ലോകകപ്പ് സെമിയില്‍ ധോണിയെ ഏഴാമനായി ഇറക്കിയതിന്റെ കാരണം വ്യക്തമാക്കി രവി ശാസ്ത്രി

By Web TeamFirst Published Dec 13, 2019, 8:39 PM IST
Highlights

ധോണിയെ അഞ്ചാം നമ്പറിലോ മൂന്നാം നമ്പറിലോ ഇറക്കുകയും ധോണി നേരത്തെ പുറത്താവുകയും ചെയ്തിരുന്നെങ്കില്‍ കളി അവിടെ തീരുമായിരുന്നുവെന്ന് രവി ശാസ്ത്രി

മുംബൈ: ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട്  ഇന്ത്യ തോറ്റപ്പോള്‍ ഏറെ വിമര്‍ശിക്കപ്പെട്ടത് ധോണിയെ ഏഴാമനായി ബാറ്റിംഗിനിറക്കാനുള്ള ടീം മാനേജ്മെന്റിന്റെ തീരുമാനമായിരുന്നു. ഋഷഭ് പന്തിനും ഹര്‍ദ്ദിക് പാണ്ഡ്യക്കും ശേഷമെത്തിയ ധോണി രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് ഇന്ത്യയെ വിജയത്തിന് അടുത്തെത്തിക്കുകയും ചെയ്തു.

തുടക്കത്തിലെ രോഹിത്തിനെയും രാഹുലിനെയും കോലിയെയും നഷ്ടമായപ്പോള്‍ ധോണിയെപ്പോലെ പിടിച്ചു നിന്ന് കളിക്കാനറിയാവുന്ന ബാറ്റ്സ്മാനെ അയക്കാതിരുന്നതാണ് വിമര്‍ശകര്‍ ആയുധമാക്കിയത്. എന്നാല്‍ ധോണിയെ ഏഴാമനായി ഇറക്കിയ തീരുമാനം ശരിയായിരുന്നുവെന്ന് തീര്‍ത്തു പറയുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച നേതൃത്വ സെമിനാറിലാണ് ശാസ്ത്രിയുടെ തുറന്നുപറച്ചില്‍.

ധോണിയെ അഞ്ചാം നമ്പറിലോ മൂന്നാം നമ്പറിലോ ഇറക്കുകയും ധോണി നേരത്തെ പുറത്താവുകയും ചെയ്തിരുന്നെങ്കില്‍ കളി അവിടെ തീരുമായിരുന്നുവെന്ന് രവി ശാസ്ത്രി പറഞ്ഞു. ധോണി ഏഴാമനായി ഇറങ്ങിയതുകൊണ്ടാണ് മത്സരം 48-ാം ഓവര്‍ വരെ നീണ്ടത്. ധോണിയുടെ ഏറ്റവും വലയി കരുത്തെന്താണെന്ന് വിമര്‍ശിക്കുന്നവര്‍ തന്നെ പറയട്ടെ. ധോണി ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരിലൊരാളാണ്. അപ്പോള്‍ പിന്നെ ധോണിയെ എവിടെയാണ് ഇറക്കേണ്ടത്. ടോപ് ഓര്‍ഡറിലാണോ ധോണി കളിക്കേണ്ടത്.

ജഡേജയുടെ ഇന്നിംഗ്സാണ് കളി തിരിച്ചത്. അതിമനോഹരമായൊരു ഇന്നിംഗ്സായിരുന്നു അത്. അതുവരെ നമ്മള്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. എന്നാല്‍ ജഡേജ നമ്മളെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നീട് ബാക്കിയുണ്ടായിരുന്നത് ധോണിയുടെ ഫിനിഷിംഗായിരുന്നു. ഇനി എത്ര പന്തുണ്ടെന്നും എത്ര സിക്സറുകള്‍ വേണമെന്നുമെല്ലാം ധോണിയുടെ കമ്പ്യൂട്ടര്‍ തലച്ചോറില്‍ കൃത്യമായി ഫീഡ് ചെയ്തുവെച്ചിട്ടുണ്ട്. അത് കൃത്യമായി നടപ്പാക്കാന്‍ അദ്ദേഹത്തിന് അറിയാം.

പക്ഷെ ആ അപ്രതീക്ഷിത റണ്ണൗട്ടില്‍ നമ്മള്‍ കളി കൈവിട്ടു. അതാണ് ക്രിക്കറ്റ്. 18 റണ്‍സിനാണ് നമ്മള്‍ തോറ്റത്. ധോണിക്ക് നേരിടാന്‍ പത്ത് പന്തുകളോളം ബാക്കി ഉണ്ടായിരുന്നു എന്നോര്‍ക്കണം. രണ്ടേ രണ്ട് സിക്സര്‍ വന്നാല്‍ പിന്നെ എട്ടു പന്തില്‍ എട്ടു റണ്‍സാവുമായിരുന്നു. പക്ഷെ അതിന് മുന്നെ ധോണി റണ്ണൗട്ടായി.

ആ തോല്‍വി ദഹിക്കാന്‍ അല്‍പം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു അത്. അഥില്‍ നിന്ന് ഞങ്ങള്‍ ഒരുപാട് പാഠം പഠിച്ചു. ഒരു ദിവസത്തോളം ഞങ്ങളാരും അധികം സംസാരിച്ചതുപോലുമില്ല. എന്നാല്‍ മുന്നോട്ടുപോവുക എന്നത് സ്വാഭാവികതയാണ്. അതാണ് ടീം ചെയ്തതും-രവി ശാസ്ത്രി പറഞ്ഞു.

click me!