ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ നഷ്ടമാവാനുള്ള കാരണം തുറന്നുപറഞ്ഞ് രവി ശാസ്ത്രി

By Gopalakrishnan CFirst Published Jul 25, 2022, 5:27 PM IST
Highlights

ടോപ് സിക്സില്‍ ബൗള്‍ ചെയ്യാന്‍ കഴിയുന്നൊരു ഓള്‍ റൗണ്ടര്‍ വേണമെന്ന് ഞാനെപ്പോഴും പറയാറുണ്ട്. ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെ അത്തരമൊരു കളിക്കാരനെ കണ്ടെത്താന്‍ കഴിയാതിരുന്നത് വലിയ പ്രശ്നമായിരുന്നു. അതിന് ഇന്ത്യ രണ്ട് ലോകകപ്പുകളിലെങ്കിലും വലിയ വില കൊടുക്കേണ്ടിവന്നു.

മുംബൈ: ധോണിക്ക് കീഴില്‍ 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ശേഷം മറ്റൊരു ലോകകപ്പില്‍ ഇന്ത്യക്ക് മുത്തമിടാനായിട്ടില്ല. 2015ലെ ഏകദിന ലോകകപ്പിലും 2016ലെ ടി20 ലോകകപ്പിലും സെമിയിലെത്തി. 2019ലെ ഏകദിന ലോകകപ്പിലും സെമി കടമ്പ കടക്കാതെ ഇന്ത്യ പുറത്തായി. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിലാകട്ടെ ഗ്രൂപ്പ് ഘട്ടം കടക്കാന്‍ പോലും ഇന്ത്യക്കായതുമില്ല.

ഇതിനിടെ ഇന്ത്യക്ക് രണ്ട് ലോകകപ്പുകളെങ്കിലും നഷ്ടമാവാനുള്ള കാരണം തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ പരിശലകനായ രവി ശാസ്ത്രി. ടോപ് ഓര്‍ഡറില്‍ ആദ്യ ആറുപേരില്‍ ബൗള്‍ ചെയ്യാന്‍ കഴിയുന്ന ഒരാള്‍ പോലുമില്ലാത്തതാണ് ഇന്ത്യക്ക് രണ്ട് ലോകകപ്പുകളെങ്കിലും നഷ്ടമാക്കിയതെന്ന് രവി ശാസ്ത്രി ഫാന്‍കോഡിനോട് പറഞ്ഞു.

ധോണി സ്റ്റൈല്‍ ഫിനിഷിംഗ് മാത്രമല്ല, ധോണിയെയും പിന്നിലാക്കി അക്സറിന്‍റെ സിക്സര്‍

ടോപ് സിക്സില്‍ ബൗള്‍ ചെയ്യാന്‍ കഴിയുന്നൊരു ഓള്‍ റൗണ്ടര്‍ വേണമെന്ന് ഞാനെപ്പോഴും പറയാറുണ്ട്. ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെ അത്തരമൊരു കളിക്കാരനെ കണ്ടെത്താന്‍ കഴിയാതിരുന്നത് വലിയ പ്രശ്നമായിരുന്നു. അതിന് ഇന്ത്യ രണ്ട് ലോകകപ്പുകളിലെങ്കിലും വലിയ വില കൊടുക്കേണ്ടിവന്നു. ടോപ് സിക്സില്‍ ഒരാള്‍ പോലും ബൗള്‍ ചെയ്യാനില്ലാ എന്നത് ഇന്ത്യക്ക് വലിയ ബാധ്യതയായിരുന്നു. സെലക്ടര്‍മാരോടും ഇക്കാര്യം പറഞ്ഞിരുന്നു. ആരെങ്കിലുമുണ്ടോ എന്ന്. പക്ഷെ, ആരെയും കണ്ടെത്താനായില്ലെന്നും ശാസ്ത്രി പറഞ്ഞു.

2018ലെ ഏഷ്യാ കപ്പിനിടെ നടുവിന് പരിക്കേറ്റ ഹാര്‍ദ്ദിക് പാണ്ഡ്യ പിന്നീട് പലപ്പോഴും ടീമില്‍ സ്ഥിര സാന്നിധ്യമായിരുന്നില്ല. 2019ലെ ഏകദിന ലോകകപ്പില്‍ ബൗള്‍ ചെയ്യാന്‍ കഴിയുന്ന ബാറ്ററെന്ന നിലയില്‍ സെലക്ടര്‍മാര്‍ വിജയ് ശങ്കറെയാണ് ടീമിലെടുത്തത്. അംബാട്ടി റായുഡുവിന് പകരം വിജയ് ശങ്കറെ ത്രീ ഡി പ്ലേയര്‍ എന്ന നിലയില്‍ ടീമിലെടുത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു.

'സഞ്ജു കിടിലന്‍ താരം, കൂടുതല്‍ അവസരങ്ങള്‍ കൊടുക്കൂ, തകര്‍ത്ത് കളിക്കും'; ആവശ്യപ്പെട്ട് പാക് മുന്‍താരം

കഴിഞ്ഞ ടി20 ലോകകപ്പില്‍ ഹാര്‍ദ്ദിക് കളിച്ചെങ്കിലും പന്തെറിയാനുള്ള ശാരീരികക്ഷമതയുണ്ടായിരുന്നില്ല. തുടര്‍ന്ന് പല മത്സരങ്ങളിലും ബാറ്ററായാണ് ഹാര്‍ദ്ദിക് കളിച്ചത്. പിന്നീട് കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ നായകനായ ഹാര്‍ദ്ദിക് ടീമിന് കിരീടം സമ്മാനിച്ചിരുന്നു. ഐപിഎല്ലിലെ പ്രകടനമികവിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ പാണ്ഡ്യ ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരകളില്‍ തിളങ്ങുകയും ചെയ്തു.

click me!