ഭുവനേശ്വര്‍ കുമാറിന്‍റെ 140 കിലോ മീറ്റര്‍ വേഗത്തിലെത്തിയ പന്തില്‍ ഫ്രണ്ട് ഫൂട്ടില്‍ കയറി അടിക്കാന്‍ നോക്കിയ ധവാനെ ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ ഹെന്‍റിച്ച് ക്ലാസന്‍ മിന്നല്‍ സ്റ്റംപിംഗിലൂടെ പുറത്താക്കിയത് കാണികള്‍ അവിശ്വസനീയതോടെയാണ് കണ്ടത്.

മുള്ളന്‍പൂര്‍: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് കിംഗ്സിന് തുടക്കത്തിലെ ജോണി ബെയര്‍സ്റ്റോയെയും പ്രഭ്സിമ്രാന്‍ സിംഗിനെയും നഷ്ടമായതോടെ പവര്‍ പ്ലേയില്‍ പ്രതീക്ഷ ക്യാപ്റ്റന്‍ ശിഖര്‍ ധവാനിലായിരുന്നു. താളം കണ്ടെത്താന്‍ കഴിയാതിരുന്ന ധവാന്‍ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ സ്ലിപ്പില്‍ നല്‍കിയ അനായാസ ക്യാച്ച് അബ്ദുള്‍ സമദിന്‍റെ കൈകള്‍ക്കിടയിലൂടെ ചോര്‍ന്ന് ബൗണ്ടറി കടന്നപ്പോള്‍ ആരാധകര്‍ കരുതിയത് ഇന്ന് ധവാന്‍റെ ദിവസമാണെന്നായിരുന്നു.

എന്നാല്‍ വീണു കിട്ടിയ ഭാഗ്യം മുതലാക്കാന്‍ ക്ഷമ നശിച്ച ധവാന് കഴിഞ്ഞില്ല. ഭുവനേശ്വര്‍ കുമാറിന്‍റെ 140 കിലോ മീറ്റര്‍ വേഗത്തിലെത്തിയ പന്തില്‍ ഫ്രണ്ട് ഫൂട്ടില്‍ കയറി അടിക്കാന്‍ നോക്കിയ ധവാനെ ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ ഹെന്‍റിച്ച് ക്ലാസന്‍ മിന്നല്‍ സ്റ്റംപിംഗിലൂടെ പുറത്താക്കിയത് കാണികള്‍ അവിശ്വസനീയതോടെയാണ് കണ്ടത്. സ്പിന്നര്‍മാരുടെ പന്തുകളില്‍ ധോണിയടക്കമുള്ളവര്‍ മിന്നല്‍ വേഗത്തില്‍ സ്റ്റംംപിഗ് നടത്തി ഞെട്ടിച്ചിട്ടുണ്ടെങ്കിലും ക്ലാസന്‍റെ തട്ട് താണു തന്നെ നില്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

Scroll to load tweet…

ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്സിനെ രണ്ട് റണ്‍സിന് തോല്‍പ്പിച്ചാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബിനായി കഴിഞ്ഞ മത്സരത്തിലേതുപോലെ ശശാങ്ക് സിംഗും(25 പന്തില്‍ 46*) അശുതോഷ് ശര്‍മയും(15 പന്തില്‍ 33*) പൊരുതി നോക്കിയെങ്കിലും അവസാന ഓവറില്‍ പഞ്ചാബ് രണ്ട് റണ്‍സകലെ പൊരുതി വീണു. ഹൈദരാബാദിനായി ജയദേവ് ഉനദ്ഘട്ട് എറിഞ്ഞ അവസാന ഓവറില്‍ 29 റണ്‍സായിരുന്നു പ‍ഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മൂന്ന് ക്യാച്ചുകള്‍ കൈവിട്ട ഓവറില്‍ പഞ്ചാബ് 26 റണ്‍സടിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക