
നാഗ്‌പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭയുടെ ശക്തമായ തിരിച്ചുവരവ്. ഒരുവേള 24-3 എന്ന നിലയില്‍ തകര്‍ച്ച നേരിട്ടിരുന്ന വിദര്‍ഭ ആദ്യ ദിനം രണ്ടാം സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ 58 ഓവറില്‍ 170-3 എന്ന നിലയില്‍ കരുത്താര്‍ജിച്ചു. സെഞ്ചുറി നേടിയ 21 വയസുകാരന്‍ ഡാനിഷ് മലേവാറിന്‍റെ കരുത്തിലാണ് വിദര്‍ഭയുടെ തിരിച്ചുവരവ്. 171 പന്തില്‍ 104* റണ്‍സ് എടുത്ത ഡാനിഷിനൊപ്പം കരുണ്‍ നായരും (121 പന്തില്‍ 47*) ക്രീസിലുണ്ട്. ഡാനിഷ്-കരുണ്‍ സഖ്യം നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ പുറത്താവാതെ 146 റണ്‍സ് ഇതിനകം ചേര്‍ത്തുകഴിഞ്ഞു.
ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 32 ഓവറില്‍ 81-3 എന്ന നിലയിലായിരുന്ന വിദര്‍ഭ രണ്ടാം സെഷനില്‍ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ 89 റണ്‍സ് കൂടി ചേര്‍ത്തു. 168 പന്തിലാണ് ഡാനിഷ് മലേവാര്‍ രണ്ടാം ഫസ്റ്റ് ക്ലാസ് സെഞ്ചുറി തികച്ചത്.
തുടക്കം കസറിയ കേരളം
നേരത്തെ ആദ്യ സെഷനില്‍ 12.5 ഓവറിനിടെ വിദര്‍ഭയുടെ മൂന്ന് വിക്കറ്റുകള്‍ കേരള ബൗളര്‍മാര്‍ വീഴ്ത്തിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിദര്‍ഭയ്ക്ക് രണ്ടാം പന്തില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ പാര്‍ഥ് രേഖഡെയെ എം ഡി നിധീഷ് എല്‍ബിയില്‍ കുടുക്കി. രണ്ട് പന്ത് ക്രീസില്‍ നിന്ന പാര്‍ഥിന് അക്കൗണ്ട് തുറക്കാനായില്ല. പിന്നാലെ ഇന്നിംഗ്‌സിലെ ഏഴാം ഓവറിലെ മൂന്നാം പന്തില്‍ വണ്‍ഡൗണ്‍ ബാറ്റര്‍ ദര്‍ശന്‍ നാല്‍ക്കണ്ടെയെയും പറഞ്ഞയച്ച് നിധിഷ് വിദര്‍ഭക്ക് ഇരട്ട പ്രഹരം നല്‍കി. എന്‍ പി ബേസിലിനായിരുന്നു ക്യാച്ച്. 21 പന്ത് ക്രീസില്‍ ചിലവഴിച്ചിട്ടും ദര്‍ശന് ഒരു റണ്ണേ നേടാനായുള്ളൂ.
പിടിച്ചുനിൽക്കാന്‍ ശ്രമിച്ച സഹ ഓപ്പണര്‍ ധ്രുവ് ഷോറെയെ, ഏദന്‍ ആപ്പിള്‍ ടോം വിക്കറ്റിന് പിന്നില്‍ മുഹമ്മദ് അസറുദ്ദീന്‍റെ കൈകളിലെത്തിച്ചതോടെ വിദര്‍ഭ കൂട്ടത്തകര്‍ച്ചയിലായി. ഇന്നിംഗ്‌സിലെ 13-ാം ഓവറിലായിരുന്നു ഈ വിക്കറ്റ്. 35 ബോളുകള്‍ ക്രീസില്‍ നിന്ന ധ്രുവ് 16 റണ്‍സേ പേരിലാക്കിയുള്ളൂ. ഇതോടെ വിദര്‍ഭ 12.5 ഓവറില്‍ 24-3 എന്ന നിലയില്‍ പ്രതിരോധത്തിലാവുകയായിരുന്നു.
Read more: രഞ്ജി ട്രോഫി ഫൈനല്‍: വിദര്‍ഭ തിരിച്ചടിക്കുന്നു, ബ്രേക്ക്‌ത്രൂ നേടാന്‍ കേരളത്തിന്‍റെ തീവ്ര ശ്രമം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!