ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യ-ന്യൂസിലൻഡ് പരമ്പരയ്ക്ക് നാഗ്പൂരിൽ തുടക്കമാവുകയാണ്. ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ജിതേഷ് ശർമ്മ, നാഗ്പൂരിലെത്തിയ ഇന്ത്യൻ ടീമിനെയും സഞ്ജു സാംസണെയും സന്ദർശിച്ചത് ശ്രദ്ധേയമായി.
നാഗ്‌പൂർ: ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന പരീക്ഷണമെന്ന നിലയിൽ ഏറെ ഉറ്റുനോക്കപ്പെടുന്ന ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് നാളെ നാഗ്പൂരിൽ തുടക്കമാവുകയാണ്. നാഗ്പൂരിലെത്തിയ ഇന്ത്യൻ ടീം കടുത്ത പരിശീലനത്തിലാണ്. ഏകദിന പരമ്പരയിൽ 2-1 ന് പരാജയപ്പെട്ടതിന്‍റെ നിരാശ മറികടന്ന് ടി20 പരമ്പരയിൽ ആധിപത്യം സ്ഥാപിക്കാനാണ് സൂര്യകുമാർ യാദവും സംഘവും ലക്ഷ്യമിടുന്നത്. ലോകകപ്പ് തുടങ്ങാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ ടീം കോമ്പിനേഷൻ ഉറപ്പിക്കാൻ ഇന്ത്യയ്ക്ക് ഈ പരമ്പര നിർണ്ണായകമാണ്.
ജിതേഷ് ശർമ്മയുടെ സന്ദർശനം
ലോകകപ്പ് ടീമിൽ നിന്നും ഈ പരമ്പരയിൽ നിന്നും ഒഴിവാക്കപ്പെട്ട വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ്മ, സ്വന്തം നാടായ നാഗ്പൂരിലെത്തിയ ഇന്ത്യൻ ടീമിനെ സന്ദർശിച്ചു. ടീം ഹോട്ടലിലെത്തി മലയാളി താരം സഞ്ജു സാംസൺ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എന്നിവരുമായി അദ്ദേഹം സമയം ചെലവഴിച്ചു. സഞ്ജുവും ജിതേഷും തമ്മിലുള്ള സൗഹൃദ നിമിഷങ്ങളുടെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇരുവരും പരസ്പരം കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങൾ ക്രിക്കറ്റ് ആരാധകരെ ഏറെ സന്തോഷിപ്പിക്കുകയും ചെയ്തു.
പരമ്പരയുടെ സമ്മർദ്ദങ്ങളിലേക്ക് കടക്കുന്നതിന് മുൻപ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, റിങ്കു സിംഗ്, രവി ബിഷ്‌ണോയ് എന്നിവർ പെഞ്ച് കടുവാ സങ്കേതത്തിൽ കാട്ടുസഫാരി നടത്തി. മത്സരങ്ങൾക്ക് മുന്നോടിയായി മനസ്സ് ശാന്തമാക്കാനും ടീമിലെ ഐക്യം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സ്വകാര്യ സന്ദർശനമായിരുന്നു ഇത്.
ഹൃദയം തകര്‍ന്നുവെന്ന് ജിതേഷ്
അടുത്തമാസം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ ഇടമില്ലെന്ന കാര്യം അറിഞ്ഞത് ടീം പ്രഖ്യാപിച്ചപ്പോള്‍ മാത്രമാണെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ തുറന്നുപറഞ്ഞിരുന്നു. ലോകകപ്പ് ടീമില്‍ ഇടമില്ലെന്ന് അറിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നുവെന്നും ജിതേഷ് ശർമ ക്രിക് ട്രാക്കറിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ടീം പ്രഖ്യാപിക്കുന്നതുവരെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ നിന്ന് എന്നെ പുറത്താക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നെ ഒഴിവാക്കിയതിനുള്ള ചീഫ് സെലക്ടര്‍ പറഞ്ഞ വിശദീകരണത്തോട് പിന്നീട് ഞാന്‍ പൊരുത്തപ്പെട്ടു. കാരണം, അത് ന്യായമായ ഒരു കാരണമായി തോന്നി. അതിനുശേഷം പരിശീലകനുമായും സെലക്ടര്‍മാരുമായും ഞാന്‍ സംസാരിച്ചു. അവര്‍ പറഞ്ഞ കാരണങ്ങളോടും എനിക്ക് യോജിപ്പ് തോന്നി. അവര്‍ എന്നെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ച കാര്യത്തോട് ഞാന്‍ യോജിക്കുന്നുവെന്നും ജിതേഷ് പറഞ്ഞിരുന്നു.


