
രാജ്‌കോട്ട്: രഞ്ജി ട്രോഫിയിലെ (Ranji Trophy) നിര്‍ണായക മത്സരത്തില്‍ മധ്യപ്രദേശിന്റെ കൂറ്റന്‍ സ്‌കോറിനെതിരെ കേരളം (KCA) പൊരുതുന്നു. രാജ്‌കോട്ടില്‍ നടക്കുന്ന മത്സരത്തില്‍ മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തിട്ടുണ്ട്. രോഹന്‍ കുന്നുമ്മല്‍ (75), വത്സല്‍ ഗോവിന്ദ് (2) പുറത്തായത്. പി രാഹുല്‍ (82), സച്ചിന്‍ ബേബി (7) എന്നിവരാണ് ക്രീസില്‍. ഇപ്പോഴും 387 റണ്‍സ് പിറകിലാണ് കേരളം. നേരത്തെ മധ്യപ്രദേശ് ഒമ്പതിന് 585 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒരു ദിവസം ബാക്കി നില്‍ക്കെ ആദ്യ ഇന്നിംഗ്‌സ് ലീഡ് നേടുന്നവര്‍ക്കെ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടാനാവൂ.
നേരത്തെ യഷ് ദുബെ (289), രജത് പടിധാര്‍ (142) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മധ്യപ്രദേശിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. കേരളത്തിന് വേണ്ടി സ്പിന്നര്‍ ജലജ് സക്‌സേന ആറ് വിക്കറ്റ് വീഴ്ത്തി. 35 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ദുെബയുടെ ഇന്നിംഗ്‌സ്. പരമാവധി ബാറ്റ് ചെയ്ത് കേരളത്തെ പ്രതിരോധത്തിലാക്കുകയായിരുന്നു മധ്യപ്രദേശിന്റെ ലക്ഷ്യം. അവരതില്‍ വിജയിക്കുകയും ചെയ്തു. ഇനി കൂറ്റന്‍ സ്‌കോര്‍ മറികടക്കാനാണ് കേരളത്തിന്റെ ലക്ഷ്യം. എന്നാല്‍ നാളെ, അവസാനദിനം എതിര്‍ ടീമിലെ സ്പിന്നര്‍മാരെ മറികടക്കുക എളുപ്പമായിരിക്കില്ല.
ടോസ് നേടിയ മധ്യപ്രദേശ് ക്യാപ്റ്റന്‍ ആദിത്യ ശ്രീവാസ്തവ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എലൈറ്റ് ഗ്രൂപ്പ് എയില്‍ ഇരുവര്‍ക്കും 13 പോയിന്റ് വീതമാണുള്ളത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ഇരുടീമുകളും ഗുജാറാത്തിനേയും മേഘാലയയേയും തോല്‍പ്പിച്ചിരുന്നു.
ഗുജറാത്തിനെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് കേരളം ഇറങ്ങുന്നത്. 17കാരന്‍ ഏദന്‍ ആപ്പിള്‍ ടോമിന് പകരം എന്‍ പി ബേസില്‍ ടീമിലെത്തി. ഗുജറാത്തിനെതിരെ രണ്ട് ഇന്നിംഗ്‌സിലുമായി ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. മാത്രമല്ല, രണ്ടാം ഇന്നിംഗ്‌സില്‍ ഏഴ് ഓവര്‍ മാത്രമാണ് താരം എറിഞ്ഞിരുന്നത്.
കേരള ടീം: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), ജലജ് സക്‌സേന, പി രാഹുല്‍, രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, എന്‍ പി ബേസില്‍, എം ഡി നിതീഷ്, ബേസില്‍ തമ്പി, സിജോമോന്‍ ജോസഫ്.
മധ്യപ്രേദശ്: ഹിമാന്‍ഷു മന്ത്രി, യഷ് ദുബെ, ശുഭം ശര്‍മ, രജത് പടിദാര്‍, ആദിത്യ ശ്രീവാസ്തവ, അക്ഷത് രഘുവന്‍ഷി, മിഹിര്‍ ഹിര്‍വാണി, കുമാര്‍ കാര്‍ത്തികേയ സിംഗ്, ഈശ്വര്‍ ചന്ദ്ര പാണ്ഡെ, അനുഭവ് അഗര്‍വാള്‍, കുല്‍ദീപ് സെന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!