‍പ്ലേയില്‍ ട്രെന്‍റ് ബോള്‍ട്ടിന്‍റെ വിക്കറ്റ് വേട്ടയും ആര്‍ അശ്വിന്‍ - യൂസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ ജോഡിയുടെ കണിശതയും കൂടിയാവുമ്പോള്‍ ക്യാപ്റ്റന്‍ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പം. മില്ലറുടെ അഭാവത്തില്‍ മധ്യനിര റണ്‍ കണ്ടെത്താത്തതാണ് ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്തിന്‍റെ പ്രതിസന്ധി.
റാഷിദ് ഖാന്‍ ഒഴികെയുള്ള ബൗളര്‍മാരും പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല. അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമുള്ള ഗുജറാത്ത് നിലവില്‍ പോയന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. നേര്‍ക്കുനേര്‍ കണക്കില്‍ ഗുജറാത്തിനാണ് ആധിപത്യം. കളിച്ച അഞ്ച് മത്സരങ്ങളില്‍ 2022ലെ ഫൈനലില്‍ ഉള്‍പ്പടെ നാലിലും ഗുജറാത്ത് ജയിച്ചു.
ഗുജറാത്ത് ടൈറ്റന്‍സ് പ്ലേയിംഗ് ഇലവൻ: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), സായ് സുദർശൻ, വിജയ് ശങ്കർ, അഭിനവ് മനോഹർ, മാത്യു വെയ്ഡ്, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, ഉമേഷ് യാദവ്, സ്പെൻസർ ജോൺസൺ, നൂർ അഹമ്മദ്, മോഹിത് ശർമ.
രാജസ്ഥാന്‍ റോയല്‍സ് പ്ലേയിംദ് ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, ജോസ് ബട‌്ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജൂറെല്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്‍റ് ബോള്‍ട്ട്, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് സെന്‍, ആവേശ് ഖാന്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!