'ഷൂലേസ് കെട്ടാന്‍ പോലുമറിയാത്തവര്‍'; ധോണി വിമര്‍ശകരുടെ വായടപ്പിച്ച് രവി ശാസ്‌ത്രി

By Web TeamFirst Published Oct 26, 2019, 2:25 PM IST
Highlights

15 വര്‍ഷം ടീമിനായി കളിച്ച താരത്തിന് ഉചിതമായ തീരുമാനം എപ്പോള്‍ എടുക്കണമെന്ന് അറിയാമെന്നും രവി ശാസ്‌ത്രി

മുംബൈ: എം എസ് ധോണി വിരമിക്കാറായെന്ന് മുറവിളി കൂട്ടുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്‌ത്രി. സ്വന്തം ഷൂലേസ് കെട്ടാനറിയാത്തവരാണ് ധോണിയെ വിമര്‍ശിക്കുന്നതെന്ന് ശാസ്‌ത്രി വിമര്‍ശിച്ചു. 

ധോണി രാജ്യത്തിനായി നേടിയ നേട്ടങ്ങള്‍ നോക്കൂ. എന്തിനാണ് അദേഹത്തെ യാത്രയാക്കാന്‍ കുറേപ്പേര്‍ തിടുക്കം കൂട്ടുന്നത്. ധോണി വൈകാതെ വിരമിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. അത് സംഭവിക്കുമ്പോള്‍ സംഭവിക്കട്ടെ. ധോണിക്കെതിരായ വിമര്‍ശനങ്ങള്‍ അദേഹത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. 15 വര്‍ഷം ടീമിനായി കളിച്ച താരത്തിന് ഉചിതമായ തീരുമാനം എപ്പോള്‍ എടുക്കണമെന്ന് അറിയാമെന്നും രവി ശാസ്‌ത്രി പറഞ്ഞു.

ഇന്ത്യയുടെ ടി20 ലോകകപ്പ് തയ്യാറെടുപ്പുകളെക്കുറിച്ച് ശാസ്‌ത്രി

"അടുത്ത രണ്ട് വര്‍ഷം ശ്രദ്ധ ടി20യിലാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന സാഹചര്യത്തില്‍ ടെസ്റ്റ് ക്രിക്കറ്റും എപ്പോഴും പരിഗണനയിലുണ്ട്. 2020ലും 2021ലും ടി20 ലോകകപ്പുകളുണ്ട്. ടി20യില്‍ കഴിവുള്ള താരങ്ങള്‍ അനേകമുണ്ട്. അതില്‍ നിന്ന് മികച്ച സംഘത്തെ സൃഷ്ടിക്കാനാണ് ശ്രമം. യുവ താരങ്ങള്‍ക്ക് അര്‍ഹമായ പ്രധാന്യം ടീമില്‍ നല്‍കും. പുതിയ സെലക്‌ടര്‍മാര്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ അവരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. 

താരപ്പകിട്ടിന് അനുസരിച്ചല്ല ടി20 ടീം തെരഞ്ഞെടുപ്പ് എന്ന് നേരത്തെ പറഞ്ഞുകഴിഞ്ഞു. ടി20 ടീമിന്‍റെ കാര്യത്തില്‍ വേറിട്ട സമീപനമാണ് തങ്ങള്‍ക്കുള്ളത്. ഏകദിന ടീമിലെ നാലഞ്ച് താരങ്ങളില്‍ കൂടുതല്‍ ടി20 ടീമില്‍ സ്ഥിരം സാന്നിധ്യമാകുമെന്ന് കരുതുന്നില്ല. മികച്ച കോമ്പിനേഷന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്"- രവി ശാസ്‌ത്രി പറഞ്ഞു.

click me!