
സെന്‍റ് വിന്‍സെന്‍റ്: ട്വന്‍റി 20 ലോകകപ്പ് ക്രിക്കറ്റില്‍ അഫ്‌ഗാനിസ്ഥാന്‍-ബംഗ്ലാദേശ് സൂപ്പര്‍ 8 മത്സരം നാടകീയതകളുടെ പൂരമായിരുന്നു. മത്സരത്തിനിടെ അഫ്‌ഗാന്‍ ഓള്‍റൗണ്ടര്‍ ഗുല്‍ബാദിന്‍ നെയ്ബ് പേശീവലിവെന്നും പറഞ്ഞ് മൈതാനത്ത് കിടന്നത് വലിയ വിമര്‍ശനത്തിനും ട്രോളുകള്‍ക്കും വഴിവെച്ചിരുന്നു. ടീമിനോട് സമയം വൈകിക്കാന്‍ അഫ്ഗാന്‍ കോച്ച് ജോനാഥൻ ട്രോട്ട് ആവശ്യപ്പെട്ടതിന് പിന്നാലെ നെയ്‌ബ് അഭിനയിക്കുകയായിരുന്നു എന്നാണ് വിമര്‍ശനങ്ങളെല്ലാം. ഈ വിവാദ സംഭവത്തോട് പ്രതികരിച്ചിരിക്കുകയാണ് അഫ്‌ഗാനിസ്ഥാന്‍ നായകന്‍ റാഷിദ് ഖാന്‍.
'ഗുല്‍ബാദിന്‍ നെയ്ബിന് പേശിവലിവ് അനുഭവപ്പെട്ടു. എന്താണ് അദേഹത്തിന് സംഭവിച്ചത് എന്ന് എനിക്കറിയില്ല. എന്താണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് എന്നും എനിക്കറിയില്ല. അതൊന്നും ഞാന്‍ മൈന്‍ഡാക്കുന്നില്ല. മൈതാനത്ത് വച്ച് സംഭവിക്കുന്ന പരിക്ക് മാത്രമാണത്. മഴ വന്നതോടെ ഞങ്ങള്‍ മൈതാനം വിടുകയായിരുന്നു. അതൊന്നും മത്സരത്തില്‍ വലിയ മാറ്റമുണ്ടാക്കിയില്ല. അഞ്ച് മിനുറ്റിന് ശേഷം മൈതാനത്ത് ഞങ്ങള്‍ തിരിച്ചെത്തിയപ്പോള്‍ വലിയ വ്യത്യാസമൊന്നുമുണ്ടായില്ല. അതൊരു ചെറിയ പരിക്കാണ്. അത് ശരിയാവാന്‍ കുറച്ച് സമയമെടുത്തു, അത്രയേയുള്ളൂ' എന്നുമാണ് അഫ്‌ഗാന്‍ നായകനായ റാഷിദ് ഖാന്‍റെ വിശദീകരണം.
ബംഗ്ലാദേശ് ബാറ്റ് ചെയ്യുന്നതിനിടെ 11.4 ഓവറില്‍ വീണ്ടും മഴയെത്തി. ഇതിനിടെ അഫ്ഗാന്‍ കോച്ച് ജോനാഥൻ ട്രോട്ട് മത്സരം പതുക്കെയാക്കാന്‍ ഗ്രൗണ്ടിന് പുറത്തുനിന്ന് നിര്‍ദേശിക്കുന്നത് ടെലിവിഷനില്‍ കാണാമായിരുന്നു. മഴ മത്സരം തടസപ്പെടുത്തിയാല്‍ ജയിക്കാമെന്നുള്ള തന്ത്രത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഇത്. നിര്‍ദേശം കേട്ടയുടനെ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഗുല്‍ബാദിന്‍ നെയ്ബ് പേശീ വലിവെന്നും പറഞ്ഞ് ഗ്രൗണ്ടില്‍ കിടന്നു. എന്നാല്‍ അതൊരു അഭിനയമായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നത്. മഴനിയമം പ്രകാരം ബംഗ്ലാദേശിനെ എട്ട് റണ്‍സിന് തോല്‍പിച്ച് അഫ്ഗാന്‍ ചരിത്ര വിജയം സ്വന്തമാക്കിയപ്പോള്‍ നെയ്ബ് വേഗത്തില്‍ ഓടുന്നത് നാടകീയ സംഭവങ്ങള്‍ക്ക് ശേഷം കാണാമായിരുന്നു.
ലോകകപ്പിലെ അവസാന സൂപ്പര്‍ 8 മത്സരത്തില്‍ 116 റണ്‍സ് വിജയലക്ഷ്യമാണ് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ മുന്നോട്ടുവച്ചത്. എന്നാല്‍ ഇടവിട്ട് മഴ പെയ്തതിനെ തുടര്‍ന്ന് ബംഗ്ലാദേശിന്‍റെ വിജയലക്ഷ്യം 19 ഓവറില്‍ 114 റണ്‍സായി പുതുക്കിനിശ്ചയിച്ചു. ബംഗ്ലാദേശ് 17.5 ഓവറില്‍ 105 റണ്‍സില്‍ എല്ലാവരും പുറത്തായതോടെ അഫ്‌ഗാന്‍ 8 റണ്‍സ് ജയവുമായി ടി20 ലോകകപ്പിന്‍റെ സെമിയിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം