
രാജ്‌കോട്ട്: രഞ്ജി ട്രോഫിയില്‍ (Ranji Trophy) മേഘാലയക്കെതിരെ കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. എലൈറ്റ് ഗ്രൂപ്പ് എയില്‍ ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ കേരളം (Keralam) ഒരു വിക്കറ്റ് നഷ്ടത്തില്‍ .205 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ചുറി നേടിയ രോഹന്‍ കുന്നുമ്മലിന്റെ (107) വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. പി രാഹുല്‍ (91), ജലജ് സക്‌സേന (4) എന്നിവരാണ് ക്രീസില്‍. നേരത്തെ മേഘാലയയുടെ ഒന്നാം ഇന്നിംഗ്‌സ് 148ന് അവസാനിച്ചിരുന്നു. ഏതന്‍ ആപ്പിള്‍ ടോമിന്റെ (Eden Apple Tom) നാല് വിക്കറ്റ് പ്രകടനമാണ് മേഘാലയയെ തകര്‍ത്തത്. മനു കൃഷ്ണന്‍ മൂന്നൂം എസ് ശ്രീശാന്ത് രണ്ട് വിക്കറ്റും വീഴ്ത്തി.
മേഘാലയയുടെ ദുര്‍ബലമായ ബൗളിംഗ് നിരയ്‌ക്കെതിരെ ആക്രമിച്ചാണ് രോഹന്‍ കളിച്ചത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ താരം 97 പന്തിലാണ് 107 റണ്‍സ് നേടിയത്. ഇതില്‍ 17 ഫോറും ഒരു സിക്‌സും ഉള്‍പ്പെടും. ഒന്നാംദിവസത്തെ അവസാന ഓവറില്‍ താരം വിക്കറ്റ് നല്‍കുകയായിരുന്നു. രാഹുല്‍ ശ്രദ്ധയോടെയാണ് കളിച്ചത്. ഒരു സിക്‌സും 13 ഫോറും താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 201 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നേരത്തെ അരങ്ങേറ്റക്കാരന്‍ ഏദന്റെ പ്രകടനമാണ് കേരളത്തിന് മേല്‍ക്കൈ നല്‍കിയത്.
എറിഞ്ഞ ആദ്യ പന്തില്‍ തന്നെ താരം വിക്കറ്റ് നേടി. പിന്നാലെ മധ്യനിരയിലെ മൂന്ന് വിക്കറ്റുകല്‍ കൂടി താരം സ്വന്തമാക്കി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായതോടെ ശക്തമായ കൂട്ടുകെട്ട് പോലും മേഘാലയയുടെ ഇന്നിംഗ്‌സില്‍ പിറന്നില്ല. 93 റണ്‍സെടുത്ത ക്യാപ്റ്റന്‍ പുനിത് ബിഷ്്ട് മാത്രമാണ് പിടിച്ചുനിന്നത്. ബിഷ്ടിനെ മനുവാണ് പുറത്താക്കിയത്. മത്സരത്തിലെ ആദ്യ വിക്കറ്റ് നേടിയതും മനു തന്നെ. വാലറ്റത്തെ ശ്രീശാന്ത് ചുരുട്ടികെട്ടിയതോടെ മേഘാലയ കൂടാരം കയറി. വിലക്കിന് ശേഷം രഞ്ജി ട്രോഫിയിലേക്കുള്ള തിരിച്ചുവരവും ശ്രീശാന്ത് ആഘോഷമാക്കി.
