ആരെ പുറത്തിരുത്തിയാലും വേണ്ടാ, ആ താരം ടി20 ലോകകപ്പ് ടീമിലുണ്ടാവണം; ശക്തമായി വാദിച്ച് രവി ശാസ്‌ത്രി

By Jomit JoseFirst Published Aug 8, 2022, 12:37 PM IST
Highlights

ഏഷ്യാ കപ്പില്‍ മാത്രമല്ല, താരത്തെ വരാനിരിക്കുന്ന ടി20 ലോകകപ്പിലും ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമായിക്കഴിഞ്ഞു

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള(Asia Cup 2022) ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കുമ്പോള്‍ ഉറപ്പായും പേസര്‍ അര്‍ഷ്‌ദീപ് സിംഗിന്‍റെ(Arshdeep Singh) പേരുണ്ടാവണം എന്ന വാദം ശക്തമാണ്. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടി20 പരമ്പരയിലെ മികച്ച താരമായി അര്‍ഷ്‌ദീപ് തെരഞ്ഞെടുക്കപ്പെട്ടത് തന്നെ ഇതിന് കാരണം. ഏഷ്യാ കപ്പില്‍ മാത്രമല്ല, താരത്തെ വരാനിരിക്കുന്ന ടി20 ലോകകപ്പിലും ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമായിക്കഴിഞ്ഞു. ഇക്കാര്യം ഒന്നുകൂടി കടുപ്പിച്ച് പറയുകയാണ് ഇന്ത്യന്‍ മുന്‍ മുഖ്യ പരിശീലകന്‍ രവി ശാസ്‌ത്രി(Ravi Shastri). 

'ഞാനാണെങ്കില്‍ ആരാണ് പുറത്തിരിക്കുന്നത് എന്നുപോലും പരിഗണിക്കാതെ അര്‍ഷ്‌ദീപ് സിംഗിനെ ടീമിലുള്‍പ്പെടുത്തും. മൂന്ന് വലംകൈയന്‍ പേസര്‍മാര്‍ക്കൊപ്പം ഒരു ഇടംകൈയന്‍ പേസറെയാണ് ഞാന്‍ തെരഞ്ഞെടുക്കുക. ജസ്‌പ്രീത് ബുമ്രയും ഭുവനേശ്വര്‍ കുമാറും ഉറപ്പായുമുണ്ടാവും. ഒരുപക്ഷേ മുഹമ്മദ് ഷമിയും ലോകകപ്പ് സ്‌ക്വാഡിലെത്തും. ഓസ്‌ട്രേലിയയില്‍ സാധാരണയായി ഇടംകൈയന്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കാറുണ്ട്. ബൗണ്‍സും അര്‍ഷ്‌ദീപിന്‍റെ ആംഗിളും ഇന്ത്യന്‍ പേസാക്രമണത്തിന് പറ്റിയതാക്കുന്നു' എന്നും രവി ശാസ്‌ത്രി ഫാന്‍‌ കോഡില്‍ പറഞ്ഞു. 

ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിസിസിഐ സെലക്‌ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷമാകും ഇത്. യോഗത്തില്‍ അമേരിക്കയില്‍ നിന്ന് ഓണ്‍ലൈനായി നായകന്‍ രോഹിത് ശര്‍മ്മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും പങ്കുചേരും. 

ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായോ സ്‌പെഷ്യലിസ്റ്റ് ബാറ്ററായോ മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍ ഇടംപിടിക്കുമോ എന്നതും ആകാംക്ഷ സൃഷ്‌ടിക്കുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറെ നിര്‍ണായകമായ അഞ്ചാം ടി20യില്‍ സഞ്ജുവിന് തിളങ്ങാനാവാതെ പോയതാണ് വലിയൊരു ആശങ്ക. മത്സരത്തില്‍ 11 പന്തില്‍ 15 റണ്‍സേ സഞ്ജുവിന് കണ്ടെത്താനായുള്ളൂ. ശക്തമായ മത്സരമാണ് ഏഷ്യാ കപ്പ് ടീമിലേക്കുള്ള പോരാട്ടത്തില്‍ സഞ്ജു നേരിടുന്നത്. സീനിയര്‍ ബാറ്റര്‍മാരായ വിരാട് കോലിയും കെ എല്‍ രാഹുലും ഇന്ത്യന്‍ ടീമിലേക്ക് ഏഷ്യാ കപ്പിലൂടെ തിരിച്ചെത്തുമെന്ന് ഉറപ്പാണ്. ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ തുടങ്ങിയ താരങ്ങളും സഞ്ജുവിനൊപ്പം മത്സരരംഗത്തുണ്ട്.

സഞ്ജു കാണുമോ സ്‌ക്വാഡില്‍, സാധ്യതകള്‍ ഇങ്ങനെ; ഏഷ്യാ കപ്പ് ടീം പ്രഖ്യാപനം ഇന്ന്

click me!