അതേസമയം എത്രയും പെട്ടന്ന് മൈതാനത്ത് തിരിച്ചെത്താനാവുമെന്ന ആത്മവിശ്വാസത്തിലാണ് രവീന്ദ്ര ജഡേജ

ദുബായ്: ഏഷ്യാ കപ്പിനിടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ കാല്‍മുട്ടില്‍ പരിക്കേറ്റ് പുറത്തായത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. ജഡേജയുടെ ടി20 ലോകകപ്പ് പങ്കാളിത്തം കൂടി അനിശ്ചിതത്വത്തിലാണ്. ജഡേജയ്‌ക്ക് ലോകകപ്പും നഷ്‌ടമാകും എന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അല്‍പം കൂടി കടന്ന്, രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവ് എളുപ്പമാവില്ല എന്ന് പറയുകയാണ് മുന്‍ സെലക്‌ടര്‍ സാബാ കരീം. 

'ഇപ്പോഴത്തെ പരിക്ക് രവീന്ദ്ര ജഡേജയ്‌ക്ക് വളരെ സങ്കീര്‍ണമായ കാലമാണ്. തിരിച്ചുവരവിലൊക്കെ മുമ്പ് മികച്ച പ്രകടനം ജഡ്ഡു പുറത്തെടുത്തിട്ടുണ്ട്. എന്നാല്‍ സാരമായ പരിക്ക് പറ്റിയ ഈ പ്രായത്തില്‍ തിരിച്ചുവരവ് അത്ര എളുപ്പമല്ല. പരിക്ക് മാറി കഠിനമായി പരിശീലനം നടത്തി വേണം ജഡേജയ്‌ക്ക് തിരിച്ചുവരാന്‍. പരിക്കിന് ശേഷം എത്രത്തോളം തയ്യാറെടുപ്പുകള്‍ നടത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും തിരിച്ചുവരവ്' എന്നും സാബാ കരീം സ്പോര്‍ട്‌സ് 18നോട് പറഞ്ഞു. 

അതേസമയം എത്രയും പെട്ടന്ന് മൈതാനത്ത് തിരിച്ചെത്താനാവുമെന്ന ആത്മവിശ്വാസത്തിലാണ് രവീന്ദ്ര ജഡേജ. 'വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. ഒരുപാട് പേരോട് കടപ്പെട്ടിരിക്കുന്നു. ബിസിസിഐ, സഹതാരങ്ങള്‍, ഫിസിയോസ്, സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍, ഡോക്‌ടര്‍, ആരാധകര്‍... അങ്ങനെ എല്ലാവരോടും. വരും ദിവസങ്ങളില്‍ വിശ്രമം വേണം. എത്രയും പെട്ടന്ന് ടീമിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നിങ്ങളുടെ സ്‌നേഹാന്വേഷണങ്ങള്‍ക്ക് നന്ദി' എന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളിലൂടെ ജഡേജയുടെ വാക്കുകള്‍. 

ജഡേജ ലോകകപ്പില്‍ കളിക്കില്ല എന്ന വാര്‍ത്തകള്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തള്ളിയിട്ടുണ്ട്. 'ടി20 ലോകകപ്പിലേക്ക് മതിയായ ദൂരമുണ്ട് നമുക്കിപ്പോള്‍. അതിനാല്‍ താരം ലോകകപ്പില്‍ കളിക്കുമെന്നും ഇല്ലെന്നും നിഗമനത്തിലെത്താന്‍ ഇപ്പോഴായിട്ടില്ല. നമുക്ക് കാത്തിരുന്ന് അറിയാം എന്താണ് സംഭവിക്കുകയെന്ന്. പരിക്ക് കായികരംഗത്തിന്‍റെ ഭാഗമാണ്. അത് കൈകാര്യം ചെയ്യുക ഞങ്ങളുടെ ജോലിയുടെ ഭാഗമാണ്. പരിക്കിന്‍റെ കാഠിന്യവും ചികില്‍സയും അനുസരിച്ചായിരിക്കും ഏതൊരു താരത്തിന്‍റേയും തിരിച്ചുവരവ്. വ്യക്തമായ ചിത്രം ലഭിക്കും വരെ താരത്തെ ലോകകപ്പ് ടീമില്‍ നിന്ന് പുറത്താക്കാനോ കൂടുതല്‍ കമന്‍റുകള്‍ പറയാനോ താല്‍പര്യപ്പെടുന്നില്ല. ലോകകപ്പ് ആറ്-ഏഴ് ആഴ്‌ചകള്‍ അകലെയാണ്' എന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. 

ഞെട്ടല്‍ മാറാതെ ആരാധകര്‍; ടീം ഇന്ത്യയെ പുറത്താക്കിയത് നസീം ഷായുടെ രണ്ട് സിക്‌സുകള്‍- വീഡിയോ