താരങ്ങള്‍ക്ക് വിശ്രമമില്ല, ടെസ്റ്റ്-ഏകദിന ഫോ‍ർമാറ്റുകളുടെ നിലനിൽപിന് ടി20 കുറയ്ക്കണം: രവി ശാസ്‌ത്രി

By Jomit JoseFirst Published Jul 21, 2022, 9:56 AM IST
Highlights

ബെന്‍ സ്റ്റോക്‌സിന്‍റെ വിരമിക്കലടക്കം ചൂണ്ടിക്കാട്ടിയാണ് രവി ശാസ്ത്രി ട്വന്‍റി 20 മത്സരങ്ങൾ കുറയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്
 

മുംബൈ: ട്വന്‍റി 20 മത്സരങ്ങൾക്കെതിരെ(T20I) വിമർശനവുമായി ഇന്ത്യന്‍ മുന്‍ പരിശീലകനും കമന്‍റേറ്ററുമായ രവി ശാസ്ത്രി(Ravi Shastri) വീണ്ടും രംഗത്ത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ടി20 മത്സരങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് ശാസ്ത്രി ആവശ്യപ്പെട്ടു. ഐസിസിയുടെ അടുത്ത ഫ്യൂച്ചര്‍ ടൂര്‍സ് പ്രോഗ്രാമില്‍(ICC Future Tours Programme) ഏറെ ടി20 മത്സരങ്ങള്‍ വരാനിടയുള്ള സാഹചര്യത്തില്‍ കൂടിയാണ് ശാസ്‌ത്രിയുടെ വാദം. 

'ദേശീയ ടീമിലെ താരങ്ങൾക്ക് ഇപ്പോൾ വിശ്രമം ഇല്ലാതെ കളിക്കേണ്ട അവസ്ഥയാണ്. വിവിധ രാജ്യങ്ങളിൽ ട്വന്‍റി 20 ടൂ‍ർണമെന്‍റുകൾ നടക്കുന്നുണ്ട്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പരമ്പരകളിൽ പരമാവധി ട്വന്‍റി 20 മത്സരങ്ങൾ ഒഴിവാക്കണം. എന്നാലേ ട്വന്‍റി 20 ലോകകപ്പിന് പ്രധാന്യവും ആവേശവും ഉണ്ടാവൂ. ടെസ്റ്റ്, ഏകദിന ഫോ‍ർമാറ്റുകളുടെ നിലനിൽപിനും ട്വന്‍റി 20 മത്സരങ്ങളുടെ എണ്ണം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്' എന്നും ഇന്ത്യയുടെ മുൻ കോച്ചുകൂടിയായ രവി ശാസ്ത്രി ടെലഗ്രാഫ് ഇന്ത്യയിലെ പോഡ്‌കാസ്റ്റില്‍ പറഞ്ഞു. ഐസിസിയുടെ ഫ്യൂച്ചര്‍ ടൂര്‍സ് പ്രോഗ്രാമില്‍ കൂടുതല്‍ പരമ്പരകള്‍ വരുന്നതിനൊപ്പം ഐപിഎല്ലിന്‍റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാനുള്ള ആലോചനകളും നടന്നുവരികയാണ്. 

സ്റ്റോക്‌സ് ഒരു മുന്നറിയിപ്പ്

മത്സരാധിക്യം ചൂണ്ടിക്കാട്ടി ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് കഴിഞ്ഞ ദിവസം ഏകദിനത്തിൽ നിന്ന് വിരമിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ റിവര്‍സൈഡ് ഗ്രൗണ്ടിലെ ആദ്യ ഏകദിനത്തോടെയാണ് സ്റ്റോക്‌സ് 31-ാം വയസില്‍ ഏകദിന ക്രിക്കറ്റ് കരിയറിന് വിരാമമിട്ടത്. മൂന്ന് ഫോര്‍മാറ്റിലേയും സ്ഥിരം താരമെന്ന നിലയില്‍ വളരെ തിരക്കുപിടിച്ച മത്സരക്രമങ്ങളാണ് സ്റ്റോക്‌സിനെ ഈ തീരുമാനത്തിലെത്തിച്ചത്. ബെന്‍ സ്റ്റോക്‌സ് 105 ഏകദിനങ്ങളില്‍ 2924 റണ്‍സും 74 വിക്കറ്റും നേടിയിട്ടുണ്ട്. ടെസ്റ്റിലും ടി20യിലും സ്റ്റോക്‌സ് തുടര്‍ന്നും കളിക്കും. 

അതേസമയം ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ഓസ്ട്രേലിയയുമായുള്ള ഏകദിന പരമ്പര അടുത്തിടെ ഉപേക്ഷിച്ചിരുന്നു. ഏകദിന മത്സരങ്ങളുടെ തിയതി മാറ്റണമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോർഡ് കഴിഞ്ഞ മാസം ക്രിക്കറ്റ് ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ്യാന്തര മത്സരക്രമങ്ങളില്‍ മറ്റ് സ്ലോട്ടുകള്‍ കണ്ടെത്താനായില്ല. ടീമിന്‍റെ പിന്‍മാറ്റം 2023ലെ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക നേരിട്ട് യോഗ്യത നേടുന്നതിനെ ബാധിച്ചേക്കും. ഐസിസി സൂപ്പർ ലീഗിന്‍റെ ഭാഗമായ പരമ്പരയിലെ പോയിന്‍റുകള്‍ വിട്ടുനല്‍കാന്‍ ദക്ഷിണാഫ്രിക്കന്‍ ബോർഡ് സമ്മതം മൂളിയിട്ടുണ്ട്. 

ഓസ്ട്രേലിയന്‍ പര്യടനം: ഏകദിന പരമ്പരയില്‍ നിന്ന് പിന്‍മാറി ദക്ഷിണാഫ്രിക്ക, നഷ്ടം പ്രോട്ടീസിന് തന്നെ

click me!