ഐപിഎല്‍ 2022 സീസണിലെ മുഴുവന്‍ മത്സരങ്ങള്‍ക്കും ഇന്ത്യ വേദിയാകുമെന്ന് നേരത്തെ ബിസിസിഐ അറിയിച്ചിരുന്നു

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ (IPL 2022) മുംബൈ ഇന്ത്യന്‍സിന്‍റെ (Mumbai Indians) മത്സരങ്ങള്‍ വാങ്കഡെയില്‍ (Wankhede Stadium Mumbai) നടത്തുന്നതില്‍ ചില ഫ്രാ‌ഞ്ചൈസികള്‍ എതിര്‍പ്പ്. വാങ്കഡെയില്‍ മുംബൈ ഇന്ത്യന്‍സിന് ഹോം ആനുകൂല്യം ലഭിക്കും എന്നതാണ് ഫ്രാഞ്ചൈസികള്‍ എതിര്‍പ്പറിയിക്കാന്‍ കാരണം. അതേസമയം ഐപിഎല്‍ മത്സരങ്ങളുടെ തിയതികളുടെയും വേദികളുടേയും കാര്യത്തില്‍ അന്തിമ തീരുമാനമാകുന്നതേയുള്ളൂ. 

'മറ്റൊരു ടീമിനും ഹോം മത്സരങ്ങള്‍ ലഭിക്കില്ല. വാങ്കഡെയില്‍ മുംബൈ ഏറെ മത്സരങ്ങള്‍ കളിക്കേണ്ടിവന്നാല്‍ അത് അനീതിയാണ്. വര്‍ഷങ്ങളായി മുംബൈ ഇന്ത്യന്‍സിന്‍റെ തട്ടകമാണ് വാങ്കഡെ. ഫ്രാഞ്ചൈസികള്‍ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്. മുംബൈയിലെയും പുനെയിലേയും മറ്റ് വേദികളില്‍ മുംബൈ ഇന്ത്യന്‍സ് കളിക്കുന്നതില്‍ എതിര്‍പ്പില്ലെ'ന്നും പേര് വെളിപ്പെടുത്താത്ത ഫ്രാഞ്ചൈസി ഉന്നതനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്‌തു. ബിസിസിഐ ഈ വിഷയം പരിഗണിക്കുമെന്നാണ് ഫ്രാഞ്ചൈസികളുടെ പ്രതീക്ഷ. 

ഐപിഎല്‍ 2022 സീസണിലെ മുഴുവന്‍ മത്സരങ്ങള്‍ക്കും ഇന്ത്യ വേദിയാകുമെന്ന് നേരത്തെ ബിസിസിഐ അറിയിച്ചിരുന്നു. മുംബൈയിലെയും പുനെയിലെയും അഞ്ച് സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍. വാങ്കഡെ സ്റ്റേഡിയം(മുംബൈ), ബ്രബോണ്‍ സ്റ്റേഡിയം(മുംബൈ), ഡി വൈ പാട്ടീല്‍ സ്റ്റേഡിയം(നവി മുംബൈ), റിലയന്‍സ് ക്രിക്കറ്റ് സ്റ്റേഡിയം(നവി മുംബൈ), മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം(പുനെ) എന്നിവയാണ് വേദികള്‍. 2019 സീസണിന് ശേഷം ആദ്യമായാണ് സമ്പൂര്‍ണ ഐപിഎല്ലിന് ഇന്ത്യ വേദിയൊരുക്കുന്നത്.

ഐപിഎല്‍ ഭരണസമിതിയും ബിസിസിഐയും ഇതുവരെ വരും സീസണിലെ മത്സരക്രമം പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും മാര്‍ച്ച് അവസാന വാരം മത്സരങ്ങള്‍ ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മെയ് അവസാനം വരെ സീസണ്‍ നീണ്ടേക്കും.

Rohit on Sanju : 'കൈവിടില്ല, അവന്‍ ലോകകപ്പ് പദ്ധതികളുടെ ഭാഗം'; സഞ്ജു സാംസണെ കുറിച്ച് രോഹിത് ശര്‍മ