Ravi Shastri on Dhoni : 'അദ്ദേഹം മറ്റുള്ള എല്ലാവരില്‍ നിന്നും വ്യത്യസ്തന്‍'; ധോണിയെ കുറിച്ച് രവി ശാസ്ത്രി

By Web TeamFirst Published Jan 27, 2022, 4:21 PM IST
Highlights

പരിശീലകസ്ഥാനം രാജിവച്ച ശേഷം ശാസ്ത്രിയെ തേടി രണ്ട് ഐപിഎല്‍ ടീമുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇനിയും കോച്ചാവാനില്ലെന്ന് പറഞ്ഞ് അദ്ദേഹം പിന്മാറുകയായിരുന്നു.
 

ദുബായ്: ഇക്കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷമാണ് രവി ശാസ്ത്രി (Ravi Shastri) ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് നിന്നൊഴിഞ്ഞത്. ഇന്ത്യയുടെ മെന്ററായി എം എസ് ധോണിയും (MS Dhoni) കൂടെയുണ്ടായിരുന്നു. എന്നാല്‍ ടീം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താവുകയും ചെയ്തു. നേരത്തെ, ശാസ്ത്രിയുടെ പരിശീലനത്തില്‍ കീഴില്‍ ഒരുപാട് മത്സരങ്ങള്‍ ധോണി കളിക്കുകയും ചെയ്തിരുന്നു. അക്കാലഘട്ടത്തെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ ശാസ്ത്രി. 

മുന്‍ പാകിസ്ഥാന്‍ താരം താരം ഷൊയ്ബ് അക്തറിന്റെ (Shoaib Akhtar) യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ശാസ്ത്രി. ''ധോണിയെ പോലെ ഒരു വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല. അവിശ്വസനീയമാണ് ധോണിയുടെ പല കാര്യങ്ങളും. ഏത് സാഹചര്യമാണെങ്കില്‍ ധോണിക്ക് ഒരു കുലുക്കവും ഉണ്ടാവാറില്ല. അദ്ദേഹം ഡക്കായാല്‍, സെഞ്ചുറി നേടിയാന്‍, ലോകകപ്പ് ഉയര്‍ത്തിയാല്‍, ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായാല്‍.. ഇതൊന്നും ധോണിയെ ബാധിക്കുന്ന കാര്യമല്ല.''

''ഞാനൊരുപാട് താരങ്ങളെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇന്നേവരെ ധോണിയെ പോലെ ഒരാളെ കണ്ടിട്ടില്ല. ധോണിയുടെ കോണ്‍ടാക്റ്റ് നമ്പര്‍ പോലും എന്റെ മൊബൈലില്ല. ഞാനത് ഒരിക്കലും ചോദിച്ചിട്ടുമില്ല. കാരണം, എനിക്കറിയാം അദ്ദേഹം എപ്പോഴും മൊബൈല്‍ ഉപയോഗിക്കുന്ന വ്യക്തിയല്ലെന്ന്.'' ശാസ്ത്രി വിശദീകരിച്ചു. 

വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെ കുറിച്ചും ശാസ്ത്രി സംസാരിച്ചു. ''കോലി ധോണിയില്‍ നിന്ന് വ്യത്യസ്താണ്. ഗ്രൗണ്ടിലിറങ്ങിയാല്‍ അദ്ദേഹത്തിന് മത്സരിച്ചുകൊണ്ടേരിയിരിക്കണം. ബാക്കിയുള്ള ഒരു കാര്യത്തെ കുറിച്ചും കോലി ചിന്തിക്കില്ല. രോഹിത് തന്റെ കഴിവിനെ കുറിച്ച് ഇപ്പോവും പൂര്‍ണമായും അറിവില്ലാത്ത താരമാണ്.'' ശാസ്ത്രി വ്യക്തമാക്കി.

പരിശീലകസ്ഥാനം രാജിവച്ച ശേഷം ശാസ്ത്രിയെ തേടി രണ്ട് ഐപിഎല്‍ ടീമുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇനിയും കോച്ചാവാനില്ലെന്ന് പറഞ്ഞ് അദ്ദേഹം പിന്മാറുകയായിരുന്നു.

click me!