രഞ്ജി ട്രോഫി: സര്‍വീസസിനെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോര്‍

By Web TeamFirst Published Jan 11, 2023, 12:18 PM IST
Highlights

308 പന്ത് നേരിട്ട സച്ചിന്‍ ബേബി159 റണ്‍സെടുത്താണ് പുറത്തായത്. 12 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതാണ് സച്ചിന്‍ ബേബിയുടെ ഇന്നിംഗ്സ്. ഇരുവരും പുറത്തായതോടെ കേരളത്തിന്‍റെ ഇന്നിംഗ്സ് അധികം നീണ്ടില്ല. 

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സര്‍വീസിനെതിരെ കേരള ഒന്നാം ഇന്നിംഗ്സില്‍ 327 റണ്‍സിന് പുറത്തായി. 254-6 എന്ന സ്കോറില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ കേരളത്തെ സച്ചിന്‍ ബേബിയും ക്യാപ്റ്റന്‍ സിജോ മോന്‍ ജോസഫും ചേര്‍ന്ന് 300 കടത്തിയിരുന്നു. സ്കോര്‍ 311ല്‍ നില്‍ക്കെ സിജോമോന്‍ ജോസഫിനെ പുറത്താക്കി എം എസ് രാത്തീ ആണ് സര്‍വീസസിന് ബ്രേക്ക് ത്രൂ നല്‍കിയത്. 55 റണ്‍സെടുത്ത സിജോമോനെ രാത്തീ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

തൊട്ടു പിന്നാലെ പൊരുതി നിന്ന സച്ചിന്‍ ബേബി റണ്ണൗട്ടായി. 308 പന്ത് നേരിട്ട സച്ചിന്‍ ബേബി159 റണ്‍സെടുത്താണ് പുറത്തായത്. 12 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതാണ് സച്ചിന്‍ ബേബിയുടെ ഇന്നിംഗ്സ്. ഇരുവരും പുറത്തായതോടെ കേരളത്തിന്‍റെ ഇന്നിംഗ്സ് അധികം നീണ്ടില്ല.  എം ഡി നിഥീഷ് 11 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ബേസില്‍ തമ്പില്‍ പൂജ്യത്തിന് പുറത്തായി. നാലു റണ്‍സുമായി വൈശാഖ് ചന്ദ്രന്‍ പുറത്താകാതെ നിന്നു. സര്‍വീസസിനായി പതാനിയയും പൂനിയയും രാത്തീയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മഹത്തായ തീരുമാനം! ഷനകയെ ബാറ്റ് ചെയ്യാന്‍ അനുവദിച്ച രോഹിത്തിനെ പുകഴ്ത്തി ശ്രീലങ്കന്‍ ഇതിഹാസങ്ങള്‍

ഇന്നലെ ടോസ് നേടി ക്രീസിലിറങ്ങിയ കേരളത്തിന് തുടക്കത്തിലെ ഓപ്പണര്‍ പി രാഹുല്‍ (0), ജലജ് സക്സേന(8), രോഹന്‍ പ്രേം(1), വത്സല്‍ ഗോവിന്ദ്(1) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി19-4ലേക്ക് കൂപ്പുകുത്തിയിരുന്നു. പിന്നീട് അഞ്ചാം വിക്കറ്റില്‍ 96 റണ്‍സ് കൂട്ടിച്ചേര്‍ത്ത സച്ചിന്‍ ബേബിയും സല്‍മാന്‍ നിസാറും ചേര്‍ന്നാണ് കേരളത്തെ 100 കടത്തിയത്. സല്‍മാന്‍ നിസാറിനെ(42) നഷ്ടമായശേഷം ആറാം വിക്കറ്റില്‍ അക്ഷയ് ചന്ദ്രനും(32) ഏഴാം വിക്കറ്റില്‍ സിജോമോനുമൊപ്പം സച്ചിന്‍ ബേബി ഉയര്‍ത്തിയ കൂട്ടുകെട്ടുകളാണ് കേരളത്തെ 254 റണ്‍സിലെത്തിച്ചത്.

രഞ്ജി ട്രോഫി ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം കഴിഞ്ഞ മത്സരത്തില്‍ ഗോവയോട് തോറ്റതോടെ  പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണിരുന്നു. നാലു കളികളില്‍ രണ്ട് ജയവും രണ്ട് സമനിലയുമായി 19 പോയന്‍റുള്ള കര്‍ണാടകയാണ് ഗ്രൂപ്പില്‍ ഒന്നാമത്. നാലു കളികളില്‍ ഒരു ജയവും മൂന്ന് സമനിലയുമായി 14 പോയന്‍റുള്ള രാജസ്ഥാന്‍ രണ്ടാമതാണ്. നാലു കളികളില്‍ രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമുള്ള കേരളം 13 പോയന്‍റുമായി മൂന്നാം സ്ഥാനത്താണ്.

click me!