പൗരത്വ നിയമ ഭേദഗതി: നിലപാട് വ്യക്തമാക്കി രവി ശാസ്ത്രി

By Web TeamFirst Published Jan 9, 2020, 8:26 PM IST
Highlights

ഇന്ത്യന്‍ ടീമില്‍ പല മതക്കാരും ജാതിയിലുള്ളവരുമുണ്ട്. പക്ഷെ ആത്യന്തികമായി എല്ലാവരും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരനെപ്പോലെ ചിന്തിച്ചാല്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ഇതില്‍ നിങ്ങള്‍ക്ക് കാണാനാവും. സര്‍ക്കാര്‍ എല്ലാവശങ്ങളും പരിഗണിച്ചിട്ടുണ്ടാവും

മുംബൈ: നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി. സിഎന്‍എന്‍ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് ശാസ്ത്രി പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് രംഗത്തെത്തിയത്.

പ്രതിഷേധവുമായി രംഗത്തെത്തുന്നവര്‍ ഇന്ത്യക്കാരനെപ്പോലെ ചിന്തിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനെ വിശ്വസിക്കണമെന്നും ശാസ്ത്രി പറഞ്ഞു. 18 വയസു മുതല്‍ ഞാന്‍ ഇന്ത്യക്കായി കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്കാരനെപ്പോലെ ചിന്തിക്കാനെ എനിക്കാവു. ആളുകളോട് എനിക്ക് പറയാനുള്ളത്. കുറച്ചു കൂടി ക്ഷമിക്കണമെന്നാണ്. കാരണം, ദീര്‍ഘകാല അടിസ്ഥാനത്തില്‍ നോക്കിയാല്‍ പൗരത്വ നിയമ ഭേദഗതിയില്‍ ഒരുപാട് നല്ല കാര്യങ്ങളടങ്ങിയിട്ടുണ്ട്. ഇന്ത്യക്കാരനായി ചിന്തിക്കു, അല്ലാതെ ഞാനതാണ്, ഞാനിതാണ് എന്ന് ചിന്തിക്കാതിരിക്കു.

ഇന്ത്യന്‍ ടീമില്‍ പല മതക്കാരും ജാതിയിലുള്ളവരുമുണ്ട്. പക്ഷെ ആത്യന്തികമായി എല്ലാവരും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരനെപ്പോലെ ചിന്തിച്ചാല്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ഇതില്‍ നിങ്ങള്‍ക്ക് കാണാനാവും. സര്‍ക്കാര്‍ എല്ലാവശങ്ങളും പരിഗണിച്ചിട്ടുണ്ടാവും. നിയമത്തില്‍ ചെറിയ മാറ്റങ്ങള്‍ വേണമെങ്കില്‍ സര്‍ക്കാര്‍ അതിന് തയാറാവുമെന്ന് എനിക്കുറപ്പുണ്ട്. ഇന്ത്യക്കാരുടെ ക്ഷേമത്തിനായി, ഇന്ത്യയുടെ ക്ഷേമത്തിനായി ഇന്ത്യക്കാരനെന്ന നിലയില്‍ പറയുകയാണ് ഞാന്‍-ശാസ്ത്രി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയെ കുറിച്ച്  പ്രതികരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യന്‍ നായകനായ വിരാട് കോലി നേരത്തെ ഒഴിഞ്ഞ് മാറിയിരുന്നു. നിയമത്തെക്കുറിച്ചും വിമര്‍ശനങ്ങളെക്കുറിച്ചും ശരിക്കും പഠിച്ചശേഷം പ്രതികരിക്കാമെന്നായിരുന്നു കോലിയുടെ പ്രതികരണം. നിയമത്തെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയില്ലെന്നും അതുകൊണ്ടുതന്നെ ഉത്തരവാദിത്തമില്ലാത്ത പ്രതികരണത്തിനില്ലെന്നും കോലി പറഞ്ഞിരുന്നു.

click me!