രഹാനെയ്ക്ക് സെഞ്ചുറി
ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ഇന്ത്യന്‍ സീനിയര്‍ താരം അജിന്‍ക്യ രഹാനെയുടെ സെഞ്ചുറിയാണ് മറ്റൊരു പ്രത്യേകത. മുംബൈക്ക് വേണ്ടിയാണ് താരം കളിക്കുന്നത്. സൗരാഷ്ട്രയ്‌ക്കെതിരായ മത്സരത്തില്‍ 108 റണ്‍സുമായി താരം ക്രീസിലുണ്ട്. 121 റണ്‍സ് നേടിയ സര്‍ഫറാസ് ഖാനാണ് രഹാനെയ്ക്ക കൂട്ട്. ഒന്നാംദിനം സ്റ്റംപ് എടുക്കുമ്പോള്‍ മൂന്നിന് 263 എന്ന നിലയിലാണ് മുംബൈ. 14 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു രഹാനെയുടെ ഇന്നിംഗ്‌സ്. ഈ ഇന്നിംഗ്‌സ് താരത്തിന്റെ ആത്മവിസ്വാസം വര്‍ധിപ്പിക്കും. നിലവില്‍ ടീമില്‍ നിലനില്‍പ്പില്ലാത്ത അവസ്ഥയാണ് രഹാനെയ്ക്ക്. ഐപിഎല്ലില്‍ രഹാനെയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയിരുന്നു. സെഞ്ചുറി നേടിയ രഹാനെയെ അഭിനന്ദിക്കാനും അവര്‍ മറന്നില്ല. ഫോമിലില്ലാത്ത മറ്റൊരു താരം ചേതേശ്വര്‍ പൂജാര എതിര്‍ടീമിലും കളിക്കുന്നുണ്ട്. ഫോമിലില്ലാത്ത താരങ്ങളോട് രഞ്ജി കളിച്ച് മടങ്ങിയെത്താന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും പറഞ്ഞിരുന്നു.
അരങ്ങേറ്റത്തില്‍ യഷ് ദുള്ളിന് സെഞ്ചുറി
ഇന്ത്യയുടെ അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ യഷ് ദുള്‍ നേടിയ സെഞ്ചുറിയാണ് മറ്റൊരു സവിശേഷത. ദില്ലിക്ക് വേണ്ടിയാണ് താരം കളിക്കുന്നത്. തമിഴ്‌നാടിനെതിരായ മത്സരത്തില്‍ 113 റണ്‍സാണ് ദുള്‍ നേടിയത്. ഇതോടെ സവിശേഷ പട്ടികയിലും താരം ഇടം നേടി. രഞ്ജി അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറിയെന്നുള്ള നേട്ടമാണ് ദുള്ളിനെ തേടിയെത്തിയത്. അതും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമെല്ലാമുള്ള പട്ടികയില്‍. ദില്ലിയുടെ ഓപ്പണറായിട്ടാണ് ദുള്‍ ക്രിസീലെത്തിയത്. എന്നാല്‍ അവര്‍ രണ്ടിന് ഏഴ് എന്ന നിലയില്‍ പരുങ്ങി. പിന്നാലെ നിതീഷ് റാണയുമൊത്ത് 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടക്കാനും ദുളിന് സാധിച്ചു.
കൂട്ടുകെട്ട് എം മുഹമ്മദ് പൊളിച്ചു. പിന്നാലെ ജോണ്ടി സിദ്ദുവിനൊപ്പം താരം മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 119 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പിന്നാലെ ദുള്‍ മടങ്ങി. മുഹമ്മദിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. 18 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. അണ്ടര്‍ 19 ലോകകപ്പില്‍ നാല് മത്സങ്ങളില്‍ നിന്ന് 229 റണ്‍സാണ് ദുള്‍ നേടിയത്. ഇതില്‍ ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറിയും ഉള്‍പ്പെടും. പിന്നാലെ താരം ഐപിഎല്‍ മെഗാ താരലേലത്തിന് രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി കാപിറ്റല്‍സ് 50 ലക്ഷത്തിലാണ് താരത്തെ സ്വന്തമാക്കിയത്.
ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഏഴിന് 291 എന്ന നിലയിലാണ് ദില്ലി. ദുള്ളിന് പുറമെ ജോണ്ടി സിദ്ദു 71 റണ്‍സ് നേടി. തമിഴ്‌നാടിന്റെ മലയാളി പേസര്‍ സന്ദീപ് വാര്യര്‍, മുഹമ്മദ്, ബാബാ അപരാജിത് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!