പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയും സംഘവും പരിശീലനത്തിന് എത്തുന്നതിന് തൊട്ടുമുൻപാണ് പാമ്പ് പ്രത്യക്ഷപ്പെട്ടത്. ഗ്രൗണ്ട് സ്റ്റാഫെത്തി പാമ്പിനെ ഒരു പ്ലാസ്റ്റിക് കവറിനുള്ളിലേക്ക് കയറ്റുന്ന വീഡിയോ ആണ് പുറത്തുവന്നത്.
കൊളംബോ: ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ടി20 ലോകകപ്പ് ആവേശത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ പാക് ടീമിൽ പരിഭ്രാന്തി പരത്തി പാമ്പ്. പാകിസ്ഥാൻ ടീമിന്റെ ഡഗൗട്ടിന് സമീപമാണ് ഭീമാകാരനായ പാമ്പിനെ കണ്ടെത്തിയത്. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഞായറാഴ്ച നടക്കുന്ന മത്സരത്തിന് മുന്നോടിയായി പാകിസ്ഥാൻ ടീം പരിശീലനത്തിന് എത്തുന്നതിന് തൊട്ടുമുൻപാണ് സംഭവം. മത്സരത്തിന് മുന്നോടിയായി ഗ്രൗണ്ട് ഒരുക്കുന്നതിനിടെയാണ് പാക് താരങ്ങൾ ഇരിക്കുന്ന ഡഗൗട്ടിന് തൊട്ടടുത്തായി ഒരു വലിയ പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് സ്റ്റാഫിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അതീവ ജാഗ്രതയോടെ സ്റ്റാഫ് പാമ്പിനെ പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയും സംഘവും പരിശീലനത്തിന് എത്തുന്നതിന് തൊട്ടുമുൻപാണ് പാമ്പ് പ്രത്യക്ഷപ്പെട്ടത്. ഗ്രൗണ്ട് സ്റ്റാഫെത്തി പാമ്പിനെ ഒരു പ്ലാസ്റ്റിക് കവറിനുള്ളിലേക്ക് കയറ്റുന്ന വീഡിയോ ആണ് പുറത്തുവന്നത്. പിടികൂടിയ പാമ്പിനെ വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെന്റിന് കൈമാറുമെന്ന് സ്റ്റേഡിയം അധികൃതർ അറിയിച്ചു. ഇത് വിഷമില്ലാത്ത ഇനമാണെന്നും ആശങ്കപ്പെടാനില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പ്രേമദാസ സ്റ്റേഡിയത്തിൽ പാമ്പ് പ്രത്യക്ഷപ്പെടുന്നത് ഇത് ആദ്യമായല്ല. ലങ്ക പ്രീമിയർ ലീഗ് മത്സരങ്ങൾക്കിടയിലും നേരത്തെ പാമ്പ് ഗ്രൗണ്ടിൽ ഇറങ്ങി കളി തടസപ്പെടുത്തിയിട്ടുണ്ട്.നാളത്തെ മത്സരത്തിൽ ആയിരക്കണക്കിന് ആരാധകരാണ് ഗാലറിയിലേക്ക് ഒഴുകിയെത്തുന്നത്. സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ ഉണ്ടായ ഈ സംഭവം ആരാധകർക്കിടയിൽ ചെറിയ ആശങ്കയുണ്ടാക്കിയെങ്കിലും ഗ്രൗണ്ട് സ്റ്റാഫിന്‍റെ സന്ദർഭോചിതമായ ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കി. നാളെ നടക്കാനിരിക്കുന്ന മത്സരത്തിൽ കൊളംബോയിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ വരുന്നതിനിടിയാണ് ആരാധകരെ ആശങ്കയിലാഴ്ത്തി പാമ്പിനെ കണ്ട വാര്‍ത്തയും വരുന്നത്.
