
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സഞ്ജു സാംസണിന് പകരക്കാരനെ പ്രഖ്യാപിച്ച് കേരളം. ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഞ്ജുവിന് പകരം പരിചയസമ്പന്നനായ രോഹന്‍ പ്രേമിനെ സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തി. സ്പിന്നര്‍ കെ എസ് മോനിഷിന് പകരം ഓള്‍ റൗണ്ടര്‍ വിനൂപ് മനോഹരനും രഞ്ജി ടീമില്‍ തിരിച്ചെത്തി.
കേരളത്തിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സടിച്ച ബാറ്റ്സ്മാനാണ് രോഹന്‍ പ്രേം. 85 മത്സരങ്ങളില്‍ നിന്ന് 4674 റണ്‍സാണ് രോഹന്റെ പേരിലുള്ളത്. ശാരീരികക്ഷമത തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് രോഹനെ നേരത്തെ ടീമില്‍ നിന്നൊഴിവാക്കിയത്. എന്നാല്‍ യോ യോ ടെസ്റ്റില്‍ പങ്കെടുത്ത് കായികക്ഷമത തെളിയിച്ച പശ്ചാത്തലത്തിലാണ് രോഹനെ സഞ്ജുവിന് പകരം ടീമില്‍ ഉള്‍പ്പെടുത്തിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ രോഹന്‍ കേരളത്തിനായി കളിച്ചിരുന്നു.
കഴിഞ്ഞ രഞ്ജി സീസണില്‍ കേരളത്തിന്റെ സെമി പ്രവേശനത്തില്‍ നിര്‍ണായക പങ്കുവഹിച്ച കളിക്കാരനാണ് വിനൂപ്. എന്നാല്‍ പ്രീ സീസണ്‍ ക്യാംപിനുശേഷം വിനൂപിന് ഇത്തവണ തുടക്കത്തില്‍ ടീമിലെടുത്തില്ല. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളില്‍ മോനിഷിന്റെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാത്തതിനാല്‍ വിനൂപിനെ തിരിച്ചുവിളിക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.
ആദ്യ മത്സരത്തില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി മൂന്ന് പോയന്റ് സ്വന്തമാക്കി. കേരളത്തിന് പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ തോല്‍വി പിണഞ്ഞിരുന്നു. ജനുവരി മൂന്നിന് ഹൈദരാബാദിനെതിരെ ആണ് കേരളത്തിന്റെ നാലാം മത്സരം. ഇന്ത്യ എ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ പേസര്‍ സന്ദീപ് വാര്യരുടെ സേവനവും ഹൈദരാബാദിനെതിരെ കേരളത്തിന് നഷ്ടമാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!