രഞ്ജിയില്‍ ട്രിപ്പിള്‍ സെഞ്ചുറിയുമായി പൃഥ്വി ഷാ, രഹാനെക്ക് സെഞ്ചുറി

By Web TeamFirst Published Jan 11, 2023, 11:40 AM IST
Highlights

രഞ്ജിയില്‍ കഴിഞ്ഞ ഏഴ് ഇന്നിംഗ്സുകളില്‍ 22.85 ശരാശരിയില്‍ 160 റണ്‍സ് മാത്രം നേടാനെ പൃഥ്വി ഷാക്ക് കഴിഞ്ഞിരുന്നുള്ളു. 68 റണ്‍സായിരുന്നു ഉയര്‍ന്ന സ്കോര്‍. എന്നാല്‍ അസമിനെതിരെ നേടിയ ട്രിപ്പിള്‍ സെ‍ഞ്ചുറിയോടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള സാധ്യതകള്‍ കൂടിയാണ് പൃഥ്വി ഷാ തുറന്നെടുത്തത്.

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അസമിനെതിരെ ട്രിപ്പിള്‍ സെഞ്ചുറിയുമായി മുംബൈ യുവതാരം പൃഥ്വി ഷാ. ഇന്നലെ ഡബിള്‍ സെഞ്ചുറി തികച്ച് 240 റണ്‍സുമായി പുറത്താകാതെ നിന്ന പൃഥ്വി ഷാ രണ്ടാം ദിനം 379 റണ്‍സടിച്ച് പുറത്തായി. രഞ്ജിയില്‍ പൃഥ്വിയുടെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറിയാണിത്. 383 പന്തില്‍ 49 ഫോറും നാല് സിക്സും പറത്തിയാണ് പൃഥ്വി 379 റണ്‍സടിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 400 റണ്‍സെന്ന അപൂര്‍വ നേട്ടത്തിലേക്ക് ബാറ്റ് വീശിയ പൃഥ്വി ഷായെ റിയാന്‍ പരാഗ് ആണ് വിക്കറ്റിന് മുന്നില്‍ കുടുക്കിയത്.

പൃഥ്വി ഷാക്ക് പുറമെ ഇന്ത്യന്‍ മുന്‍ താരവും മുംബൈ നായകനുമായ അജിങ്ക്യാ രഹാനെയും സെഞ്ചുറി നേടിയതോടെ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ മുംബൈ മൂന്ന് വിക്കറ്റ് നഷ്ട്ത്തില്‍ 598 റണ്‍സെന്ന ശക്തമായ നിലയിലാണ്. രഞ്ജിയില്‍ കഴിഞ്ഞ ഏഴ് ഇന്നിംഗ്സുകളില്‍ 22.85 ശരാശരിയില്‍ 160 റണ്‍സ് മാത്രം നേടാനെ പൃഥ്വി ഷാക്ക് കഴിഞ്ഞിരുന്നുള്ളു. 68 റണ്‍സായിരുന്നു ഉയര്‍ന്ന സ്കോര്‍. എന്നാല്‍ അസമിനെതിരെ നേടിയ ട്രിപ്പിള്‍ സെ‍ഞ്ചുറിയോടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള സാധ്യതകള്‍ കൂടിയാണ് പൃഥ്വി ഷാ തുറന്നെടുത്തത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര, ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു; നാല് സ്പിന്നര്‍മാര്‍ ടീമില്‍

ബംഗ്ലാദേശിനെിരായ ടെസ്റ്റ് പരമ്പരയില്‍ കെ എല്‍ രാഹുല്‍ നിരാശപ്പെടുത്തിയിനാല്‍  ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മക്കൊപ്പം ശുഭ്മാന്‍ ഗില്ലാകും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സെഞ്ചുറിയുമായി ശുഭ്മാന്‍ ഗില്‍ രോഹിത്തിനൊപ്പം ഓപ്പണര്‍ സ്ഥാനം ഏകദേശം ഉറപ്പിച്ചിട്ടുണ്ടെങ്കിലും രഞ്ജിയിലെ തകര്‍പ്പന്‍ പ്രകടനത്തോടെ രണ്ടാം ഓപ്പണറായി പൃഥ്വി ഷായെയും സെലക്ടര്‍മാര്‍ പരിഗണിച്ചേക്കും.

2018ല്‍ പതിനെട്ടാം വയസില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുമായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഷാ 2020 ഡിസംബറില്‍ ഓസ്ട്രേലിയക്കതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിന് പിന്നാലെയാണ് ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കപ്പെടുന്നത്. അതിനുശേഷം ടെസ്റ്റ് ടീമിലെ ഓപ്പണര്‍ സ്ഥാനത്തേക്ക് പൃഥ്വി ഷായെ സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല. കെ എല്‍ രാഹുലും ശുഭ്മാന്‍ ഗില്ലുമായിരുന്നു സെലക്ടര്‍മാരുടെ ആദ്യ ചോയ്സുകള്‍. മോശം ഫോമിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ മുന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെക്കും ഈ സെഞ്ചുറി നിര്‍ണായകമാണ്.

click me!