
ബെംഗളൂരു: രഞ്ജി ട്രോഫി ഫൈനലില്‍(Ranji Trophy Final) മധ്യപ്രദേശിനെതിരെ മുംബൈ(Madhya Pradesh vs Mumbai Final) ആദ്യദിനം ഭേദപ്പെട്ട നിലയില്‍. ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ 90 ഓവറില്‍ അഞ്ച് വിക്കറ്റിന് 248 എന്ന നിലയിലാണ് മുംബൈ. 40* റണ്ണുമായി സർഫറാസ് ഖാനും(Sarfaraz Khan) 12* റണ്ണെടുത്ത് ഷാംസ് മലാനിയുമാണ്(Shams Mulani) ക്രീസില്‍. 78 റണ്ണെടുത്ത ഓപ്പണർ യശസ്വി ജയ്സ്വാളാണ്(Yashasvi Jaiswal) നിലവിലെ ടോപ് സ്കോറർ. അനുഭവ് അഗർവാളും സരാംന്‍ഷ് ജയ്നും രണ്ടുവീതം വിക്കറ്റ് നേടി.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈക്ക് മോശമല്ലാത്ത തുടക്കമാണ് നായകന്‍ പൃഥ്വി ഷായും യശസ്വി ജയ്സ്വാളും നല്‍കിയത്. 27.4 ഓവറില്‍ 87 റണ്‍സ് ഇരുവരും കൂട്ടിച്ചേർത്തു. 79 പന്തില്‍ 47 റണ്‍സെടുത്ത ഷായെ അനുഭവ് അഗർവാള്‍ ബൗള്‍ഡാക്കുകയായിരുന്നു. മൂന്നാമന്‍ അർമാന്‍ ജാഫറിന്‍റെ പോരാട്ടം 26ലും പിന്നാലെ സുവേദ് പാർക്കർ 18ലും മടങ്ങിയതോടെ മുംബൈ 50.1 ഓവറില്‍ 147-3.
എന്നാല്‍ ഒരറ്റത്ത് നിലയുറപ്പിച്ച യശസ്വി ജയ്സ്വാള്‍ അർധ സെഞ്ചുറി തികച്ചു. 168 പന്തില്‍ 78 റണ്‍സെടുത്ത ജയ്സ്വാളിനെ അനുഭവ് അഗർവാള്‍ പുറത്താക്കിയത് മുംബൈക്ക് തിരിച്ചടിയായി. ക്രീസിലെത്തിയ വിക്കറ്റ് കീപ്പർ ഹാർദിക് തമോറിന്‍റെ പോരാട്ടം 24 റണ്‍സില്‍ അവസാനിച്ചതോടെ മുംബൈ 74.5 ഓവറില്‍ 228-5. ആറാം വിക്കറ്റില്‍ മുംബൈയെ കരകയറ്റാനുള്ള ശ്രമത്തിലാണ് സർഫറാസ് ഖാനും ഷാംസ് മലാനിയും.
Rumeli Dhar Retires : ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം റുമേലി ഥർ വിരമിച്ചു