
ലണ്ടൻ: ഒരു ദശകത്തോളം ഇന്ത്യൻ ടെസ്റ്റ് ടീമിലെ ഓള്‍ റൗണ്ടര്‍ സ്ഥാനത്ത് രവീന്ദ്ര ജഡേജയുണ്ട്. ജഡേജയും ആര്‍ അശ്വിനും ടെസ്റ്റില്‍ പന്തുകൊണ്ടു മാത്രമല്ല, ബാറ്റുകൊണ്ടും ഒട്ടേറെ വിജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. അശ്വിന്‍ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ടെസ്റ്റില്‍ നിന്ന് വിരമിച്ചതോടെ ഇന്ത്യൻ ടെസ്റ്റ് ടീമിലെ ഒരേയൊരു ഓള്‍ റൗണ്ടര്‍ സ്ഥാനത്ത് രവീന്ദ്ര ജഡേജ മാത്രമാണുള്ളത്. ഹാര്‍ദ്ദിക് പാണ്ഡ്യ ടെസ്റ്റില്‍ നിന്ന് വിട്ടു നിന്നതോടെ ഓള്‍ റൗണ്ടറെന്ന നിലയില്‍ ഇന്ത്യക്ക് പിന്നീട് പ്രതീക്ഷ നല്‍കിയത് നിതീഷ് കുമാര്‍ റെഡ്ഡിയാണ്.
ഓസ്ട്രേലിയയില്‍ സെഞ്ചുറി അടിച്ച് നിതീഷ് കുമാര്‍ വരവറിയിച്ചെങ്കിലും ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്ഥാനം ഇപ്പോഴും ഉറപ്പാക്കാനായിട്ടില്ല. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ഓള്‍ റൗണ്ട് പ്രതീക്ഷ മറ്റൊരു യുവതാരത്തിലാണെന്ന് വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യൻ പരിശീലകനായ രവി ശാസ്ത്രി. അത് ഓഫ് സ്പിന്നറായ വാഷിംഗ്ടണ്‍ സുന്ദറാണ്. 2021ല്‍ ഓസ്ട്രേലിയക്കെതിരായ ഗാബ ടെസ്റ്റില്‍ അരങ്ങേറിയ സുന്ദര്‍ ടെസ്റ്റ് ടീമില്‍ അശ്വിന്‍റെ പിന്‍ഗാമിയായാണ് വിലയിരുത്തപ്പെടുന്നത്. ഇതുവരെ കളിച്ച 11 ടെസ്റ്റില്‍ 545 റണ്‍സും 30 വിക്കറ്റുമാണ് സുന്ദറിന്‍റെ നേട്ടം. സുന്ദറിനെ ആദ്യം കണ്ടപ്പോള്‍ തന്നെ അവന്‍ ഇന്ത്യയുടെ ഓള്‍ റൗണ്ട് പ്രതീക്ഷയാണെന്ന് തനിക്ക് തിരിച്ചറിയാനായെന്ന് രവി ശാസ്ത്രി ഐസിസി അവലോകനത്തില്‍ പറഞ്ഞു. 25 വയസുമാത്രമുള്ള സുന്ദറിന് ടെസ്റ്റില്‍ ഇന്ത്യ കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടതാണെന്നും രവി ശാസ്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെ ടേണിംഗ് പിച്ചുകളില്‍ സുന്ദറിന് അപകടകാരിയാവാന്‍ കഴിയും. ന്യൂസിലന്‍ഡിനെതിരാ ടെസ്റ്റ് പരമ്പരയില്‍ അത് വ്യക്തമായതാണ്. ടീമിലെ സീനിയര്‍ സ്പിന്നര്‍മാരെപ്പോലും നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് അന്ന് സുന്ദര്‍ പുറത്തെടുത്തത്. രണ്ട് ടെസ്റ്റുകളില്‍ മാത്രം കളിച്ച സുന്ദര്‍ ആ പരമ്പരയില്‍ 16 വിക്കറ്റാണ് എറിഞ്ഞിട്ടത്. ബാറ്റിംഗില്‍ നിലവില്‍ എട്ടാമതായാണ് ക്രീസിലെത്തുന്നതെങ്കിലും സുന്ദറിന് ബാറ്റിംഗ് പ്രമോഷന്‍ നല്‍കാവുന്നതാണെന്ന് രവി ശാസ്ത്രി പറഞ്ഞു.
ബാറ്റിംഗില്‍ സ്വാഭാവിക പ്രകടനം നടത്താനാവുന്ന സുന്ദര്‍ എട്ടാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങേണ്ട താരമല്ലെന്നും അധികം വൈകാതെ സുന്ദറിനെ ബാറ്റിംഗ് ഓര്‍ഡറില്‍ ആറാം സ്ഥാനത്തൊക്കെ കാണാനാകുമെന്നു രവി ശസ്ത്രി പറഞ്ഞു. സാങ്കേതിക തികവുള്ള ബാറ്ററായ സുന്ദറിനെ വിദേശത്തും നല്ല രീതിയില്‍ ഉപയോഗിക്കാനാവുമെന്നും ശാസ്ത്രി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ജോ റൂട്ട്, ബെന്‍ സ്റ്റോക്സ്, ജാമി സ്മിത്ത് എന്നിവരുടെ ഉള്‍പ്പെടെ 22 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത സുന്ദര്‍ തിളങ്ങിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക