Asianet News MalayalamAsianet News Malayalam

മഹത്തായ തീരുമാനം! ഷനകയെ ബാറ്റ് ചെയ്യാന്‍ അനുവദിച്ച രോഹിത്തിനെ പുകഴ്ത്തി ശ്രീലങ്കന്‍ ഇതിഹാസങ്ങള്‍

ഷനക ക്രീസിന് പുറത്തായതിനാല്‍ സെഞ്ച്വറി തികയ്ക്കാതെ മടങ്ങുമെന്ന് ഉറപ്പ്. അപ്പോഴാണ് ഇന്ത്യന്‍ നായകന്റെ ഇടപെടല്‍. അപ്പീല്‍ പിന്‍വലിക്കുകയാണെന്ന് അംപയറെ അറിയിച്ചു.

Sri Lankan legendary players applauds Rohit Sharma after withdrew run-out appeal against Shanaka
Author
First Published Jan 11, 2023, 12:03 PM IST

കൊളംബൊ: ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ വിജയത്തേക്കാള്‍ കൂടുതല്‍ ചര്‍ച്ചയായത് രോഹിത് ശര്‍മയുടെ സ്‌പോര്‍ട്‌സമാന്‍ഷിപ്പാണ്. അവസാന ഓവറില്‍ ഷനകയെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി റണ്ണൗട്ടാക്കിയെങ്കിലും അത്തരത്തില്‍ ഒരു പുറത്താകല്‍ വേണ്ടെന്നായിരുന്നു രോഹിത്തിന്റെ തീരുമാനം. 98 റണ്‍സുമായി നില്‍ക്കുമ്പോഴാണ് ദാസുന്‍ ഷനകയെ നോണ്‍സ്‌ട്രൈക്കിംഗ് എന്‍ഡില്‍ റണ്‍ഔട്ടാക്കാന്‍ മുഹമ്മദ് ഷമി ശ്രമിച്ചത്. ഷമി അപ്പീല്‍ ചെയ്തതും ഫീല്‍ഡ് അംപയര്‍ നിതിന്‍ മേനോന്‍ തീരുമാനം മൂന്നാം അംപയര്‍ക്ക് വിട്ടു.

ഷനക ക്രീസിന് പുറത്തായതിനാല്‍ സെഞ്ച്വറി തികയ്ക്കാതെ മടങ്ങുമെന്ന് ഉറപ്പ്. അപ്പോഴാണ് ഇന്ത്യന്‍ നായകന്റെ ഇടപെടല്‍. അപ്പീല്‍ പിന്‍വലിക്കുകയാണെന്ന് അംപയറെ അറിയിച്ചു. ഇതോടെ ഷനകയ്ക്ക് സെഞ്ച്വറി പൂര്‍ത്തിയാക്കാനും സാധിച്ചു. അപ്പീല്‍ പിന്‍വലിക്കാനുണ്ടായ കാരണത്തെ കുറിച്ച് മത്സരശേഷം രോഹിത് സംസാരിച്ചിരുന്നു. 

അത്തരമൊരു രീതിയിലല്ല താരത്തെ പുറത്താക്കേണ്ടതെന്ന തോന്നിയെന്ന് രോഹിത് മത്സരശേഷം പറഞ്ഞു. അദ്ദേഹത്തിന്റെ വിശദീകരണം.. ''മുഹമ്മദ് ഷമിയുടെ റണ്ണൗട്ടിനെ കുറിച്ച് എനിക്കൊരു സൂചനയും ഇല്ലായിരുന്നു. കശുന്‍ ഷനക 98 റണ്‍സില്‍ നില്‍ക്കുമ്പോഴായിരുന്നു അത്. മനോഹമായി അദ്ദേഹം ബാറ്റ് ചെയ്തു. അത്തരത്തിലൂടെയല്ല ഷനകയെ പുറത്താക്കേണ്ടത്. അങ്ങനെ ഞങ്ങള്‍ ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു. ഷനക ഗംഭീരമായിട്ടാണ് കളിച്ചത്.'' രോഹിത് വിശദമാക്കി.

പിന്നാലെ രോഹിത്തിന്റെ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിനെ പ്രകീര്‍ത്തിച്ച് ലങ്കയുടെ ഇതിഹാസ ക്രിക്കറ്റര്‍ സനത് ജയസൂര്യയും രംഗത്തെത്തി. ജയസൂര്യ ട്വീറ്റ് ചെയ്തതിങ്ങനെ... ''മത്സരത്തിലെ യഥാര്‍ത്ഥ വിജയി രോഹിത് ശര്‍മയുടെ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പാണ്. ഷനകയ്‌ക്കെതിരായ റണ്ണൗട്ട് അപ്പീല്‍ പിന്‍വലിപ്പിച്ച തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു.'' ജയസൂര്യ പറഞ്ഞു.

ലങ്കയുടെ ടെസ്റ്റ് താരം എയ്ഞ്ചലോ മാത്യൂസും രോഹിത്തിനെ പുകഴ്ത്തി. മാത്യൂസ് കുറിച്ചിട്ടതിങ്ങനെ... ''ഒരുപാട് ക്യാപ്റ്റന്മാര്‍ ഇങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. റണ്ണൗട്ട് അപ്പീല്‍ പിന്‍വലിപ്പിച്ച രോഹിത്തിന്റെ മഹത്തായ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. പുറത്താക്കാന്‍ ഒരു നിയമത്തിന് സാധിക്കുമ്പോള്‍ തന്നെ അപ്പീല്‍ പിന്‍വലിച്ചത് അദ്ദേഹത്തിന്റെ വലിയ മനസ്.'' എയ്ഞ്ചലോ മാത്യൂസ്.

67 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സ് നേടി. സെഞ്ചുറി നേടിയ വിരാട് കോലിയാണ് (113) ഇന്ത്യയുടെ ടോപ് സ്‌കോര്‍. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സ് നേടനാണ് സാധിച്ചത്. 108 റണ്‍സുമായി ലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക പുറത്താവാതെ നിന്നു.

നിയമങ്ങളൊക്കെ ഒരുപാട് മാറിയില്ലെ; സച്ചിനെയും കോലിയെയും താരതമ്യം ചെയ്യാനാവില്ലെന്ന് ഗംഭീര്‍
 

Follow Us:
Download App:
  • android
  • ios