ടീം ഇന്ത്യയെ പൊരിച്ച് രവി ശാസ്‌ത്രി; മീഡിയം പേസര്‍മാരെക്കൊണ്ട് ലോകകപ്പ് കിട്ടില്ലെന്ന് അക്രം

By Jomit JoseFirst Published Sep 8, 2022, 9:19 AM IST
Highlights

ട്വന്‍റി 20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യക്കേറ്റ കനത്ത തിരിച്ചടിയാണ് ഏഷ്യാ കപ്പിലെ തുടർ തോൽവികൾ

ദുബായ്: ഏഷ്യാ കപ്പില്‍ നിന്ന് ഇന്ത്യന്‍ ടീം തുടര്‍ തോല്‍വികള്‍ രുചിച്ചതോടെ ടീം സെലക്ഷനില്‍ വിമര്‍ശനമേറുന്നു. ഇന്ത്യൻ ടീം സെലക്ഷനെ വിമർശിച്ച് മുൻ കോച്ച് രവി ശാസ്ത്രി രംഗത്തെത്തി. മീഡിയം പേസ് ബൗളർമാരുമായി ഇന്ത്യക്ക് ട്വന്‍റി 20 ലോകകപ്പിൽ ഒന്നും ചെയ്യാനാവില്ലെന്ന് പാക് മുന്‍ നായകനും പേസ് ഇതിഹാസവുമായ വസീം അക്രവും മുന്നറിയിപ്പ് നൽകി. 

ട്വന്‍റി 20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യക്കേറ്റ കനത്ത തിരിച്ചടിയാണ് ഏഷ്യാ കപ്പിലെ തുടർ തോൽവികൾ. സൂപ്പർ ഫോറിൽ പാകിസ്ഥാനോട് തോറ്റ ഇന്ത്യക്ക് ശ്രീലങ്കയ്ക്ക് മുന്നിലും തലകുനിക്കേണ്ടിവന്നു. ജസ്പ്രീത് ബുമ്രയുടേയും രവീന്ദ്ര ജഡേജയുടേയും അഭാവം ഇന്ത്യയുടെ ബാലൻസ് തെറ്റിച്ചു. വേഗം കുറഞ്ഞ പേസർമാരുമായി ലോകകപ്പിന് പോയാൽ ഇന്ത്യ തിരിച്ചടി നേരിടുമെന്നാണ് വസീം അക്രത്തിന്‍റെ മുന്നറിയിപ്പ്. അതേസമയം ടീം തെരഞ്ഞെടുപ്പിനെയാണ് രവി ശാസ്ത്രി കടുത്ത ഭാഷയില്‍ വിമർശിക്കുന്നത്. പേസര്‍ മുഹമ്മദ് ഷമി പുറത്തിരിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലുമാകുന്നില്ലെന്ന് ശാസ്‌ത്രി വ്യക്തമാക്കി. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ഒരു ടി20 മത്സരം പോലും ഷമി ഇന്ത്യക്കായി കളിച്ചിട്ടില്ല. ന്യൂസിലന്‍ഡ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പരമ്പരകളില്‍ നിന്നെല്ലാം ഷമി പുറത്തായിരുന്നു.  

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞുവെന്നും ഒന്നോരണ്ടോ താരങ്ങളുടെ കാര്യത്തിൽ മാത്രമാണ് തീരുമാനമെടുക്കാനുള്ളൂ എന്നാണ് ഇന്ത്യന്‍ നായകൻ രോഹിത് ശർമ്മ പറയുന്നത്. ലോകകപ്പിന് മുൻപുള്ള രണ്ട് പരമ്പരകളിലും ഈ താരങ്ങൾക്കായുള്ള പരീക്ഷണം തുടരുമെന്നും രോഹിത് നിലപാട് വ്യക്തമാക്കുന്നു. പരിക്കേറ്റ ജഡേജയ്ക്ക് ലോകകപ്പ് നഷ്ടമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഏഷ്യാ കപ്പില്‍ ഫേവറേറ്റുകളെന്ന വിലയിരുത്തപ്പെട്ട ഇന്ത്യന്‍ ടീം ഇതിനകം പുറത്തായിക്കഴിഞ്ഞു. ടി20 ലോകകപ്പിന് മുമ്പ് ടീമിന് കനത്ത ആശങ്ക നല്‍കുന്ന പ്രകടനമാണിത്. സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനോടും ശ്രീലങ്കയോടും ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ മറ്റ് ടീമുകളുടെ ഫലങ്ങളും അനുസരിച്ച് ടീം ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്താവുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ മാറ്റി സഞ്ജു സാംസണെ ടീമിലെടുക്കണമെന്ന ആവശ്യം ഇതിനകം ശക്തമാണ്. 

'രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവ് എളുപ്പമാവില്ല'; ആരാധകരെ നിരാശരാക്കി മുന്‍താരത്തിന്‍റെ വാക്കുകള്‍

click me!