രഞ്ജി ട്രോഫി: കര്‍ണാടകയ്‌ക്കെതിരെ കേരളത്തിന് സമനില

By Web TeamFirst Published Jan 20, 2023, 4:34 PM IST
Highlights

143 റണ്‍സിന്‍റെ ലീഡ് വഴങ്ങിയ കേരളത്തിന്‍റെ രണ്ടാം ഇന്നിംഗ്‌സ് വിക്കറ്റ് വീഴ്‌ചയോടെയാണ് തുടങ്ങിയത്

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ എലൈറ്റ് ഗ്രൂപ്പ് സിയില്‍ കരുത്തരായ കര്‍ണാടകയ്ക്ക് എതിരായ മത്സരത്തില്‍ കേരളത്തിന് സമനില. കര്‍ണാടക 143 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയപ്പോള്‍ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റിന് 96 റണ്‍സെന്ന നിലയില്‍ നില്‍ക്കേ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. കേരളത്തിന്‍റെ ആദ്യ ഇന്നിംഗ്‌സ് സ്കോറായ 342 റണ്‍സിന് മറുപടിയായി കര്‍ണാടക ഒന്നാം ഇന്നിംഗ്‌സില്‍ 9 വിക്കറ്റിന് 485 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. സ്‌കോര്‍: കര്‍ണാടക-485/9 ഡിക്ലയര്‍, കേരളം- 342 & 96/4

143 റണ്‍സിന്‍റെ ലീഡ് വഴങ്ങിയ കേരളത്തിന്‍റെ രണ്ടാം ഇന്നിംഗ്‌സ് വിക്കറ്റ് വീഴ്‌ചയോടെയാണ് തുടങ്ങിയത്. ഇതോടെ മത്സരം സമനിലയില്‍ അവസാനിപ്പിക്കുക മാത്രമായി ലക്ഷ്യം. കേരളത്തിന് സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പേ ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിന്‍റെ(0) വിക്കറ്റ് നഷ്ടമായി. വിജയകുമാര്‍ വൈശാഖാണ് രോഹനെ പുറത്താക്കിയത്. സഹ ഓപ്പണര്‍ പി രാഹുലിന്‍റെ പോരാട്ടം 42 പന്തില്‍ 15 റണ്‍സില്‍ അവസാനിച്ചു. പിന്നാലെ രോഹന്‍ പ്രേം 42 പന്തില്‍ 14 റണ്‍സുമായി മടങ്ങി. കൃഷ്‌ണപ്പ ഗൗതമിനായിരുന്നു ഇരു വിക്കറ്റുകളും. കൃഷ്‌ണപ്പ ഗൗതം തന്നെ വത്‌സാല്‍ ഗോവിന്ദിനേയും(76 പന്തില്‍ 26) പുറത്താക്കിയെങ്കിലും സച്ചിന്‍ ബേബിയും സല്‍മാന്‍ നിസാറും നടത്തിയ പ്രതിരോധം കേരളത്തിന് സമനില സമ്മാനിച്ചു. സച്ചിന്‍ 109 പന്തില്‍ 37* ഉം സല്‍മാന്‍ 29 പന്തില്‍ 4* ഉം റണ്‍സുമായാണ് പുറത്താകാതെ നിന്നത്. 

സെഞ്ചുറി നേടിയ സച്ചിന്‍ ബേബിയുടെ കരുത്തില്‍ നേരത്തെ കേരളം ഒന്നാം ഇന്നിംഗ്‌സില്‍ 10 വിക്കറ്റിന് 342 റണ്‍സാണ് എഴുതിച്ചേര്‍ത്തത്. സച്ചിന്‍ 307 പന്തില്‍ 141 റണ്‍സെടുത്തപ്പോള്‍ ജലജ് സക്‌സേന 57 ഉം വത്‌സാല്‍ ഗോവിന്ദ്  46 ഉം റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ നായകന്‍ മായങ്ക് അഗര്‍വാളിന്‍റെ ഇരട്ട സെഞ്ചുറിയാണ് കര്‍ണാടകയ്ക്ക് ലീഡ് സമ്മാനിച്ചത്. 360 പന്തില്‍ 208 റണ്‍സ് നേടിയ മായങ്കാണ് കളിയിലെ താരം. നികിന്‍ ജോസും(54), ശരത് ബിആറും(53), ശുഭാംഗ് ഹെഡ്‌ഡെയും(50*) അര്‍ധസെഞ്ചുറി നേടി. 

രഞ്ജി ട്രോഫി: കര്‍ണാടകക്ക് മികച്ച ഒന്നാം ഇന്നിംഗ്സ് ലീഡ്, കേരളത്തിന്‍റെ പ്രതീക്ഷ മങ്ങി;ഇനി സമനിലക്കായുള്ള കളി
 

click me!