സക്‌സേനക്ക് ആറ് വിക്കറ്റ്; കേരളത്തിന് കൂറ്റന്‍ ലീഡ്; ദില്ലിക്ക് ഫോളോ ഓണ്‍

By Web TeamFirst Published Dec 11, 2019, 2:58 PM IST
Highlights

ആറ് വിക്കറ്റ് നേടിയ ജലജ് സക്‌സേനയാണ് ദില്ലിയെ തകര്‍ത്തത്. ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ പതിനെട്ടാം തവണയാണ് ജലജ് സക്‌സേന ഈ നേട്ടം കൈവരിക്കുന്നത്. 

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ ദില്ലിക്ക് ഫോളോ ഓണ്‍. ഒന്നാമിന്നിംഗ്സിൽ കേരളത്തിന്‍റെ കൂറ്റൻ സ്കോർ പിന്തുടര്‍ന്ന ദില്ലി മൂന്നാം ദിവസം 142 റണ്‍സില്‍ പുറത്തായി. ഇതോടെ ഒന്നാം ഇന്നിംഗ്‌സില്‍ 383 റണ്‍സ് ലീഡ് കേരളം നേടി. 25 റണ്‍സ് വീതമെടുത്ത റാണയും സെയ്‌നയുമാണ് ദില്ലിയുടെ ടോപ് സ്‌കോറര്‍. നായകന്‍ ഷോരെ 19 റണ്‍സില്‍ പുറത്തായി. 

24 ഓവറില്‍ 64 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് നേടിയ ജലജ് സക്‌സേനയാണ് ദില്ലിയെ തകര്‍ത്തത്. ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ പതിനെട്ടാം തവണയാണ് ജലജ് സക്‌സേന അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. സിജോമോന്‍ ജോസഫ് രണ്ടും സന്ദീപ് വാര്യരും മോനിഷും ഓരോ വിക്കറ്റും നേടി. 

നേരത്തെ കേരളം ഒന്നാം ഇന്നിംഗ്സിൽ 9 വിക്കറ്റിന് 525 റൺസെടുത്ത് ഡിക്ലയർ ചെയ്തിരുന്നു. റോബിന്‍ ഉത്തപ്പ, സച്ചിന്‍ ബേബി എന്നിവരുടെ സെഞ്ചുറികളാണ് കേരളത്തിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഉത്തപ്പ 102 റണ്‍സും സച്ചിന്‍ 155 റണ്‍സുമെടുത്തു. പി രാഹുല്‍ 97 റണ്‍സും സല്‍മാന്‍ നിസാര്‍ 77 റണ്‍സുമെടുത്തതും നിര്‍ണായകമായി. ദില്ലിക്കായി തേജസ് ബറോക്ക മൂന്നും ലളിത് യാദവും ശിവം ശര്‍മ്മ രണ്ടും വികാസ് മിശ്രയും
പിജെ സാങ്‌വാനും ഓരോ വിക്കറ്റും നേടി. 

click me!