
ജയ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റിലെ എലൈറ്റ് ഗ്രൂപ്പ് പോരാട്ടത്തില്‍ തുടക്കത്തിലെ കൂട്ടത്തകര്‍ച്ചക്കുശേഷം തകര്‍ത്തടിച്ച വിക്കറ്റ് കീപ്പര്‍ ഹേത് പട്ടേലിന്‍റെയും(Het Patel) കരണ്‍ പട്ടേലിന്‍റെയും(Karan Patel) സെഞ്ചുറികളുടെ മികവില്‍ കേരളത്തിനെതിരെ ആദ്യ ദിനം ഗുജറാത്ത് മികച്ച സ്കോറിലേക്ക്. തുടക്കത്തില്‍ 33-4ലേക്കും പിന്നീട് 90-5ലേക്കും വീണ ഗുജറാത്ത് ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുത്തിട്ടുണ്ട്. 146 റണ്‍സുമായി ഹേത് പട്ടേല്‍ ക്രീസിലുണ്ട്. 120 റണ്‍സെടുത്ത കരണ്‍ പട്ടേല്‍ പുറത്തായി. ഒമ്പത് റണ്‍സോടെ റൂത്ത് കലാറിയ ആണ് ഹേത് പട്ടേലിന് കൂട്ട്. കേരളത്തിനായി എം നിധീഷ്(M Nidheesh) നാലു വിക്കറ്റുമായി തിളങ്ങി.
ടേസ് നഷ്ടമായി ക്രീസിലിറങ്ങിയ ഗുജറാത്തിന് ഇന്നിംഗ്സ് തുറക്കും മുമ്പെ ആദ്യ ഓവറിലെ തിരിച്ചടിയേറ്റു. ആദ്യ ഓവറിലെ നാലാം പന്തില്‍ ഓപ്പണര്‍ കതന്‍ പട്ടേലിനെ(0) എം ഡി നിധീഷ് വത്സല്‍ ഗോവിന്ദിന്‍റെ കൈകളിലെത്തിച്ചു. സ്കോര്‍ 12ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ ഭാര്‍ഗവ് മേറായിയെ(0) പൂജ്യത്തിന് മടക്കി നിധീഷ് ഇരട്ടപ്രഹരമേല്‍പ്പിച്ചു.
സ്കോര്‍ 33ല്‍ നില്‍ക്കെ ഓപ്പണറായ സൗരവ് ചൗഹാനെ(25) ഏദന്‍ ആപ്പിള്‍ ടോം മടക്കി. അതേ സ്കോറില്‍ മന്‍പ്രീത് ജുനേജയെ(3) ബേസില്‍ തമ്പി വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഗുജറാത്ത് 33-4ലേക്ക് കൂപ്പുകുത്തി.എന്നാല്‍ അഞ്ചാമനായി ക്രീസിലെത്തിയ ഹേത് പട്ടേല്‍ ആദ്യം ഉമാങ് കുമാറിനെ(24) കൂട്ടുപിടിച്ച് രക്ഷാപ്രവര്‍ത്തനം തുടങ്ങി.
സ്കോര്‍ 90ല്‍ നില്‍ക്കെ ഉമാങിനെ വീഴ്ത്തി നിധീഷ് വീണ്ടും തിരിച്ചടി നല്‍കിയെങ്കിലും ഏഴാമനായി ക്രീസിലെത്തി കരണ്‍ പട്ടേലുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ഹേത്ത് പട്ടേല്‍ ഗുജറാത്തിനെ സുരക്ഷിത സ്കോറിലേക്ക് നയിച്ചു. 50 ഓവറോളം നീണ്ട കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 234 റണ്‍സടിച്ചു. 166 പന്തില്‍ 120 റണ്‍സെടുത്ത കരണ്‍ പട്ടേലിനെ ആദ്യ ദിവസത്തെ അവസാന മണിക്കൂറില്‍ പുറത്താക്കി നിധീഷ് ഗുജറാത്തിന്‍റെ പ്രതിരോധം ഭേദിച്ചെങ്കിലും ഹേത് പട്ടേല്‍ ക്രീസിലുള്ളത് കേരളത്തിന് തലവദേനയാണ്.
മന്ഥാന, ഹര്‍മന്‍പ്രീത്, മിതാലി ബാറ്റിംഗ് ഷോ; ഇന്ത്യന്‍ വനിതകള്‍ക്ക് കാത്തിരുന്ന ജയം
കേരളത്തിനായി എം ഡി നിധീഷ് 30 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ബേസില്‍ തമ്പിയും ഏദന്‍ ആപ്പിള്‍ ടോമും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ മത്സരത്തില്‍ മേഘാലയക്കെതിരെ ഇന്നിംഗ്സിനും 166 റണ്‍സിനും ജയിച്ചാണ് കേരളം ഗുജറാത്തിനെ നേരിടാനിറങ്ങിയത്. ആദ്യ മത്സരം കളിച്ച പേസര്‍ എസ് ശ്രീശാന്തിന് രണ്ടാം മത്സരത്തിന് തൊട്ടു മുമ്പ് കാല്‍മുട്ടിന് പരിക്കേറ്റത് കേരളത്തിന് തിരിച്ചടിയായി. പരിശീലനത്തിനിടെ പരിക്കേറ്റ ശ്രീശാന്ത് നടക്കാന്‍ പോലും ബുദ്ധിമുട്ടിയാണ് ഗ്രൗണ്ട് വിട്ടത്.