ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. ഇതുവരെ നാല് ഇന്നിംഗ്‌സുകളില്‍ നിന്ന് മാത്രം 585 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ഇതില്‍ മൂന്ന് സെഞ്ചുറികളും ഉള്‍പ്പെടും. അതിലൊന്ന് ഇരട്ട സെഞ്ചുറിയും. വ്യാഴാഴ്ച്ച ലോര്‍ഡ്‌സില്‍ മൂന്നാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ഇംഗ്ലണ്ട് ഏറെ ഭയക്കുന്നതും ഇന്ത്യന്‍ ക്യാപ്റ്റനെയാണ്. ലോര്‍ഡ്‌സില്‍ ഗില്‍ ക്രീസിലെത്തുക ടെസ്റ്റ് ചരിത്രത്തിലെ അതുല്യ റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ്.
പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് ടെസ്റ്റില്‍ 515 റണ്‍സ് കൂടി നേടിയാല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു പരമ്പരയില്‍ 1000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ഗില്ലിന് സ്വന്തമാവും. ഒറ്റ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ഡോണ്‍ ബ്രാഡ്മാന്‍. 1930ല്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റില്‍ ഓസീസ് ഇതിഹാസം നേടിയത് 974 റണ്‍സ്. 334 റണ്‍സായിരുന്നു പരന്പരയില്‍ ബ്രാഡ്മാന്റെ ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ മുന്നില്‍ മുന്‍നായകന്‍ സുനില്‍ ഗാവസ്‌കര്‍.
1970/71 വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ നാല് ടെസ്റ്റില്‍ ഗാവസ്‌കര്‍ അടിച്ചുകൂട്ടിയത് 774 റണ്‍സായിരുന്നു. നിലവിലെ ഫോമില്‍ തന്റെയും ബ്രാഡ്മാന്റെയും റെക്കോര്‍ഡ് തകര്‍ക്കാന്‍ ഗില്ലിന് കഴിയുമെന്ന് ഗാവസ്‌കര്‍. രണ്ടാം ടെസ്റ്റിനിടയിലും ചില റെക്കോഡുകള്‍ ഗില്ലിനെ തേടിയെത്തിയിരുന്നു. ഒരു ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറിയും സെഞ്ചുറിയും നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ബാറ്ററും ലോക ക്രിക്കറ്റിലെ ഒമ്പതാമത്തെ ബാറ്ററുമെന്ന റെക്കോര്‍ഡും ഗില്‍ ഇന്ന് സ്വന്തമാക്കി.
1971ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സുനില്‍ ഗവാസ്‌കര്‍ ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറിയും(124) രണ്ടാം ഇന്നിംഗ്സില്‍ ഇരട്ട സെഞ്ചുറിയും(220) നേടിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ ബാറ്റര്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്തിനെ കാത്തും ഒരു റെക്കോര്‍ഡുണ്ട്. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 100 സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്തിനെ കാത്തിരിക്കുന്നത്. 45 ടെസ്റ്റില്‍ പന്ത് പറത്തിയത് 86 സിക്‌സര്‍. 96 ടെസ്റ്റില്‍ 100 സിക്‌സര്‍ നേടിയ ആഡം ഗില്‍ക്രൈസ്റ്റിന്റെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്.