
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ മുംബൈ ശക്തമായ നിലയില്‍. തിരുവനന്തപുരം തുമ്പ സെന്‍റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഏഴ് റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ മുംബൈ രണ്ടാം ഇന്നിംഗ്സില്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 105 റണ്‍സെന്ന നിലയിലാണ്. ഒരു ദിവസവും 10 വിക്കറ്റും മാത്രം ബാക്കിയിരിക്കെ മുംബൈക്ക് 112 റണ്‍സിന്‍റെ ആകെ ലീഡുണ്ട്. 59 റണ്‍സുമായി ജേ ബിസ്തയും 41 റണ്‍സോടെ ഭൂപന്‍ ലവ്‌ലാനിയും ക്രീസില്‍. നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ മുംബൈയുടെ 251 രണ്‍സിനെതിരെ മൂന്നാം ദിനം 221-5 എന്ന സ്കോറില്‍ നിന്നാണ് കേരളം അവസാന അഞ്ച് വിക്കറ്റുകള്‍ 23 റണ്‍സിന് നഷ്ടമാക്കി ലീഡ് വഴങ്ങിയത്.
65 റണ്‍സ് നേടിയ സച്ചിന്‍ ബേബിയാണ് കേരളത്തിന്‍റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ (56) കേരളത്തിനായി അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 38 റണ്‍സെടുത്ത് പുറത്തായി. ഏഴ് വിക്കറ്റ് നേടിയ മോഹിത് അവാസ്തിയാണ് കേരളത്തെ തകര്‍ത്തത്. രോഹന്‍ കുന്നമ്മലും കൃഷ്ണ പ്രസാദും ചേര്‍ന്ന് മോശമല്ലാത്ത തുടക്കമാണ് കേരളത്തിന് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ രോഹന്‍ - കൃഷ്ണ പ്രസാദ് (21) സഖ്യം 46 റണ്‍സ് ചേര്‍ത്തു. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുകയെന്ന രീതിയാണ് ഇരുവരും സ്വീകരിച്ചത്.
എന്നാല്‍ എട്ടാം ഓവറിലെ ആദ്യ പന്തില്‍ കൃഷ്ണ പ്രസാദിന്‍റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി. പിന്നീടെത്തിയ രോഹന് പ്രേമിന് (0) നാല് പന്ത് മാത്രമായിരുന്നു ആയുസ്. ഇതോടെ രണ്ടിന് 46 എന്ന നിലയിലായി കേരളം. തുടര്‍ന്ന് സച്ചിന്‍ ബേബി - രോഹന്‍ സഖ്യം പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇരുവരും 63 റണ്‍സ് കൂട്ടിചേര്‍ത്തു. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി ഉടന്‍ രോഹനെ, ദുബെ ബൗള്‍ഡാക്കി. എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു രോഹന്‍റെ ഇന്നിംഗ്‌സ്.
പിന്നാലെ ക്രീസിലെത്തിയ സഞ്ജു ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. എന്നാല്‍ 36 പന്തില്‍ അഞ്ച് ബൗണ്ടറികള്‍ പറത്തി 38 റണ്‍സടിച്ച സഞ്ജു ഷംസ് മുലാനിയുടെ പന്തില്‍ ശിവം ദുബെക്ക് ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ന്നെത്തിയ വിഷ്ണു വിനോദ് (29), ശ്രേയസ് ഗോപാല്‍ (12), ജലജ് സക്‌സേന (0) എന്നിവര്‍ക്കും തിളങ്ങാനായില്ല. ബേസില്‍ തമ്പി (1), വിശ്വേഷര്‍ സുരേഷ് (4) എന്നിവരും കാര്യമായൊന്നും ചെയ്യാതെ മടങ്ങി. നിധീഷ് എം ഡി (6) പുറത്താവാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക